ബംഗാളിലെ സിബിഎം ബ്ലോക്ക് പദ്ധതി ഒഎന്‍ജിസി ഒഴിവാക്കുന്നു

ബംഗാളിലെ സിബിഎം ബ്ലോക്ക് പദ്ധതി ഒഎന്‍ജിസി ഒഴിവാക്കുന്നു

ബൊക്കാറോയിലെ സിബിഎം ബ്ലോക്കില്‍ നിന്ന് ഫെബ്രുവരി മുതല്‍ ഗ്യാസ് ഉല്‍പ്പാദിപ്പിച്ചു തുടങ്ങും

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലുള്ള കോള്‍ ബെഡ് മീഥെയ്ന്‍ (സിബിഎം) ബ്ലോക്ക് പദ്ധതിയില്‍ നിന്ന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ഒഴിവാകുമെന്ന് കമ്പനി ഡയറക്റ്റര്‍ വേദ് പ്രകാശ് മഹാവര്‍ അറിയിച്ചു. എന്നാല്‍, ബൊക്കാറോയിലെ സിബിഎം ബ്ലോക്കില്‍ നിന്ന് ഫെബ്രുവരി മുതല്‍ ഗ്യാസ് ഉല്‍പ്പാദിപ്പിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപത്തു തന്നെ ഒരു വിമാനത്താവളത്തിന്റെ റണ്‍വേ സ്ഥിതി ചെയ്യുന്നതിനാല്‍ റാണിഗഞ്ച് നോര്‍ത്ത് ബ്ലോക്ക് വികസിപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് മഹാവര്‍ പറഞ്ഞു. റണ്‍വേയുടെ അടിയില്‍ ഗ്യാസ് കുഴിച്ചെടുക്കുന്നതിന്റെ സാധ്യതകളെപ്പറ്റി കമ്പനി ആരാഞ്ഞിരുന്നു. എന്നാല്‍, അത് പ്രായോഗികമല്ലെന്ന് കണ്ടെത്തി.

സമീപത്തു തന്നെ വിമാനത്താവളത്തിന്റെ റണ്‍വേ സ്ഥിതി ചെയ്യുന്നതിനാല്‍ റാണിഗഞ്ച് നോര്‍ത്ത് ബ്ലോക്ക് വികസിപ്പിക്കാന്‍ സാധിക്കുകയില്ല

ബൊക്കാറോ, ഝാരിയ, നോര്‍ത്ത് കരണ്‍പുര തുടങ്ങിയ സിബിഎം ബ്ലോക്കുകളില്‍ ഒഎന്‍ജിസിക്ക് ഓഹരികളുണ്ട്. ഒഎന്‍ജിസിക്കായി നീക്കിവെച്ചിരുന്ന ഒന്‍പത് സിബിഎം ബ്ലോക്കുകളില്‍, മോശം ഉല്‍പ്പാദനത്തെ തുടര്‍ന്ന് അഞ്ചെണ്ണത്തില്‍ നിന്ന് കമ്പനി പിന്‍വാങ്ങിയിരുന്നു.

ഫെബ്രുവരിയില്‍ ബൊക്കാറോ ബ്ലോക്കില്‍ നിന്ന് ഗ്യാസ് ഉല്‍പ്പാദനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ബൊക്കാറോയിലെ ഒന്‍പത് സൈറ്റുകള്‍ ഗ്യാസ് കുഴിച്ചെടുക്കുന്നതിന് സജ്ജമാണ്. റിങ്ങുകള്‍ ഒക്‌റ്റോബറില്‍ വിന്യസിക്കുന്നതായിരിക്കും. ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസിന്റെ വിപണന തന്ത്രങ്ങള്‍ ഒഎന്‍ജിസി തയാറാക്കിവരികയാണ്-മഹാവര്‍ പറഞ്ഞു.

പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് പുരോഗമിക്കുന്നു. ദീര്‍ഘകാല പാട്ട വ്യവസ്ഥയിലാണ് ഒഎന്‍ജിസി ഉടമസ്ഥരില്‍ നിന്ന് ഭൂമി വാങ്ങുന്നത്. ഗ്യാസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. 2019 പകുതിയോടെ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പ്രതിദിനം പരമാവധി ഏഴ് ലക്ഷം ക്യുബിക് മീറ്റര്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുകയാണ് ഒഎന്‍ജിസിയുടെ ലക്ഷ്യം.

Comments

comments

Categories: Business & Economy