വ്യാജവാര്‍ത്തകള്‍ ആളുകളെ അസ്വസ്ഥരാക്കുന്നു

വ്യാജവാര്‍ത്തകള്‍ ആളുകളെ അസ്വസ്ഥരാക്കുന്നു

വ്യാജവാര്‍ത്താ വ്യാപനം ഇന്റര്‍നെറ്റ് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന മുറവിളികള്‍ക്ക് കാരണമാകുന്നു

ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കുഴക്കുന്ന കാര്യമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍. നിയന്ത്രണവുമായി സര്‍ക്കാര്‍ രംഗത്ത് എത്തുന്നതിനോടുള്ള എതിര്‍പ്പ് ശക്തിപ്പെടുന്നതായും ഇത് സൂചന നല്‍കുന്നു. 18 രാജ്യങ്ങളില്‍ ബിബിസി നടത്തിയ സര്‍വേയില്‍ 79 ശതമാനം പേരും ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ ഏതാണ് ശരിയെന്നും തെറ്റെന്നും അറിയാനാകാതെ ആശയക്കുഴപ്പത്തിലാകാറുണ്ടെന്നു സമ്മതിച്ചു. ഇത് ആളുകളെ അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചൈനയിലും ബ്രിട്ടണിലും മാത്രമാണ് ഭൂരിഭാഗം ഉപയോക്താക്കള്‍ നിയന്ത്രണത്തിന് അനുകൂലമായി പ്രതികരിച്ചത്. 2010ലും ബിബിസി സമാനമായ സര്‍വേ നടത്തിയിരുന്നു. 15 രാജ്യങ്ങളിലാണ് രണ്ടു തവണ സര്‍വേ നടത്തിയത്. പുതിയ സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം വേണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഏഴു വര്‍ഷം മുമ്പ് 51 ശതമാനമാണ് ഇതേ അഭിപ്രായം ഉന്നയിച്ചത്. എന്നാല്‍ ചൈനയില്‍ 67 ശതമാനം പേര്‍ പുതിയ സര്‍വേയില്‍ നിയന്ത്രണത്തെ അനുകൂലിക്കുന്നു. ബ്രിട്ടണില്‍ അനുകൂലികള്‍ 53 ശതമാനമാണ്. നിയന്ത്രണവിരോധികള്‍ കൂടുതലുള്ളത് ഗ്രീസിലാണ്, 84%. തൊട്ടു പിന്നില്‍ 82 ശതമാനവുമായി നൈജീരിയയുണ്ട്. പ്രായപൂര്‍ത്തിയായ 16,000 പേരില്‍ ജനുവരിക്കും ഏപ്രിലിനുമിടയിലാണ് സര്‍വേ നടത്തിയത്.

യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ വ്യാജവാര്‍ത്തകളാണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നു സര്‍വേയില്‍ കണ്ടെത്തി. പരസ്യം വഴിയുള്ള വരുമാനമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇവ പ്രചരിപ്പിക്കുന്നതില്‍ അതിന്റെ സ്രഷ്ടാക്കളുടെ താല്‍പര്യത്തിനു കാരണവും ഇതു തന്നെ. വ്യാജവാര്‍ത്തയും യഥാര്‍ത്ഥത്തിലുള്ളവയും തമ്മിലുള്ള വ്യത്യാസം പലപ്പോഴും മനസിലാക്കാന്‍ കഴിയില്ല. ബ്രസീലുകാരാണ് ഇക്കാര്യത്തില്‍ ഏറ്റവും വിഷമിക്കുന്നതെന്ന് സര്‍വേഫലം പറയുന്നു. 92 ശതമാനം പേര്‍ അവിടെ ഇതില്‍ ആശങ്കാകുലരാണ്. ഇന്തോനേഷ്യയില്‍ 90 ശതമാനം പേരും നൈജീരിയയില്‍ 88 ശതമാനം പേരും കെനിയയില്‍ 85 ശതമാനം പേരും ഇതേ വിഷമം അനുഭവിക്കുന്നു. ജര്‍മന്‍ജനത മാത്രമാണ് ഇക്കാര്യം അല്‍പ്പമെങ്കിലും ലാഘവത്തോടെ എടുക്കുന്നത്. അവിടത്തെ 51 ശതമാനം പേര്‍ തങ്ങളെ ഇന്റര്‍നെറ്റിലെ വ്യാജവാര്‍ത്തകള്‍ വിഷമിപ്പിക്കാറില്ലെന്നു പറയുന്നു. തെരഞ്ഞെടുപ്പുസമയത്ത് വ്യാജവാര്‍ത്തകളെ തള്ളിക്കളയാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെ അവിടെ നടന്നിരുന്നു.

വോട്ടെടുപ്പില്‍ വികസിത, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ വ്യത്യസ്ത നിലപാടാണ് പ്രകടിപ്പിച്ചത്. ദരിദ്രരാജ്യങ്ങളിലെ പൗരന്മാര്‍ പരിഭ്രമിക്കാതെ അഭിപ്രായം രേഖപ്പെടുത്താന്‍ തയാറായപ്പോള്‍ സ്വതവേ സുരക്ഷിതത്വം കൂടുതലുണ്ടെന്നു കരുതുന്ന ധനിക രാജ്യങ്ങളിലെ ജനങ്ങള്‍ പൊതുവേ ഉല്‍ക്കണ്ഠ കൂടിയവരായി കാണപ്പെട്ടു.

