ഭാരത് ക്യൂആര്‍, ഭീം ആപ്പ് ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കും

ഭാരത് ക്യൂആര്‍, ഭീം ആപ്പ് ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കും

ബാങ്കുകള്‍ സാങ്കേതികമായി സജ്ജമാകുന്നതോടെ ഭാരത് ക്യുആര്‍ സംവിധാനം വ്യാപകമാക്കും

മുബൈ: റീട്ടെയ്ല്‍ വ്യാപാരികളിലൂടെ മൊബീല്‍ പോമെന്റ് സംവിധാനങ്ങളായ ഭാരത് ക്യുആര്‍, ഭീം ആപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 25 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന നേട്ടം കൈവരിക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നോട്ട് രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും പണമുപയോഗിച്ചുള്ളതിനേക്കാള്‍ ചെലവ് കുറഞ്ഞ് ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാക്കാനാണ് ശ്രമം നടത്തുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഭീം ആപ്ലിക്കേഷനെ ഏറ്റവും മികച്ച പേമെന്റ് ആപ്പ് ആക്കാനും വ്യാപാരികള്‍ക്കിടയില്‍ എല്ലാതരം പണമിടപാടുകള്‍ക്കും ഭാരത് ക്യുആര്‍ പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് കേന്ദ്ര ഐടി വകുപ്പ് അഡിഷണല്‍ സെക്രട്ടറി അജയ് കുമാര്‍ പറയുന്നു. കറന്റ് എക്കൗണ്ട് ഇല്ലാത്ത വ്യാപാരികളിലേക്കും ഭാരത് ക്യുആര്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സേവിംഗ്‌സ് എക്കൗണ്ട് ആണെങ്കിലും ഭാരത് ക്യുആര്‍ അധിഷ്ഠിത പേമെന്റ് ആരംഭിക്കുന്നതിന് അത് മതിയാകുമെന്നും അജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്കുകള്‍ സാങ്കേതികമായി സജ്ജമായി കഴിയുന്നതോടെ ഭാരത് ക്യുആര്‍ പേമെന്റ് സംവിധാനം വലിയ രീതിയില്‍ വ്യാപാരികള്‍ നടപ്പിലാക്കി തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ പ്രമുഖ ബാങ്കുകളും ഇതിനു വേണ്ടിയുള്ള ശ്രമത്തിലാണെന്നും ഇത് ഉടന്‍ നടപ്പിലാക്കാനാകുമെന്നും അജയ് കുമാര്‍ പറഞ്ഞു.
പൊതുവിതരണ സംവിധാനത്തില്‍ ഭാരത് ക്യുആര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഭക്ഷ്യവകുപ്പിന് കഴിയും. പെട്രോള്‍ മന്ത്രാലയവും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്നും അജയ് കുമാര്‍ വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories