യുബര്‍ 2.6 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വേമോ

യുബര്‍ 2.6 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വേമോ

നഷ്ടപരിഹാര തുക ഇത്രവേണമെന്ന് ഇതാദ്യമായാണ് ആല്‍ഫബെറ്റ് കോടതിയില്‍ ഉന്നയിക്കുന്നത്

കാലിഫോര്‍ണിയ : വ്യാപാര രഹസ്യങ്ങളില്‍ ഒന്ന് മോഷ്ടിച്ചതിന് യുബര്‍ 2.6 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തരണമെന്ന് ഓട്ടോണമസ് കാര്‍ കമ്പനിയായ വേമോയുടെ മാതൃ കമ്പനി ആല്‍ഫബെറ്റ്. വേമോയിലെ മുന്‍ ഉദ്യോഗസ്ഥന്‍ സെല്‍ഫ്-ഡ്രൈവിംഗ് സംബന്ധിച്ച തങ്ങളുടെ ഒമ്പത് വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ച് യുബറില്‍ ചേര്‍ന്നുവെന്നാണ് ആല്‍ഫബെറ്റിന്റെ ആരോപണം. യുബറിനെതിരെ നല്‍കിയ കേസില്‍ കോടതിയില്‍ വാദം നടക്കവേയാണ് ആല്‍ഫബെറ്റ് ഇപ്പോള്‍ നഷ്ടപരിഹാര തുക വെളിപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 10 ന് നിശ്ചയിച്ചിരിക്കുന്ന വിചാരണ നീട്ടിവെയ്ക്കണമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ആല്‍ഫബെറ്റ് ആവശ്യപ്പെട്ടു. ഒമ്പത് വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കുന്ന ആല്‍ഫബെറ്റ് ഒരു വ്യാപാര രഹസ്യത്തിനാണ് 2.6 ബില്യണ്‍ ഡോളറെന്ന ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് യുബറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇതാദ്യമായാണ് നഷ്ടപരിഹാര തുക സംബന്ധിച്ച് ആല്‍ഫബെറ്റ് കോടതിയില്‍ വാദമുന്നയിക്കുന്നത്. കേസ് സംബന്ധമായ ഹര്‍ജികളില്‍ നഷ്ടപരിഹാരം ഇത്ര ഡോളര്‍ വേണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. കേസിലെ വിചാരണ നീട്ടിവെയ്ക്കണമെന്ന ആല്‍ഫബെറ്റിന്റെ ആവശ്യം അനാവശ്യമാണെന്ന് കോടതി മുമ്പാകെ യുബര്‍ ബോധിപ്പിച്ചു. ഫയലുകള്‍ മോഷ്ടിച്ച് ഉദ്യോഗസ്ഥന്‍ യുബറില്‍ ചേര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ആല്‍ഫബെറ്റ് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും യുബര്‍ അഭിഭാഷകന്‍ പറഞ്ഞു.

തങ്ങളുടെ മുന്‍ ഉദ്യോഗസ്ഥനായ അന്തോണി ലെവന്‍ഡോവ്‌സ്‌കി 14,000 ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെന്നും ഇവ പിന്നീട് യുബറില്‍ എത്തിച്ചെന്നുമാണ് ആല്‍ഫബെറ്റിന്റെ ആരോപണം. ഓട്ടോ എന്ന സെല്‍ഫ് ഡ്രൈവിംഗ് സ്റ്റാര്‍ട്ടപ്പിനെ യുബര്‍ ഏറ്റെടുക്കുന്നതിന് മുമ്പാണ് മോഷണം നടന്നതെന്നും ആല്‍ഫബെറ്റിന്റെ ആരോപണമാണ്. എന്നാല്‍ ആല്‍ഫബെറ്റിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ യുബര്‍ ഫയലുകളില്‍ ഒന്നുപോലും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാര തുക സംബന്ധിച്ച ആല്‍ഫബെറ്റിന്റെ ആവശ്യം അസംബന്ധമാണെന്നും ഭാവിയിലെ ലാഭ സാധ്യതകളില്‍നിന്ന് ഊഹിച്ചെടുത്തതാണെന്നും യുബര്‍ വാദിച്ചു.

വേമോയിലെ മുന്‍ ഉദ്യോഗസ്ഥന്‍ സെല്‍ഫ്-ഡ്രൈവിംഗ് സംബന്ധിച്ച ഒമ്പത് വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ച് യുബറില്‍ ചേര്‍ന്നുവെന്നാണ് ആല്‍ഫബെറ്റിന്റെ ആരോപണം

ഒമ്പത് വ്യാപാര രഹസ്യങ്ങളില്‍ ഓരോന്നിനും വ്യത്യസ്ത നഷ്ടപരിഹാര തുകയാണ് ആല്‍ഫബെറ്റ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇവയില്‍ ഏത് വ്യാപാര രഹസ്യത്തിനാണ് 2.6 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് വ്യക്തമല്ല. മറ്റ് എട്ട് വ്യാപാര രഹസ്യങ്ങള്‍ക്ക് എത്ര ഡോളറാണ് ആവശ്യപ്പെടുന്നതെന്ന കാര്യത്തിലും സൂചനകളില്ല.

ആല്‍ഫബെറ്റ് കേസ് വിജയിച്ചാല്‍ 2.6 ബില്യണ്‍ ഡോളറിനൊപ്പം മറ്റ് എട്ട് വ്യാപാര രഹസ്യങ്ങളുടെ നഷ്ടപരിഹാര തുകയും ലഭിക്കുമെന്ന് അര്‍ത്ഥമില്ല. ഏറ്റവുമുയര്‍ന്ന നഷ്ടപരിഹാര തുക മാത്രമേ ആല്‍ഫബെറ്റിനായി ജഡ്ജി അംഗീകരിക്കൂ. 2.6 ബില്യണ്‍ ഡോളറാണ് ആല്‍ഫബെറ്റ് ചോദിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയെങ്കില്‍ ആ തുക മാത്രമേ അനുവദിക്കൂ.

യുക്തിസഹമായ ചിന്തിക്കുന്ന ആരും ആവശ്യപ്പെടാത്ത തുകയാണ് ആല്‍ഫബെറ്റിന്റെ അഭിഭാഷകനായ വാഗ്‌നര്‍ നിരത്തുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ യുബര്‍ ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ നീട്ടിവെയ്ക്കുമോയെന്ന് ജഡ്ജി വില്യം അല്‍സപ് വ്യക്തമാക്കിയില്ല. ഒക്ടോബര്‍ 3 നാണ് കേസ് ഇനി പരിഗണിക്കുന്നത്.

Comments

comments

Categories: Auto