ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണമേഖലയിലെ ഒരു പെണ്‍വിജയഗാഥ

ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണമേഖലയിലെ ഒരു പെണ്‍വിജയഗാഥ

അധികമാരും കടന്നു ചെല്ലാത്ത ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണ മേഖലയില്‍ ആദ്യ ചുവടുവെയ്പ് നടത്തിയ ഒരു വനിതാ സംരംഭകയുടെ അസാധാരണ വിജയത്തിന്റെ കഥയാണ് റേസിടെക്കിന് പറയാനുള്ളത്. വിവിധ ഇനം ട്രാന്‍സ്‌ഫോര്‍മറുകള്‍, പാനല്‍ ബോര്‍ഡുകള്‍ മുതലായവയാണ് റേസിടെക്കിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. കെ.എസ്.ഇ.ബി, എസ്.ബി.ഐ, റിലയന്‍സ്, റെയ്ല്‍വേ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇന്ന് റേസിടെക്കിന്റെ ഉപഭോക്താക്കളാണ്. വിപണി സാധ്യത അനുദിനം വര്‍ധിച്ച് വരുന്ന ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണ മേഖലയിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പുതിയ സംരംഭകര്‍ക്ക് മികച്ച മാതൃകയാണ് റേസിടെക്.

മേക്ക് ഇന്‍ കേരള എന്ന ആശയത്തെ അപ്രായോഗികമായ ഒരു തമാശയായി കാണുന്നവരാണ് അധികവും. തൊഴിലാളി പ്രശ്‌നങ്ങള്‍, കരുത്തരായ വ്യവസായ വിരുദ്ധ ലോബികളുടെ സാന്നിധ്യം, ചുവപ്പു നാടക്കുരുക്ക് എന്നിവയെല്ലാം കൊണ്ട് നിറം മങ്ങിപ്പോയ കേരളത്തിന്റെ വ്യാവസായിക മേഖലയില്‍ മേക്ക് ഇന്‍ കേരള എങ്ങനെ സാധ്യമാകുമെന്ന ചോദ്യം വളരെ പ്രസക്തമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം സംരംഭകത്വത്തിന്റെ വഴിയില്‍ വിജയക്കൊടി പാറിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ തന്നെയാണ്. ഇത്തരത്തില്‍ പുതുസംരംഭകര്‍ക്ക് മാതൃകയായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്ന സ്ഥാപനമാണ് ആലുവ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന റേസിടെക്ക് ഇലക്ട്രിക്കല്‍സ്. ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണ മേഖലയില്‍ വ്യത്യസ്തമായ ബ്രാന്‍ഡിംഗ് രീതികള്‍ കൊണ്ടും നേതൃത്വ പാടവംകൊണ്ടും പത്തുവര്‍ഷം കൊണ്ട് തങ്ങളുടേതായ ഒരു ഇടം കണ്ടെത്താന്‍ റേസിടെക്കിന് സാധിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ അമരത്ത്, മാനേജിംഗ് പാര്‍ട്ണര്‍ പദവിയില്‍ ആര്‍ ലേഖ എന്ന വനിതയാണെന്നത് ഈ നേട്ടത്തിന് പത്തര മാറ്റിന്റെ തിളക്കം നല്‍കുന്നു. 1988ലാണ് ലേഖ തന്റെ ബിസിനസ് ജീവിതം തുടങ്ങുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ലേഖ വിവാഹശേഷമാണ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്. കുടുംബ ബിസിനസിന്റെ ഭാഗമായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഇലക്ട്രിക്കല്‍ മേഖലയെക്കുറിച്ചുള്ള അറിവുകളെല്ലാം ഇക്കാലയളവില്‍ ലേഖ സമാഹരിച്ചു. പിന്നീട് ഒരു സംയുക്ത സംരംഭത്തിന്റെ കൂടി ഭാഗമായി പ്രവര്‍ത്തിച്ച ശേഷം 2007ലാണ് സ്വന്തം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് ലേഖ എത്തുന്നത്.

