ജര്‍മ്മനിയില്‍ ട്രക്കുകള്‍ക്കായി ഹൈവേ വൈദ്യുതീകരിക്കും

ജര്‍മ്മനിയില്‍ ട്രക്കുകള്‍ക്കായി ഹൈവേ വൈദ്യുതീകരിക്കും

ഹെസി സംസ്ഥാന സര്‍ക്കാരും ടെക് കമ്പനിയായ സീമെന്‍സും ചേര്‍ന്നാണ് വൈദ്യുതീകരണം നടത്തുന്നത്

ബെര്‍ലിന്‍ : ദീര്‍ഘദൂര ചരക്ക് ഗതാഗതവും ഇലക്ട്രിക് ആയി മാറുകയാണ്. ഈ മേഖലയിലും വഴി കാട്ടുന്നത് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല തന്നെ. പൂര്‍ണ്ണ ഇലക്ട്രിക് ട്രക്കുമായി സെമി ട്രക്ക് വിപണിയിലേക്ക് ടെസ്‌ല അടുത്ത മാസം പ്രവേശിക്കും. പാന്റോഗ്രാഫുമായി പുറത്തിറക്കുന്ന ഇലക്ട്രിക് ട്രക്കുകള്‍ക്കുവേണ്ടിയാണ് ജര്‍മ്മനിയില്‍ ഹൈവേ വൈദ്യുതീകരിക്കുന്നത്.

ഹെസി സംസ്ഥാന സര്‍ക്കാരും ടെക് കമ്പനിയായ സീമെന്‍സും ചേര്‍ന്നാണ് ഇ ഹൈവേ നിര്‍മ്മിക്കുന്നത്. പാതയുടെ മുകളില്‍ ഇലക്ട്രിക് ലൈന്‍ വലിക്കുകയാണ് പദ്ധതി. ഇലക്ട്രിക് ട്രെയിനുകള്‍ ഓടുന്ന പോലെ ഇനി ഇലക്ട്രിക് ട്രക്കുകള്‍ സര്‍വീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇലക്ട്രിക് ഹൈവേ സജ്ജമാക്കുന്നത്. സാധ്യതാ പഠനമെന്ന നിലയില്‍ പത്ത് കിലോമീറ്റര്‍ നീളത്തില്‍ മാത്രം ഇലക്ട്രിക് ലൈന്‍ വലിക്കും.

സാധ്യതാ പഠനമെന്ന നിലയില്‍ പത്ത് കിലോമീറ്റര്‍ നീളത്തില്‍ മാത്രം ഇലക്ട്രിക് ലൈന്‍ വലിക്കും

ജര്‍മ്മനിയില്‍ ഇത്തരത്തിലുള്ള ആദ്യ ഹൈവേയായിരിക്കുമിത്. ഏതാനും വര്‍ഷം മുമ്പ് സ്വീഡനിലാണ് ആദ്യ ഇലക്ട്രിക് ഹൈവേ പരീക്ഷിച്ചത്. സ്വീഡനില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ട്രക്കുകള്‍ ഓടിച്ചപ്പോള്‍ അമ്പത് ശതമാനത്തോളം കാര്യക്ഷമത വര്‍ധിച്ചിരുന്നു. ഡീസല്‍ എന്‍ജിന് പകരം ട്രക്കുകള്‍ ഇലക്ട്രിക് മോട്ടോറില്‍ ഓടിയപ്പോള്‍ വായു മലിനീകരണ തോത് ഗണ്യമായി കുറയുകയും ചെയ്തു.

പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഹൈബ്രിഡ്, ഇലക്ട്രിക് ട്രക്കുകളാണ് ഇലക്ട്രിക് റോഡുകള്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ലൈനുകള്‍ എവിടെയൊക്കെയാണ് വലിച്ചിരിക്കുന്നത് എന്നറിയാന്‍ വാഹനങ്ങളില്‍ സെന്‍സറുകള്‍ ഘടിപ്പിക്കും. ട്രക്കിന്റെ കാബിന് മുകളിലെ പാന്റോഗ്രാഫ് ഓട്ടോമാറ്റിക്കായി ഉയര്‍ന്ന് ഗ്രിഡില്‍നിന്ന് വൈദ്യുതി സ്വീകരിക്കും.

Comments

comments

Categories: Auto