ആകര്‍ഷകമായ രീതിയില്‍ ഇന്ത്യ വളരുന്നുണ്ടെന്ന് ലോക ബാങ്ക് മേധാവി

ആകര്‍ഷകമായ രീതിയില്‍ ഇന്ത്യ വളരുന്നുണ്ടെന്ന് ലോക ബാങ്ക് മേധാവി

ന്യൂയോര്‍ക്ക്: ആകര്‍ഷകമായ വേഗത്തില്‍ ഇന്ത്യ വളരുന്നുണ്ടെന്ന് ലോക ബാങ്ക് പ്രസിഡന്റ് ജിം കിം. ഈ വര്‍ഷം ശക്തമായ ആഗോള സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ബ്ലൂംബെര്‍ഗിന്റെ ആഗോള ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ബഹുരാഷ്ട്ര തലത്തിലും സ്വകാര്യ മേഖലയ്ക്കും സര്‍ക്കാരുകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണമുണ്ടാകുന്നത് ഇരുമേഖലുകള്‍ക്കും ഗുണകരമാണെന്ന് ജിം കിം പറഞ്ഞു. മുഴുവന്‍ മൂലധന ശേഷിയും ഇനിയും വിനിയോഗിച്ചിട്ടില്ലാത്ത വികസ്വര വിപണികള്‍ നേട്ടമുണ്ടാക്കും. അടിസ്ഥാനസൗകര്യ വികസനത്തിനും ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം വികസ്വര വിപണികള്‍ക്ക് ആവശ്യമായി വരുമെന്നും കിം ചൂണ്ടിക്കാട്ടി.

ഇന്ത്യയോടൊപ്പം ജപ്പാനും യൂറോപ്പും യുഎസും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പു വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ലോക ബാങ്ക് ജൂണില്‍ പ്രവചിച്ചത്. മുന്‍ വര്‍ഷം 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിടത്താണിത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയായി ഇന്ത്യ തുടരുമെന്നും ലോക ബാങ്ക് നിരീക്ഷിച്ചിട്ടുണ്ട്.

എല്ലാ രാജ്യങ്ങളുടെയും വായ്പ-ജിഡിപി അനുപാതം ലോക ബാങ്ക് നിരീക്ഷിക്കുകയാണെന്നും ജിം കിം അറിയിച്ചു. ആഫ്രിക്കയിലെ വായ്പ-ജിഡിപി അനുപാതം കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലാണെന്നും എന്നാല്‍ കൂടുതല്‍ കടബാധ്യതയുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ലോക ബാങ്കിന് സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories