യുഎഇയില്‍ സൗരോര്‍ജ്ജത്തിന്റെ ശക്തി വര്‍ധിക്കും

യുഎഇയില്‍ സൗരോര്‍ജ്ജത്തിന്റെ ശക്തി വര്‍ധിക്കും

യുഎഇയുടെ സോളാര്‍ ഊര്‍ജ്ജ മേഖല 2026 ആവുമ്പോഴേക്കും മൊത്തം ഊര്‍ജ്ജ ശേഷിയുടെ എട്ട് ശതമാനം കൈയടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

ദുബായ്: മികച്ച വളര്‍ച്ചയിലേക്ക് കുതിക്കുന്ന യുഎഇയുടെ സോളാര്‍ ഊര്‍ജ്ജ മേഖല 2026 ആവുമ്പോഴേക്കും മൊത്തം ഊര്‍ജ്ജ ശേഷിയുടെ എട്ട് ശതമാനം കൈയടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സോളാര്‍ ഊര്‍ജ്ജത്തെ ശക്തിപ്പെടുത്താന്‍ നിരവധി പദ്ധതികളാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്.

700 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതിയുടെ കരാര്‍ ഷാന്‍ഗായ് ഇലക്ട്രിക്കും അക്വ പവറും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നല്‍കിയത് കഴിഞ്ഞ ആഴ്ചയാണ്. മൊഹമ്മെദ് ബിന്‍ റഷീദ് അല്‍ മക്തൗം സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ട നിര്‍മാണത്തിനെ യുഎഇയുടെ സോളാര്‍ മേഖലയിലെ ഏറ്റവും മികച്ച പദ്ധതിയായാണ് ബിഎംഐ റിസര്‍ച്ച് അവരുടെ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.

700 മെഗാവാട്ട് കൂട്ടിച്ചേര്‍ക്കുന്നതോടെ 2017 മുതല്‍ 2026 വരെയുള്ള കാലഘട്ടത്തിലെ സൗരോര്‍ജ്ജ ശേഷി പ്രതിവര്‍ഷം ശരാശരി 55 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാനാകും. ഇത് യുഎഇയുടെ ഊര്‍ജ്ജ ഉല്‍പ്പാദനത്തിലെ സൗര്‍ജ്ജത്തിന്റെ പങ്ക് 7.9 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണ് ബിഎംഐ വിലയിരുത്തുന്നത്. മുന്‍പ് ബിഎംഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത് 5.9 ശതമാനമായിരുന്നു.

ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് സൗരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി സംഭരിച്ച് വയ്ക്കുന്നതിനുള്ള സൗകര്യം കൂടി നിര്‍മിക്കണമെന്ന് ബിഎംഐ റിസര്‍ച്ച്

ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് സൗരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി സംഭരിച്ച് വയ്ക്കുന്നതിനുള്ള സൗകര്യം കൂടി നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ബിഎംഐ ആവശ്യപ്പെട്ടു. സംഭരിച്ചുവയ്ക്കാനുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിലൂടെ പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ദുബായ്ക്ക് കൂടുതലായി ഉപയോഗിക്കാനാകും.

രാത്രിയും സൂര്യപ്രകാശം ലഭ്യമാകാത്ത ദിവസങ്ങളിലും സൗരോര്‍ജ്ജത്തെ ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗരോര്‍ജ്ജം മികച്ച രീതിയില്‍ സംഭരിക്കുന്നത് പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതിയുടെ അളവ് 2020ല്‍ ഏഴ് ശതമാനവും 2050ല്‍ 75 ശതമാനവുമാക്കി വര്‍ധിപ്പിക്കാനുള്ള യുഎഇയുടെ പദ്ധതിക്ക് സഹായകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia