വിപണി പിടിക്കാന്‍ എസ്‌യുവികള്‍ കൂട്ടത്തോടെ

വിപണി പിടിക്കാന്‍ എസ്‌യുവികള്‍ കൂട്ടത്തോടെ

റെനോ കാപ്ചറും സ്‌കോഡ കോഡിയാക്കും ഉടന്‍ പുറത്തിറക്കും 

ന്യൂ ഡെല്‍ഹി : ഈ ഉത്സവ സീസണില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെ എണ്ണം കണ്ട് കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ ആകെ കണ്‍ഫ്യൂഷനിലായേക്കും. ധാരാളം എസ്‌യുവി ഓപ്ഷനുകളാണ് വിപണിയില്‍ കാത്തിരിക്കുന്നത്. അര ഡസനിലധികം എസ്‌യുവികളാണ് ഈ ഉത്സവ കാലത്ത് ഇന്ത്യയില്‍ അവതരിപ്പിക്കുക.
ചില എസ്‌യുവികള്‍ റിഫ്രഷ് ചെയ്ത് പുറത്തിറക്കുന്നതാണെങ്കില്‍ സ്‌കോഡ കോഡിയാക്ക്, ടാറ്റ നെക്‌സോണ്‍, റെനോ കാപ്ചര്‍ തുടങ്ങിയവ പൂര്‍ണ്ണമായും പുതിയ ഉല്‍പ്പന്നങ്ങളാണ്. ഉത്സവ സീസണില്‍ വില്‍പ്പന 12-15 ശതമാനം വര്‍ധിക്കുമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഈ അവസരം പൂര്‍ണ്ണമായും മുതലെടുക്കാനാണ് തീരുമാനം.

ക്രോസ്ഓവര്‍ ഡിസൈനിലുള്ള റെനോ കാപ്ചര്‍ എന്ന പ്രീമിയം എസ്‌യുവി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ അനാവരണം ചെയ്തുകഴിഞ്ഞു. കാപ്ചറിന്റെ ഉല്‍പ്പാദനം ആരംഭിച്ച റെനോ, ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 25,000 രൂപ നല്‍കി റെനോ കാപ്ചര്‍ ബുക്ക് ചെയ്യാം.

മോഡല്‍ പുറത്തിറക്കുന്ന                                                                തിയ്യതി                                                     പ്രതീക്ഷിക്കുന്ന വില 
ടാറ്റ നെക്‌സോണ്‍                                                                             സെപ്റ്റം 21                                                              5.85-9.45 ലക്ഷം രൂപ
മാരുതി സുസുകി എസ് ക്രോസ്                                               സെപ്റ്റം 28                                                            8.5-11.67 ലക്ഷം രൂപ
സ്‌കോഡ കോഡിയാക്ക്                                                               ഒക്ടോ മധ്യം                                                        26-33 ലക്ഷം രൂപ
റെനോ കാപ്ചര്‍                                                                             ഒക്ടോ മധ്യം                                                         11-15 ലക്ഷം രൂപ
ഔഡി ക്യു7 പെട്രോള്‍                                                                  സെപ്റ്റം 4                                                                67.76 ലക്ഷം രൂപ
റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം                                                സെപ്റ്റം 20                                                             10.90 ലക്ഷം രൂപ
ടൊയോട്ട ഫോര്‍ച്യൂണര്‍ സ്‌പോര്‍ട്ടിവോ                            സെപ്റ്റം 22                                                           31.01 ലക്ഷം രൂപ
മഹീന്ദ്ര ടിയുവി300 ടി10                                                                സെപ്റ്റം 22                                                          9.75 ലക്ഷം രൂപ
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി                                                         നവം                                                                    68.05 ലക്ഷം രൂപ

ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എസ്‌യുവി വില്‍പ്പന സവിശേഷമായ രീതിയിലാണ് വളരുന്നതെന്ന് റെനോ ഇന്ത്യാ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ ആന്‍ഡ് എംഡി സുമിത് സാഹ്നി പറഞ്ഞു. അതിവേഗം വളരുന്ന സെഗ്‌മെന്റായി എസ്‌യുവി സെഗ്‌മെന്റ് മാറിക്കഴിഞ്ഞു. ആഗോളതലത്തില്‍ വിജയകരമായ പ്രീമിയം എസ്‌യുവിയാണ് റെനോ കാപ്ചര്‍. റെനോ കാപ്ചറിന്റെ അത്യാകര്‍ഷകമായ എക്‌സ്പ്രസ്സീവ് ഡിസൈന്‍, ക്ലാസ്സ്-ലീഡിംഗ് ഫീച്ചറുകള്‍, ഉയര്‍ന്ന തലത്തിലുള്ള പേഴ്‌സണലൈസേഷന്‍ എന്നിവ വ്യാപക പ്രശംസ പിടിച്ചുപറ്റിയതാണ്.

ഉത്സവ സീസണില്‍ വില്‍പ്പന 12-15 ശതമാനം വര്‍ധിക്കുമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്  

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയിരുന്നു. 5.85 ലക്ഷത്തിനും 9.45 ലക്ഷം രൂപയ്ക്കുമിടയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നെക്‌സോണ്‍ അവതരിപ്പിക്കുന്നതിലൂടെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഒന്നാമതെത്തുകയാണ് ലക്ഷ്യമെന്ന് ടാറ്റ മോട്ടോഴ്‌സ് എംഡി ഗുന്ദര്‍ ബുഷെക് വ്യക്തമാക്കിയിരുന്നു.

ക്രോസ്ഓവര്‍ മോഡലായ എസ് ക്രോസിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ് മാരുതി സുസുകി. ഈ മാസം 28 മുതല്‍ എസ് ക്രോസ് ഫേസ്‌ലിഫ്റ്റിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7.94 ലക്ഷത്തിനും 11.66 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രീമിയം എസ്‌യുവി സെഗ്‌മെന്റില്‍ സ്‌കോഡ കോഡിയാക്കും റേഞ്ച് റോവര്‍ വെലാറും അടുത്ത മാസം അവതരിപ്പിക്കും. സൂപ്പര്‍ബ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച കോഡിയാക്ക് സെവന്‍ സീറ്ററാണ്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും അവരവരുടെ ചില മോഡലുകളുടെ ഫേസ്‌ലിഫ്റ്റുകള്‍ അവതരിപ്പിക്കും. ഇന്ധന വില വര്‍ധിച്ചിരിക്കുന്ന സമയത്തും ജിഎസ്ടി സെസ്സ് വര്‍ധന ചില വിഭാഗം കാറുകളുടെ വില വര്‍ധിപ്പിച്ച സമയത്തുമാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്.


Comments

comments

Categories: Auto