ഇലക്ട്രിക് കാറുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ സ്മാര്‍ട്ട് റോഡുകള്‍

ഇലക്ട്രിക് കാറുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ സ്മാര്‍ട്ട് റോഡുകള്‍

ഒരു കിലോമീറ്റര്‍ ദൂരത്തുനിന്ന് ഒന്നോ രണ്ടോ മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ

ലണ്ടന്‍ : പാതകളുടെ ഉപരിതലത്തില്‍ വിരിക്കാന്‍ കഴിയുന്ന ‘സ്മാര്‍ട്ട് മെറ്റീരിയല്‍’ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ ഒരു സംഘം ഗവേഷകര്‍. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വൈബ്രേഷനില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. വഴിവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഈ വൈദ്യുതി ഉപയോഗിക്കാമെന്നുമാത്രമല്ല, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്ക് വിതരണം ചെയ്യുകയുമാവാം.

ഒരു കിലോമീറ്റര്‍ ദൂരത്തുനിന്ന് ഒന്നോ രണ്ടോ മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്. റോഡിലൂടെ മണിക്കൂറില്‍ 2,000-3,000 വാഹനങ്ങള്‍ കടന്നുപോകണമെന്നുമാത്രം. അങ്ങനെയെങ്കില്‍ രണ്ടായിരം മുതല്‍ നാലായിരം വരെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഈ വൈദ്യുതി മതിയാകും. പീസോലെക്ട്രിക് സെറാമിക്‌സ് പോലുള്ള സ്മാര്‍ട്ട് മെറ്റീരിയല്‍ നിര്‍മ്മിക്കുന്ന പരിശ്രമത്തിലാണ് തങ്ങളെന്ന് ഗവേഷകര്‍ പറഞ്ഞു. സ്മാര്‍ട്ട് റോഡ് പ്രതലങ്ങള്‍ സൃഷ്ടിക്കാനാണ് ഗവേഷണം പുരോഗമിക്കുന്നതെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മുഹമ്മദ് സാഫി പറഞ്ഞു.

പീസോലെക്ട്രിക് സെറാമിക്‌സ് പോലുള്ള സ്മാര്‍ട്ട് മെറ്റീരിയല്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്ന് ഗവേഷകര്‍

വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ ശക്തമായ മര്‍ദ്ദം സൃഷ്ടിക്കപ്പെടും. ഈ മര്‍ദ്ദം വൈദ്യുതിയായി രൂപാന്തരപ്പെടുത്താനുള്ള പുതിയ മെറ്റീരിയലാണ് വികസിപ്പിക്കുന്നത്. പീസോലെക്ട്രിക് പ്രഭാവത്തിലൂടെ വോള്‍ട്ടേജ് ഉല്‍പ്പാദിപ്പിക്കപ്പെടും. വലിയ മര്‍ദ്ദം നേരിടാന്‍ കഴിയുന്നതാവും നിര്‍മ്മിക്കുന്ന വസ്തുവെന്നും ഈ മെറ്റീരിയലിന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയേക്കാള്‍ വില കുറവായിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മുഹമ്മദ് സാഫി പറഞ്ഞു.

Comments

comments

Categories: Auto