2013ല്‍ യുഎസ് ദേശീയ സുരക്ഷാഏജന്‍സിയുടെ രേഖകള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ ആളുകള്‍ക്ക് ഓണ്‍ലൈന്‍ വാര്‍ത്തകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയതായാണ് സര്‍വേഫലങ്ങള്‍ കാണിക്കുന്നതെന്ന് സര്‍വേ നടത്തിയ ഗ്ലോബ്‌സ്‌കാന്‍ എന്ന ഏജന്‍സിയുടെ മേധാവി ഡഗ് മില്ലര്‍ പറയുന്നു. ഓണ്‍ലൈന്‍ വോട്ടിംഗില്‍പ്പോലും നിഷ്പക്ഷ അഭിപ്രായം പറയാന്‍ ഇത് ആളുകളെ വിമുഖരാക്കിയിട്ടുണ്ടെന്ന് സര്‍വേയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ വലിയ ഉല്‍ക്കണ്ഠയാണ് പലരും പ്രകടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 53 ശതമാനം പേര്‍ അരക്ഷിതത്വം പ്രകടിപ്പിച്ചു. മുമ്പു നടത്തിയ സര്‍വേയില്‍ 49 ശതമാനം മാത്രമാണ് ഇത്തരത്തില്‍ പെരുമാറിയിരുന്നത്.

വോട്ടെടുപ്പില്‍ വികസിത, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ വ്യത്യസ്ത നിലപാടാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദരിദ്രരാജ്യങ്ങളിലെ പൗരന്മാര്‍ പരിഭ്രമിക്കാതെ അഭിപ്രായം രേഖപ്പെടുത്താന്‍ തയാറായപ്പോള്‍ സ്വതവേ സുരക്ഷിതത്വം കൂടുതലുണ്ടെന്നു കരുതുന്ന ധനിക രാജ്യങ്ങളിലെ ജനങ്ങള്‍ പൊതുവേ ഉല്‍ക്കണ്ഠ കൂടിയവരായി കാണപ്പെട്ടു. നൈജീരിയ, പെറു, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ജനങ്ങളില്‍ ഇത്തരമൊരു സമീപനമല്ല കാണാന്‍ കഴിഞ്ഞത്. ഫ്രഞ്ചുകാരും ഗ്രീക്കുകാരും തുറന്നു സംസാരിക്കാന്‍ കൂടി ഭയപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ ആഗോള ഉപയോഗം വളരുന്നതോടെ ഇതില്‍ പ്രവര്‍ത്തിക്കാനുള്ള ആളുകളുടെ ആവേശവും വര്‍ധിച്ചിട്ടുണ്ട്. 53 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശമാക്കണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യ, ബ്രസീല്‍, ഗ്രീസ് എന്നിവിടങ്ങളിലെ മഹാഭൂരിപക്ഷം പേര്‍ ഈ വാദഗതിക്കാരാണ്.

യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ വ്യാജവാര്‍ത്തകളാണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നു സര്‍വേയില്‍ കണ്ടെത്തി. പരസ്യം വഴിയുള്ള വരുമാനമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇവ പ്രചരിപ്പിക്കുന്നതില്‍ അതിന്റെ സ്രഷ്ടാക്കളുടെ താല്‍പര്യത്തിനു കാരണവും ഇതു തന്നെ

സ്ത്രീ-പുരുഷന്മാരില്‍ ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് ചില വ്യത്യസ്ത സമീപനങ്ങളുള്ളതായും സര്‍വേയില്‍ തെളിഞ്ഞു. പുരുഷന്മാരാണ് ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്നത്. ആറുമാസത്തെ കണക്കെടുത്താല്‍ പുരുഷന്മാരില്‍ 78 ശതമാനം നെറ്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ 71 ശതമാനം സ്ത്രീകളേ ഇത് ഉപയോഗിക്കുന്നുള്ളൂ. ഇന്റര്‍നെറ്റില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നത് സ്ത്രീകള്‍ അത്ര സുരക്ഷിതമായി കാണുന്നില്ല. വികസിത രാജ്യങ്ങളില്‍ ഈ നിലപാട് കൂടുതലാണ്. ഫ്രാന്‍സില്‍ 14 ശതമാനം പേരാണ് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതു കൊണ്ട് സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. ബ്രിട്ടണില്‍ ഇത്തരക്കാര്‍ 36 ശതമാനവും യുഎസില്‍ ഇത് 35 ശതമാനവുമാണ്. ബ്രിട്ടീഷ് വനിതകളാണ് രാജ്യത്തെ പുരുഷ പ്രജകളേക്കാള്‍ വ്യാജ വാര്‍ത്തകളില്‍ ആശങ്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിന് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന അഭിപ്രായം കൂടുതല്‍ പങ്കുവെക്കുന്നവരും ഇവര്‍ തന്നെ.

Comments

comments

Categories: FK Special, Slider