ഐയുസി കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ചെയ്യില്ലെന്ന് വിദഗ്ധര്‍

ഐയുസി കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ചെയ്യില്ലെന്ന് വിദഗ്ധര്‍

നിരക്കുയര്‍ത്തുന്നതിന് കമ്പനികളില്‍ സമ്മര്‍ദമുണ്ടാക്കുമെന്നും വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ടെലികോം രംഗത്ത നിലവിലുള്ള സാഹചര്യത്തില്‍ ഐയുസി നിരക്ക് പകുതിയിലധികം കുറയ്ക്കുന്നത് ട്രായ് അവകാശപ്പെടുന്നത് പോലെ ഉപഭോക്താക്കള്‍ നേരിട്ട് പ്രയോജനം ചെയ്യില്ലെന്ന് വിദഗ്ധര്‍. ഐയുസി നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യം ലഭ്യമാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഇന്ത്യന്‍ ടെലികോം വിപണിയിലെ ശക്തമായ മത്സരാന്തരീക്ഷത്തെ തുടര്‍ന്ന് കമ്പനികള്‍ ഇപ്പോള്‍ തന്നെ മിക്ക താരിഫ് പാക്കേജുകളിലും സൗജന്യ വോയിസ് കോള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഇന്ത്യ ടെലികോം ഇന്‍ഡസ്ട്രി വിഭാഗം മേധാവി അര്‍പിത പാല്‍ അഗര്‍വാള്‍ പറഞ്ഞു.

ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി) മിനുറ്റിന് 14 പൈസയില്‍ നിന്നും ആറ് പൈസയാക്കി കുറയ്ക്കുന്നത് ടെലികോം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നായിരുന്നു ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നല്‍കിയ വിശദീകരണം.

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് പോകുന്ന ഫോണ്‍ കോളുകള്‍ക്ക് ടെലികോം കമ്പനികള്‍ നല്‍കേണ്ടി വരുന്ന ഐയുസി നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് ചൊവാഴ്ചയാണ് ട്രായ് പുറത്തിറക്കിയത്. 2020 ജനുവരി ഒന്ന് ആകുന്നതോടെ ഐയുസി പൂര്‍ണമായി ഒഴിവാക്കാനാണ് പദ്ധതിയെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ടെലികോം കമ്പനികളുടെ സാമ്പത്തിക സമ്മര്‍ദം കൂട്ടുന്നതിനും ഭാവിയിലേക്കുള്ള നിക്ഷേപ പദ്ധതികള്‍ തടസപ്പെടുത്തുന്നതിനും ട്രായുടെ നടപടി വഴിയൊരുക്കുമെന്ന് അര്‍പിത അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

ഗാട്ണറില്‍ നിന്നുള്ള ടെലികോം ബിസിനസ് സ്ട്രാറ്റജി അനലിസ്റ്റ് റിഷി തേജ്പാലും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും ടെലികോം കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ ട്രായ് തീരുമാനം പ്രതിഫലിക്കുമെന്നും കമ്പനികളുടെ വരുമാനത്തെ ഇത് ബാധിക്കുമെന്നും റിഷി പറഞ്ഞു. ഓരോ പാദഫലത്തിലും ടെലികോം കമ്പനികളുടെ പ്രതിസന്ധി വ്യക്തമാകുകയാണ്. ഐയുസി വെട്ടിക്കുറയ്ക്കുന്നതോടെ ഈ സമ്മര്‍ദം കൂടുകയും ഇത് മറികടക്കുന്നതിനായി താരിഫ് നിരക്കുയര്‍ത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുമെന്ന് റിഷി തേജ്പാല്‍ കൂട്ടിച്ചേര്‍ത്തു.

ട്രായ് തീരുമാനത്തിലൂടെ മറ്റൊരു പ്രതിസന്ധിയാണ് ടെലികോം മേഖല അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് സൈബര്‍ മീഡിയ റിസര്‍ച്ചില്‍ നിന്നുള്ള ഫൈസല്‍ കവൂസയും വ്യക്തമാക്കിയ.

Comments

comments

Categories: Business & Economy