സാമൂഹ്യ സംരംഭങ്ങളുടെ ആദ്യ ബാച്ചിന് ഇനി പരിശീലനത്തിന്റെ നാളുകള്‍

സാമൂഹ്യ സംരംഭങ്ങളുടെ ആദ്യ ബാച്ചിന് ഇനി പരിശീലനത്തിന്റെ നാളുകള്‍

18 മാസത്തേക്കാണ് സാമൂഹ്യസംരംഭങ്ങള്‍ക്ക് ഇന്‍ക്യുബേഷന്‍ നല്‍കുന്നത്. 18 ലക്ഷം രൂപയുടെ സാമ്പത്തിക പിന്തുണയും ലഭിക്കും

ബെംഗളൂരു: ഐഐഎം ബെംഗളൂരിന്റെ എന്‍എസ് രാഘവന്‍ സെന്റര്‍ ഫോര്‍ എന്‍ട്രപ്രണേറിയല്‍ ലേണിംഗ്് (എന്‍എസ്ആര്‍സിഇഎല്‍) സോഷ്യല്‍ വെഞ്ച്വര്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള തങ്ങളുടെ ആദ്യബാച്ചിനുള്ള ഇന്‍ക്യുബേഷന്‍ പദ്ധതി തുടങ്ങി. വര്‍ക്ക്‌ഷോപ്പ്, നെറ്റ്‌വര്‍ക്കിംഗ് സെഷനുകള്‍, റിവ്യു എന്നിങ്ങനെയുള്ള പ്രോത്സാഹന പരിപാടികളാണ് എന്‍എസ്ആര്‍സിഇഎല്‍ നല്‍കുന്നത്. 18 മാസമാണ് പ്രാരംഭഘട്ട സാമൂഹ്യസംരംഭങ്ങള്‍ക്ക് ഇന്‍ക്യുബേഷന്‍ നല്‍കുക. ഇതിനായി എട്ട് സ്ഥാപനങ്ങളെയാണ് ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുത്തത്.

ഈ വര്‍ഷം ഏപ്രിലിലാണ് ഐഐഎംബി-എന്‍എസ്ആര്‍സിഇഎല്ലിന്റെ എന്‍ട്രപ്രണര്‍ഷിപ്പ്, ഇന്നൊവേഷന്‍ ഹബ് സോഷ്യല്‍ വെഞ്ച്വേഴ്‌സ് ഇന്‍ക്യുബേറ്റര്‍ ലോഞ്ച് ചെയ്തത്. പ്രാരംഭഘട്ടത്തില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണിത്.

സാമ്പത്തികപരമായി ലാഭം കൊയ്യുന്ന തരത്തില്‍ സാമൂഹ്യസംരംഭങ്ങളെ വളര്‍ത്തുകയെന്ന ശ്രമകരമായ ദൗത്യത്തിന് സഹായം നല്‍കുകയാണ് ഐഐഎംബി-എന്‍എസ്ആര്‍സിഇഎല്‍ പദ്ധതി

സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളില്‍ മോണിറ്ററിംഗും വിശകലനങ്ങളും ഉണ്ടാകുമെന്ന് എന്‍എസ്ആര്‍സിഇഎല്ലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജിവ് സോഹ്നി പറഞ്ഞു. സാമൂഹ്യസംരംഭങ്ങളെ ഉയര്‍ത്തുന്നതിനായി ധാരാളം മെന്ററിംഗ് സെഷനുകളും ശില്‍പശാലകളും ഉണ്ടാകും. സ്റ്റാര്‍ട്ടപ്പ് മേഖലകളിലെ വമ്പന്‍മാരുമായി ആശയവിനിമയത്തിനും ഇടപെടലിനും അവസരമൊരുക്കും.

പ്രാഥമിക ഘട്ടത്തിലുള്ള എന്‍ജിഒകള്‍ക്ക് ഫലപ്രദമായ രീതിയില്‍ പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അവര്‍ക്കുണ്ടാകുന്ന നിയമപരമായ പ്രശ്‌നങ്ങള്‍, പ്രവര്‍ത്തന വെല്ലുവിളികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഐഐംബി സഹായം നല്‍കും.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഇന്ത്യയിലെ ആദ്യ സാമൂഹ്യ ഇന്‍ക്യുബേറ്ററുകളിലൊന്നാണ് എന്എസ്ആര്‍സിഇഎല്‍ സോഷ്യല്‍. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമാകുന്ന സംരംഭങ്ങളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്. സോഷ്യല്‍ വെഞ്ച്വേഴ്‌സ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന് നിലവില്‍ മൈക്കിള്‍ ആന്‍ഡ് സൂസന്‍ ഡെല്‍ ഫൗണ്ടേഷന്റെ പിന്തുണയുണ്ട്. ഈ പ്രോഗ്രാമിനായി തെരഞ്ഞെടുത്ത സംരംഭങ്ങളെ 18 മാസത്തേക്ക് ഇന്‍ക്യുബേറ്റ് ചെയ്യും. കൂടാതെ 18 ലക്ഷം രൂപയുടെ സാമ്പത്തിക പിന്തുണയും നല്‍കും.

Comments

comments

Categories: Entrepreneurship, More