റേസിടെക്കിലേക്ക്

” കൂട്ടായി ചെയ്തിരുന്ന സംരംഭത്തില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ എനിക്ക് മുന്നില്‍ രണ്ട് ചോയ്‌സുകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കണം. അല്ലെങ്കില്‍ സ്വന്തമായൊരു സ്ഥാപനം തുടങ്ങണം. മറ്റൊരു ജോലിക്ക് പോകാന്‍ പലരും നിര്‍ബന്ധിച്ചിരുന്നെങ്കിലും സ്വന്തമായൊരു സ്ഥാപനം എന്ന ഓപ്ഷനാണ് ഞാന്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഇതായിരുന്നു എന്റെ കര്‍മപഥം. അതുവിട്ട് സഞ്ചരിക്കുന്നതിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സാധിച്ചില്ല,” സ്ഥാപനത്തിന്റെ തുടക്കത്തെ കുറിച്ച് ലേഖ പറയുന്നു. വളരെ ചെറിയ രീതിയിലായിരുന്നു റേസിടെക്കിന്റെ തുടക്കം. രണ്ട് കോടിയോളം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച റെസിടെക് മൂന്ന് വര്‍ഷത്തിനകം ലാഭത്തിലായി. ”സ്ഥാപനം തുടങ്ങിയിട്ടിപ്പോള്‍ 10 വര്‍ഷം കഴിഞ്ഞു. നല്ല വളര്‍ച്ച തന്നെയാണ് നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളത്. 15 മുതല്‍ 20 ശതമാനം വരെയാണ് വളര്‍ച്ചാ നിരക്ക്,” ലേഖ കൂട്ടിച്ചേര്‍ത്തു.

ബഹുനില കെട്ടിട നിര്‍മാതാക്കള്‍, പൊതുമരാമത്ത് വകുപ്പ്, എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍ കേരളത്തിന് പുറമെ, അയല്‍ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് മേഖലയിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു. ശ്രീലങ്കയിലേക്കും കയറ്റുമതിയുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് കൂടി പദ്ധതിയിടുന്നുണ്ട്. കേരളത്തിന് പുറത്ത് ബെംഗളൂരു, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലും വിതരണം നടത്തുന്നു

ആത്മവിശ്വാസമാണ് അന്നും ഇന്നും എന്നും തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ലേഖ പറയുന്നു. ”ഒരു സ്ത്രീ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നുവെന്നതിനേക്കാള്‍ ഉപരി, മാനുഫാക്ചറിംഗിലേക്ക് കടക്കുന്നുവെന്നതിനെയാണ് എല്ലാവരും ആശങ്കയോടെ കണ്ടത്. കാരണം അന്ന് കേരളത്തിലെ മാനുഫാക്ചറിംഗ് രംഗം അത്രത്തോളം സുഗമമായിരുന്നില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിലുള്ള ഭര്‍ത്താവ് കെ എസ് ബാലചന്ദ്രന്റെ അനുഭവ സമ്പത്തും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ മുതല്‍കൂട്ടായി. കേരളത്തിലെ ഇലക്ട്രിക്കല്‍ ഉല്‍പ്പന്ന വിപണിയെ അടുത്തറിയാമെന്ന ആത്മവിശ്വാസവും ലേഖയെ മുന്നോട്ട് നയിച്ചു. പ്രാഗല്‍ഭ്യമുള്ള തൊഴിലാളികളില്ല, പ്രവര്‍ത്തന മൂലധനമില്ല, എന്നിട്ടുപോലും തന്റെ സംരംഭത്തില്‍ അടിപതറാതെ അവര്‍ പിടിച്ചു നിന്നു. കെല്ലില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനെ കണ്ടെത്തി അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത്. പിന്നീട് തനിക്ക് പരിചയമുള്ള വിതരണക്കാരുമായും അവര്‍ ബന്ധപ്പെട്ടു. ലേഖലുടെ അനുഭവ സമ്പത്തിനെകുറിച്ചും മികച്ച പ്രൊഫഷണല്‍ ട്രാക്ക് റെക്കോര്‍ഡിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന വിതരണക്കാര്‍ പൂര്‍ണ പിന്തുണയുമായി രംഗത്തെത്തുകയും ആവശ്യമായ മെറ്റീരിയലുകള്‍ നല്‍കുകയും ചെയ്തു. തന്റെ അവസ്ഥയെ കുറിച്ച് വളരെ സത്യസന്ധമായി ലേഖ ഇവരോട് പറഞ്ഞിരുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും വളമാക്കി പ്രവര്‍ത്തനം തുടങ്ങിയ റേസിടെക്കിന് ആദ്യത്തെ ഓര്‍ഡര്‍ അയ്ക്കുന്നതിനു മുന്‍പുതന്നെ രണ്ടാമത്തെയും മൂന്നാമത്തേയും ഓര്‍ഡറുകള്‍ ലഭിച്ചു. പിന്നീടിങ്ങോട്ട് ഇവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പ്രതിസന്ധികള്‍ മറികടന്ന്

