ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് അവതരിപ്പിച്ചു

ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 12.08 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : സൂപ്പര്‍സ്‌പോര്‍ട് എന്ന പുതിയ മോഡല്‍ ഡ്യുക്കാറ്റി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.08 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില തുടങ്ങുന്നത്. സ്റ്റാന്‍ഡേഡ് വേരിയന്റിലും എസ് എന്ന ടോപ് വേരിയന്റിലും ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് ലഭിക്കും. സസ്‌പെന്‍ഷന്‍ സംവിധാനങ്ങളിലാണ് ഇരു വേരിയന്റുകളും തമ്മില്‍ ഭേദമുള്ളത്. എസ് വേരിയന്റിന് ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും നല്‍കിയിട്ടുണ്ട്.

സ്റ്റാന്‍ഡേഡ് ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ടിന് 12.08 ലക്ഷം രൂപയും ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് എസ്സിന് 13.39 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. നിലവില്‍ രണ്ട് മോഡലുകളും ഡ്യുക്കാറ്റി റെഡ് നിറത്തില്‍ മാത്രമേ ലഭിക്കൂ. എന്നാല്‍ നവംബര്‍ മുതല്‍ സ്റ്റാര്‍ വൈറ്റ് സില്‍ക് നിറത്തില്‍ സൂപ്പര്‍സ്‌പോര്‍ട് എസ് വാങ്ങാം. പുതിയ ബൈക്കിനുള്ള ബുക്കിംഗ് ഡ്യുക്കാറ്റി സ്വീകരിച്ചുതുടങ്ങി. ഡെലിവറിയും ആരംഭിച്ചു.

സ്റ്റാന്‍ഡേഡ് വേരിയന്റിലും എസ് എന്ന ടോപ് വേരിയന്റിലും ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് ലഭിക്കും

പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ മള്‍ട്ടിസ്ട്രാഡ 950 യില്‍ ഉപയോഗിച്ച അതേ എന്‍ജിന്‍ സൂപ്പര്‍സ്‌പോര്‍ടിന് കരുത്ത് പകരും. 110 ബിഎച്ച്പി കരുത്തും 93 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഈ 937 സിസി എല്‍-ട്വിന്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യ സൂപ്പര്‍സ്‌പോര്‍ടിന്റെ സവിശേഷതയാണ്. അര്‍ബന്‍, സ്‌പോര്‍ട്, ടൂറിംഗ് എന്നിവയാണ് റൈഡിംഗ് മോഡുകള്‍. നഗരങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്‍ജിന്‍ പവര്‍ 75 ബിഎച്ച്പി ആയി അര്‍ബന്‍ മോഡ് കടിഞ്ഞാണിടും. സ്‌പോര്‍ട്, ടൂറിംഗ് മോഡുകള്‍ വ്യത്യസ്ത ത്രോട്ടില്‍ റെസ്‌പോണ്‍സോടെ ഫുള്‍ റേഞ്ച് നല്‍കും.

959 പനിഗേലിന് തൊട്ടു താഴെയായിരിക്കും ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ടിന് സ്ഥാനം. ട്രാക്കില്‍ തീപ്പൊരി ചിതറിക്കുന്നതോടൊപ്പം എവരിഡേ സ്ട്രീറ്റ് ബൈക്ക് എന്ന നിലയിലാണ് സൂപ്പര്‍സ്‌പോര്‍ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പനിഗേലുമായി താരതമ്യം ചെയ്യുമ്പോള്‍ സൂപ്പര്‍സ്‌പോര്‍ടിന്റെ എര്‍ഗണോമിക്‌സില്‍ ചെറിയ വ്യത്യാസം കാണാം. സൂപ്പര്‍സ്‌പോര്‍ടിന്റെ റൈഡിംഗ് പൊസിഷന്‍ കൂടുതല്‍ കംഫര്‍ട്ടബിളുമാണ്.

പനിഗേല്‍ പ്രധാനമായും ട്രാക്കുകള്‍ ലക്ഷ്യമാക്കിയാണ് നിര്‍മ്മിച്ചതെങ്കില്‍ ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് അങ്ങനെയല്ല. അഗ്രസീവ് റൈഡിംഗ് പൊസിഷനും പെര്‍ഫോമന്‍സുമാണ് പനിഗേല്‍ നല്‍കുന്നത്. എന്നാല്‍ ദൈനംദിന സിറ്റി ഉപയോഗങ്ങള്‍ക്കും ട്രാക്കുകളിലും ദീര്‍ഘദൂര യാത്രകള്‍ക്കും ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് ഒന്നാന്തരം കൂട്ടായിരിക്കും. ഇന്ത്യയില്‍ സുസുകി ജിഎസ്എക്‌സ്-എസ്1000എഫ്, കാവസാക്കി നിന്‍ജ 1000 എന്നിവയെ വെല്ലുവിളിക്കാനാണ് ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് വരുന്നത്.

Comments

comments

Categories: Auto