റീട്ടെയ്ല്‍ മേഖലയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട്

റീട്ടെയ്ല്‍ മേഖലയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട്

ഏകദേശം 300-500 മില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ടാകും

മുംബൈ: 2017ലെ ഏറ്റവും മികച്ച റീട്ടെയ്ല്‍ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാനം ഇന്ത്യ ചൈനയെ മറികടന്ന് മുസ്വന്തമാക്കിയെന്ന് വിലയിരുത്തല്‍. ആഗോള റീട്ടെയില്‍ വികസന സൂചിക അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇന്ത്യ റീട്ടെയ്ല്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയതെന്ന് ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ എടി കീര്‍ണയുടെ പാര്‍ട്ണര്‍ സുബേന്ദു റോയ് പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യാ റീട്ടെയ്ല്‍ ഫോറം 2017ന്റെ സമാപന ദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്ന ഉപഭോക്തൃ ചെലവിടല്‍, മൊബീല്‍, ഇന്റര്‍നെറ്റ് എന്നിവയുടെ വ്യാപനത്തിലെ വര്‍ധനവ്, അനുകൂലമായ വിദേശ നിക്ഷേപ സാഹചര്യം, പണരഹിത ഇടപാടുകളെയും ജിഎസ്ടിയെയും പിന്തുണയ്ക്കുന്ന ശക്തമായ നീക്കങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് റീട്ടെയ്ല്‍ റാങ്കിംഗില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചത്. മുന്നേറിയത്. ആഗോള ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ഇത് അനുകൂല സാഹചര്യമൊരുക്കിയെന്നും റോയ് പറഞ്ഞു.

കഴിഞ്ഞ 12-15 മാസക്കാലയളവില്‍ കാഷ് ആന്‍ഡ് കാരി രംഗത്ത് മികച്ച ശതമാനം നേട്ടമാണ് ഇന്ത്യക്കുണ്ടായത്. ഈ മേഖലയിലെ പ്രമുഖ വിദേശ റീട്ടെയ്ല്‍ കമ്പനികളായ മെട്രോ, വാള്‍മാര്‍ട്ട്, ബുക്കര്‍ തുടങ്ങിയവര്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചു. തായ്‌ലന്‍ഡില്‍ നിന്നുള്ള റീട്ടെയ്ല്‍ കമ്പനിയായ സിയാം മാക്രോയാണ് ഏറ്റവും ഒടുവിലായി ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും ഇന്ത്യ റീട്ടെയ്ല്‍ റിപ്പോര്‍ട്ട് 2017 പറയുന്നു.

സ്വീഡിഷ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഇകായ 2017ന്റെ അവസാനത്തോടെ പൂനൈയില്‍ തങ്ങളുടെ വിതരണ കേന്ദ്രം തുടങ്ങാന്‍ നീക്കം നടത്തുന്നുണ്ട്. 2018ന്റെ തുടക്കത്തില്‍ ഹൈദരാബാദില്‍ തങ്ങളുടെ ആദ്യ സ്റ്റോര്‍ കമ്പനി തുറക്കും. ഇന്ത്യയില്‍ 25 സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ 1.56 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഇകായയുടെ പദ്ധതി. വന്‍കിട റീട്ടെയ്‌ലര്‍മാര്‍ക്കും ബ്രാന്‍ഡുകള്‍ക്കും പുറമേ ലോകമെമ്പാടുമുള്ള ഇടത്തരം ബ്രാന്‍ഡുകളും ഇന്ത്യയുടെ റീട്ടെയ്ല്‍ അന്തരീക്ഷത്തില്‍ ആകര്‍ഷകരായി വിപണി പ്രവേശനത്തിന് ശ്രമിക്കുന്നുണ്ട്. കോറെസ്, മിഗാത്തോ, എവീസു, വാള്‍സ്ട്രീറ്റ് ഇംഗ്ലീഷ്, പാസ്ത മാനിയ,ലഷ് അഡിക്ഷന്‍, മെല്‍റ്റിംഗ് പോട്ട്, യോഗര്‍ട്ട് ലാബ്, മൊണാലിസ തുടങ്ങിയ ആഗോള റീട്ടെല്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്.

ഇന്ത്യയിലാകെ മൊത്തമായി 2,500- 3,000 വരെ സ്റ്റോറുകള്‍ തുടങ്ങാനാണ് ഈ കമ്പനികള്‍ തയാറെടുക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഏകദേശം 300-500 മില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഗോള പങ്കാളിത്തം വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ റീട്ടെയ്ല്‍ മേഖല കൂടുതല്‍ പുരോഗതി പ്രാപിക്കുകയും സംഘടിതമാകുകയും ചെയ്യുന്നു. ഇത് ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയെ കൂടുതല്‍ മത്സരക്ഷമമമാക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy