സര്‍ദാര്‍ സരോവര്‍ ഡാം ഓര്‍മിപ്പിക്കുന്നത്

സര്‍ദാര്‍ സരോവര്‍ ഡാം ഓര്‍മിപ്പിക്കുന്നത്

തറക്കല്ലിട്ട് 56 വര്‍ഷത്തിന് ശേഷം ഉദ്ഘാടനം ചെയ്യപ്പെട്ട സര്‍ദാര്‍ സരോവര്‍ ഡാം നമ്മുടെ ഭരണാധിപന്‍മാരെ ഓര്‍മിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. കാര്യശേഷിയുടെയും ഇച്ഛാശക്തിയുടെയും പാഠമാണ് അതില്‍ പ്രധാനം

വലിയ ആഘോഷത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച്ച ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം ചെയ്തത്. 1.2 കിലോമീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമുള്ള നര്‍മദാ ഡാമിന് 56 വര്‍ഷം മുമ്പായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ടത്. ഡാമിന്റെ സംഭരണശേഷി 4.73 ദശലക്ഷം ഘനമീറ്റര്‍ ആണ്. അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ ഏറ്റവും വലിയ ഡാമാണിത്. ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവ് നോക്കിയാല്‍ സ്ഥാനം നമ്പര്‍ വണ്‍. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് അണക്കെട്ടില്‍ നിന്ന് കനാലുകളിലൂടെ ജലസേചനത്തിനായി വെള്ളമെത്തും.

ഗുജറാത്തിലെ പകുതിയോളം (9,633) ഗ്രാമങ്ങളിലേക്കും 131 പട്ടണങ്ങളിലേക്കും കനാല്‍ ശൃംഖലയിലൂടെ നര്‍മദാജലം ഒഴുകിയെത്തും. മഹാരാഷ്ട്രയിലെ 37,500 ഹെക്റ്റര്‍ ആദിവാസി മലയോര ഭൂമിയിലും ജലമെത്തിക്കും. രാജസ്ഥാന്‍ മരുഭൂമിയിലെ തന്ത്രപ്രധാനമായ ബാര്‍മര്‍, ജലോര്‍ ജില്ലകളിലെ 2,46,000 ഹെക്റ്റര്‍ ഭൂമിയിലെ ജലസേചനവും പദ്ധതിയിലുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്‌നമായ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ നിര്‍മിക്കുന്നതും ഈ സംഭരണിക്കകത്താണ്. മോദിയുടെ ആരാധ്യപുരുഷന്‍മാരിലൊരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേതാണ് ലോകത്തിലെ വലിയ പ്രതിമയെന്ന വിശേഷണത്തോടെ ഉയരുന്നത്.

ഇത്തരത്തിലുള്ള അണക്കെട്ടിനെ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ എന്‍ജിനീയറിംഗിലെ അല്‍ഭുതം എന്നായിരുന്നു വിശേഷിപ്പിച്ചത്.

1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള രണ്ടു ഊര്‍ജ നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്. ഇതിനകം ഇവിടെ 4141 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അണക്കെട്ടില്‍ നിന്നും 16,000 കോടിയിലേറെ രൂപയുടെ വരുമാനം നേടിയതായാണു സര്‍ക്കാരില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. ഇത്തരത്തിലുള്ള അണക്കെട്ടിനെ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ എന്‍ജിനീയറിംഗിലെ അല്‍ഭുതം എന്നായിരുന്നു വിശേഷിപ്പിച്ചത്. സംഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എന്തുകൊണ്ട് ഇത്തരത്തിലൊരു പദ്ധതി പൂര്‍ത്തിയാകാന്‍ 56 വര്‍ഷങ്ങളെടുത്തു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.

ബിഹാറില്‍ ഗംഗയ്ക്ക് കുറുകെ ഉയര്‍ന്ന ഡാമിന് തറക്കല്ലിട്ടത് 1977ല്‍ ആയിരുന്നു, പദ്ധതി പൂര്‍ത്തിയാകുന്നത് ഇപ്പോഴും. ഇതുപോലെയാണ് പല സര്‍ക്കാര്‍ പദ്ധതികളുടെയും അവസ്ഥ. ഇത്രയും കാലതാമസമെടുക്കുന്നതിലൂടെ ഒരു പദ്ധതിക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചോ അത് വിഭാവനം ചെയ്ത ലക്ഷ്യങ്ങളുടെ യാഥാര്‍ത്ഥ്യവല്‍ക്കരണത്തെക്കുറിച്ചോ അങ്ങനെ ആരും കാര്യമായി ചിന്തിക്കുന്നില്ല. എങ്ങനെ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കാര്യമായി ചിന്തിക്കണം. ഒരു പദ്ധതിക്ക് തറക്കല്ലിടുന്ന ദിവസം തന്നെ അത് പൂര്‍ത്തിയാകുന്ന തിയതി കൂടി അവിടെ പ്രസിദ്ധീകരിക്കണം. അതില്‍ വീഴ്ച്ച വന്നാല്‍ എന്തുകൊണ്ടെന്ന് ചോദ്യം ചെയ്യപ്പെടണം. അതിന് കാരണക്കാരായവരില്‍ നിന്ന് കടുത്ത പിഴ ഈടാക്കുകയും വേണം. ഇത്രയും കൂടുതല്‍ നികുതി പിരിക്കുന്ന ഒരു രാജ്യത്ത് ജനങ്ങളുടെ താല്‍പ്പര്യങ്ങളും വിലകല്‍പ്പിക്കപ്പെടുക തന്നെ വേണം. സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ ഒരു പദ്ധതിക്ക് തറക്കല്ലിടുന്ന ദിവസം തന്നെ ഡേറ്റ് സഹിതം അത് പൂര്‍ത്തിയാകുന്ന സകല വിവരങ്ങളും അവര്‍ പ്രസിദ്ധപ്പെടുത്തുകയും അതിനനുസരിച്ച് നടപ്പാക്കുകയും ചെയ്യും. അത്തരത്തിലുള്ള കാര്യനിര്‍വഹണശേഷിയാണ് നാം കൈവരിക്കേണ്ടത്. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഭാഗമായി നിര്‍മിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ എത്രയും വേഗം പണികഴിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കണം. ഇന്ത്യയുടെ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്ന പദ്ധതിയാണത്.

Comments

comments

Categories: Editorial, Slider