റെനോ കാപ്ചര്‍ അനാവരണം ചെയ്തു ; അടുത്ത മാസം പുറത്തിറക്കും

റെനോ കാപ്ചര്‍ അനാവരണം ചെയ്തു ; അടുത്ത മാസം പുറത്തിറക്കും

റെനോയുടെ ഡിസൈന്‍ ഭാഷ ഉപയോഗിച്ച് ക്രോസ്ഓവറായാണ് കാപ്ചറിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്

ന്യൂ ഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് റെനോ ഇന്ത്യയില്‍ തങ്ങളുടെ എസ്‌യുവിയായ കാപ്ചര്‍ അനാവരണം ചെയ്തു. വില്‍പ്പന അടുത്ത മാസം ആരംഭിക്കും. നിലവില്‍ ലോകത്തെ 75 രാജ്യങ്ങളില്‍ ഈ ക്രോസ്ഓവര്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ 10-12 ലക്ഷം രൂപയുടെ എസ്‌യുവി സെഗ്‌മെന്റില്‍ സാന്നിധ്യമറിയിക്കുന്നതിന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളെ കാപ്ചര്‍ എന്ന പുതിയ മോഡല്‍ സഹായിക്കും. ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോംപസ് എസ്‌യുവികളെ വിരട്ടാന്‍ പോന്നതാണ് റെനോ കാപ്ചര്‍.

റെനോയുടെ ഡിസൈന്‍ ഭാഷ ഉപയോഗിച്ച് ക്രോസ്ഓവറായാണ് കാപ്ചറിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രീമിയം മോഡല്‍ എന്ന നിലയിലാണ് റെനോ കാപ്ചറിനെ കമ്പനി ഇന്ത്യയില്‍ പരിചയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ കാപ്ചറിന് ഇന്ത്യന്‍ വിപണിയില്‍ ബേസ് വേരിയന്റ് ഉണ്ടായിരിക്കില്ല. ഉയര്‍ന്ന വേരിയന്റിന്റെ പേര് കാപ്ചര്‍ പ്ലാറ്റിന്‍ എന്നായിരിക്കും.

ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോംപസ് എസ്‌യുവികളെ വിരട്ടാന്‍ പോന്നതാണ് റെനോ കാപ്ചര്‍

4,329 മില്ലി മീറ്ററാണ് റെനോ കാപ്ചറിന്റെ നീളം. വീതി 1,813 എംഎം. ഉയരം 1,619 എംഎം. ഡസ്റ്ററിനേക്കാള്‍ അല്‍പ്പം നീളം കൂടിയതാണ് റെനോ കാപ്ചര്‍ ക്രോസ്ഓവറെങ്കില്‍ വീതി, ഉയരം എന്നിവ ഡസ്റ്ററിന്റെ അത്രയും വരില്ല. ഡസ്റ്ററിന്റെ അതേ 2,673 എംഎം ആണ് കാപ്ചറിന്റെയും വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 210 എംഎം. പൂര്‍ണ്ണമായും ഒരു സ്‌റ്റൈലിഷ് ക്രോസ്ഓവറാണ് റെനോ കാപ്ചര്‍. റെനോ കുടുംബത്തിന്റെ തനതായ ഗ്രില്ല്, ഡുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഓള്‍-എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ടെയ്ല്‍ലൈറ്റുകള്‍ എന്നിവയെല്ലാം റെനോ കാപ്ചറിനെ ആകര്‍ഷകമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് റെനോ കാപ്ചറിന്റെ കാബിന്റെ പണിതീര്‍ത്തിരിക്കുന്നത്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വലുതാണ്. അസാധാരണമായ രീതിയിലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്രോസ്ഓവറിന്റെ ടോപ് വേരിയന്റുകളുടെ കാബിനില്‍ സ്വര്‍ണ നിറത്തിലും വെളുപ്പിലുമുള്ള ഇന്‍സെര്‍ടുകള്‍ കാണാന്‍ കഴിയും. കാപ്ചറിന് പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകള്‍ ധാരാളമാണെന്ന് റെനോ ഇന്ത്യാ അറിയിച്ചു.

ഡസ്റ്ററിന്റെ അതേ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് റെനോ കാപ്ചറിന്റെയും പവര്‍ സ്രോതസ്സ്. പെട്രോള്‍ മോട്ടോര്‍ 5,600 ആര്‍പിഎമ്മില്‍ 104 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 142 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1,750 ആര്‍പിഎമ്മില്‍ 240 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് തരം എന്‍ജിനുകളുടെയും സഹപ്രവര്‍ത്തകന്‍.

Comments

comments

Categories: Auto