ആറ് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ആഴ്ച മുതല്‍ ജിയോ ഫോണ്‍ ലഭിച്ചു തുടങ്ങും

ആറ് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ആഴ്ച മുതല്‍ ജിയോ ഫോണ്‍ ലഭിച്ചു തുടങ്ങും

മുംബൈ: റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിനു വേണ്ടി മുന്‍കൂറായി ബുക്ക് ചെയ്തിട്ടുള്ള ആറ് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ആഴ്ച മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ജിയോ ഫോണിനായുള്ള രണ്ടാംഘട്ട പ്രീ-ബുക്കിംഗ് ഇതോടൊപ്പം ആരംഭിക്കുമെന്നും സൂചനയുണ്ട്. ജിയോ റീട്ടെയ്‌ലര്‍മാര്‍ വഴിയും, മള്‍ട്ടി ബ്രാന്‍ഡ് ഡിവൈസ് റീട്ടെയ്‌ലര്‍മാര്‍ വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകള്‍ വഴിയുമായിരിക്കും ഫീച്ചര്‍ ഫോണ്‍ വിതരണം ചെയ്യുക. അതേസമയം റിലയന്‍സ് ജിയോ ഇന്‍ഫൊകോമോ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡോ ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവാത്മകമായ മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോ സേവനമാരംഭിച്ചത്. 1,500 രൂപ റീഫണ്ടബ്ള്‍ നിരക്കില്‍ ജിയോ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനവും വിപണിയിലെ മുന്‍ നിര കമ്പനികളെ ഞ്ഞെട്ടിച്ചുകൊണ്ടുള്ളതായിരുന്നു.

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ എത്തുന്നതോടെ ഇന്ത്യന്‍ ടെലികോം വിപണി അടുത്ത വലിയൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

100 മുതല്‍ 150 മില്യണ്‍ ഫോണുകള്‍ (പ്രതിവാരം അഞ്ച് മില്യണ്‍ ഫോണുകള്‍ വീതം) അടുത്ത ആറ് മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നാണ് നേരത്തെ ജിയോ അറിയിച്ചിരുന്നത്. എന്നാല്‍ മറ്റ് മുന്‍നിര ടെലികോം കമ്പനികളും ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയതോടെ ഇതുമൂലമുണ്ടാകുന്ന മത്സരം കണക്കിലെടുത്ത് ജിയോ ഫോണ്‍ നേരത്തെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഓഗസ്റ്റ് 24ന് വെകുന്നേരമാണ് ജിയോ ഫോണുകള്‍ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചത്. തുടര്‍ന്ന് വന്‍തോതില്‍ ആവശ്യകത വര്‍ധിച്ചതോടെ ഓഗസ്റ്റ് 26ന് രാവിലെ ബുക്കിംഗ് നിര്‍ത്തിവെച്ചു. 500 രൂപ മുന്‍കൂറായി അടച്ചാണ് ഉപഭോക്താക്കള്‍ ഫോണ്‍ ബുക്ക് ചെച്ചുന്നത്. ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 153 രൂപ പ്രതിമാസ നിരക്കില്‍ സൗജന്യ വോയിസ്, എസ്എംഎസ് സേവനവും പ്രതിദിനം 500 എംബി ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ 130 മില്യണ്‍ വരിക്കാരാണ് ജിയോയ്ക്കുള്ളത്. ജിയോ ഫീച്ചര്‍ ഫോണിലൂടെ ഉപഭോക്തൃ അടിത്തറ 500 മില്യണിലേക്ക് ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy