നൂറ് ശതമാനം ഇലക്ട്രിക് മൊബിലിറ്റി എന്നതില്‍ മാറ്റമില്ലെന്ന് നിതിന്‍ ഗഡ്കരി

നൂറ് ശതമാനം ഇലക്ട്രിക് മൊബിലിറ്റി എന്നതില്‍ മാറ്റമില്ലെന്ന് നിതിന്‍ ഗഡ്കരി

2030 മുതല്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കും

ന്യൂ ഡെല്‍ഹി : 2030 ഓടെ നൂറ് ശതമാനം ഇലക്ട്രിക് മൊബിലിറ്റി രാജ്യമെന്ന ലക്ഷ്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയുടെ ഇലക്ട്രിക് വാഹന നയത്തിന് താന്‍ അനുമതി നല്‍കിയെന്നും അംഗീകാരത്തിനായി കാബിനറ്റ് മുമ്പാകെ നിതി ആയോഗ് നയം വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2030 മുതല്‍ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്ന ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് നിതിന്‍ ഗഡ്കരി തറപ്പിച്ചു പറഞ്ഞു. അതായത് 2030 മുതല്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കും. അല്ലാത്തവ വില്‍ക്കാന്‍ കഴിയില്ല. അതേസമയം 2030 ന് മുമ്പുതന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇലക്ട്രിക് വാഹന നയത്തിന് താന്‍ അനുമതി നല്‍കിയെന്നും അംഗീകാരത്തിനായി കാബിനറ്റ് മുമ്പാകെ നിതി ആയോഗ് നയം വൈകാതെ അവതരിപ്പിക്കുമെന്നും ഗഡ്കരി

വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം പുറത്തിറക്കുന്ന തലത്തിലേക്ക് അതിവേഗം മാറണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇലക്ട്രിക് വാഹന നയം അടിവരയിടുന്നത് ഈ ആവശ്യത്തിനാണ്. നിതി ആയോഗ് ആണ് നയം തയ്യാറാക്കിയത്.

ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണ്ണമായും ആശ്ലേഷിക്കുന്നതിന് പ്രധാന വെല്ലുവിളികളിലൊന്നായി വാഹന നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് ലിഥിയം-അയണ്‍ ബാറ്ററികളുടെ ഉയര്‍ന്ന വിലയാണ്. ഇത്തരം ബാറ്ററികളുടെ വില കുറഞ്ഞുവരുന്നതായി നിതിന്‍ ഗഡ്കരി കൃത്യമായ മറുപടി നല്‍കിയിരുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വാഹന നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന പോരായ്മ. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ അപര്യാപ്തത. പുതിയ ഇലക്ട്രിക് വാഹന നയം ഇതിനെല്ലാം പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യത്തിനായി ചൈനയും യുകെയും സമാനമായ നയം തയ്യാറാക്കിവരികയാണ്.

Comments

comments

Categories: Auto