പരിശീലനം സിദ്ധിച്ച തൊഴിലാളികളുടെ അഭാവമായിരുന്നു തുടക്കത്തില്‍ ലേഖ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പ്രധാന പ്രശ്‌നമായി തോന്നിയിട്ടുള്ളത് ലേബര്‍ മാനേജ്‌മെന്റാണെന്ന് അവര്‍ പറയുന്നു. അനുയോജ്യമായ മനുഷ്യ വിഭവശേഷി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ അതിനെയെല്ലാം വളരെ ധൈര്യപൂര്‍വം ഈ വനിത നേരിടുകയായിരുന്നു. ഇന്ന് ചിത്രമാകെ മാറിയിരിക്കുന്നു. 35 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചുവെന്നതാണ് തനിക്ക് ഏറെ സംതൃപ്തി പകരുന്ന കാര്യമെന്ന് ലേഖ പറയുന്നു. കെഎസ്ഇബി, എസ്ബിഐ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റെയ്്ല്‍വേ, പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, പിഡബ്ല്യുഡി തുടങ്ങിയ ഉപഭോക്താക്കളാണ് റേസിടെക്കിന്റെ കരുത്ത്. ഐഎസ്ഒ അംഗീകാരമുള്ള റെസിടെക്, ബഹുരാഷ്ട്ര കമ്പനിയായ സീമെന്‍സിന്റെ വാക്വം സര്‍ക്യൂട്ട് ബ്രേക്കറിന്റെ സര്‍വീസ് സെന്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതും ലേഖയുടെ നേട്ടം തന്നെയാണ്. ‘മികച്ച ഉല്‍പന്നങ്ങള്‍ നല്‍കി ഉപഭോക്താക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുതന്നെയാണ് റേസിടെക്കിന്റെ വിജയം’. ലേഖ പറയുന്നു.

ഉന്നത ഗുണനിലവാരം, ഉപഭോക്താക്കളുടെ സംതൃപ്തി, മികച്ച സേവനം എന്നിവയാണ് റേസിടെക്കിന്റെ വിജയത്തിന് പിന്നില്‍. മികച്ച ഉല്‍പന്നങ്ങള്‍ നല്‍കി ഉപഭോക്താക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്’

ആര്‍ ലേഖ

മാനേജിംഗ് പാര്‍ട്ണര്‍

റേസിടെക് ഇലക്ട്രിക്കല്‍സ്

ബ്രാന്‍ഡ് റേസിടെക്

ഇന്ന് 700ല്‍ ഏറെ ട്രാന്‍സ്‌ഫോര്‍മറുകളുടെ വിതരണവും അറ്റകുറ്റപ്പണികളുമായി ഈ മേഖലയില്‍ വളരുകയാണ് റെസിടെക്. വിവിധ ഇനം ട്രാന്‍സ്‌ഫോര്‍മറുകള്‍, പാനല്‍ ബോര്‍ഡുകള്‍ മുതലായവയാണ് റെസിടെക്കിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. 11 കെ.വി സിറ്റി/ പിറ്റി യൂണിറ്റ്, 11 കെവി റേസിന്‍ കാസ്റ്റ് പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോമര്‍, ലോ ടെന്‍ഷന്‍ കറന്റ് ട്രാന്‍സ്‌ഫോമേഴ്‌സ്, 22 കെവി/11 കെവി ഔട്ട്‌ഡോര്‍ സി.റ്റിസ്, 11 കെവി ലോഡ് ബ്രേക്ക് സ്വിച്ച് പാനല്‍ എന്നിങ്ങനെ നിരവധി ഉല്പന്നങ്ങളാണ് റേസിടെക്കില്‍ നിര്‍മ്മിക്കുന്നത്. ബഹുനില കെട്ടിട നിര്‍മാതാക്കള്‍, പൊതുമരാമത്ത് വകുപ്പ് എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍ കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് മേഖലയിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു. ശ്രീലങ്കയിലേക്കും കയറ്റുമതിയുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് കൂടി പദ്ധതിയിടുന്നുണ്ട്. കേരളത്തിന് പുറത്ത് ബെംഗളൂരു, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലും വിതരണം നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. തിരുവനന്തപുരത്ത് സാന്നിധ്യം കുറവാണ്. ഇത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് – ലേഖ പറഞ്ഞു.

ഉന്നത ഗുണനിലവാരം, ഉപഭോക്താക്കളുടെ സംതൃപ്തി, മികച്ച സേവനങ്ങള്‍ എന്നിവയാണ് ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ ഏറെ സഹായകമായതെന്ന് ലേഖ പറയുന്നു. നിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയാറല്ലെന്ന് അവര്‍ പറഞ്ഞു. 18 മാസം ഗ്യാരന്റിയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് റേസ്‌ടെക് ഉറപ്പു നല്‍കുന്നത്. ഇക്കാലയളവില്‍ ഉല്‍പ്പന്നത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ അത് റീപ്ലേസ് ചെയ്തു നല്‍കും. സേവനങ്ങള്‍ സൗജന്യമായിരിക്കും. ഐഎസ്ഒ 2015 എന്ന നേട്ടത്തിലേക്ക് സ്ഥാപനം കടക്കുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

Comments

comments