പാക്കിസ്ഥാന്‍ ഇപ്പോള്‍ ടെററിസ്ഥാന്‍: രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

പാക്കിസ്ഥാന്‍ ഇപ്പോള്‍ ടെററിസ്ഥാന്‍: രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ജമ്മു കശ്മീര്‍ എല്ലാക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും ഈനം ഗംഭീര്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ ടെററിസ്ഥാന്‍ ആയി മാറിയെന്ന് യുഎന്നിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പൊതുപ്രസംഗത്തില്‍ കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ച പാക്ക് പ്രധാനമന്ത്രി കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

ചരിത്രപരമായി നോക്കിയാലും പാക്കിസ്ഥാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മുല്ല ഒമര്‍, ഒസാമ ബിന്‍ ലാദന്‍, ഹാഫിസ് സെയ്ദ് തുടങ്ങിയ ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയ രാജ്യം ഭീകരതയെക്കുറിച്ചും ചതിയെക്കുറിച്ചും സംസാരിക്കുന്നത് അസാധാരണമാണ്.

പവിത്രമായ മണ്ണിനെ തീവ്രവാദികളുടെ വിളനിലമാക്കി പാക്കിസ്ഥാന്‍ മാറ്റി. യുഎന്‍ ഭീകരസംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലഷ്‌കറെ തയിബയുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സയിദ് ഇപ്പോള്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയപാര്‍ട്ടികളില്‍ നേതൃസ്ഥാനങ്ങള്‍ നല്‍കുന്നത് വഴി രാജ്യാന്തര ഭീകര നേതാക്കളെ പാക്കിസ്ഥാന്‍ സംരക്ഷിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എല്ലാക്കാലവും അങ്ങിനെയായിരിക്കുമെന്ന കാര്യം പാക്കിസ്ഥാന്‍ ഓര്‍ക്കണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ പാകിസ്താന് സാധിക്കില്ല. ആരെയും ഭയമില്ലാതെ ആയുധങ്ങളുമായി ഭീകരര്‍ റോന്ത് ചുറ്റുകയാണ് പാക്കിസ്ഥാനിലെന്നും അങ്ങിനെയുള്ള രാജ്യത്തിന് ഇന്ത്യയുടെ കശ്മീര്‍ നിലപാടിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും ഈനം ഗംഭീര്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories