ടെസ്‌ലയെ എതിരിടാന്‍ പുതിയ കാര്‍ ബ്രാന്‍ഡുമായി മഹീന്ദ്ര വരുന്നു

ടെസ്‌ലയെ എതിരിടാന്‍ പുതിയ കാര്‍ ബ്രാന്‍ഡുമായി മഹീന്ദ്ര വരുന്നു

പിനിന്‍ഫാറിന ബ്രാന്‍ഡില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ്

ന്യൂ ഡെല്‍ഹി : പിനിന്‍ഫാറിന സമീപ ഭാവിയില്‍ വാഹന നിര്‍മ്മാതാക്കളായി മാറും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആദ്യ കാര്‍ പുറത്തിറക്കാനാണ് പിനിന്‍ഫാറിന തയ്യാറെടുക്കുന്നത്. ഫെറാരിയുമായി ദശാബ്ദങ്ങളായുള്ള ബന്ധത്തിന്റെ പേരിലാണ് കാര്‍ ഡിസൈന്‍ സ്ഥാപനവും കോച്ച്ബില്‍ഡറുമായ ഈ ഇറ്റാലിയന്‍ കമ്പനി പ്രസിദ്ധം. 2015 ല്‍ ഇന്ത്യയുടെ മഹീന്ദ്ര ഗ്രൂപ്പ് പിനിന്‍ഫാറിന ഏറ്റെടുത്തിരുന്നു. പിനിന്‍ഫാറിനയെ ഉപയോഗിച്ച് ഇലക്ട്രിക് കാര്‍ രംഗത്തെ അതികായനായ അമേരിക്കന്‍ കമ്പനി ടെസ്‌ലയെ വെല്ലുവിളിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ മഹീന്ദ്ര. പിനിന്‍ഫാറിന ബ്രാന്‍ഡില്‍ അങ്ങേയറ്റം ആഡംബരമായ കാറുകള്‍ നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

1930 ല്‍ സ്ഥാപിതമായ പിനിന്‍ഫാറിന ഫെറാരിയുടെ പ്രശസ്തങ്ങളായ ചില റോഡ് മോഡലുകള്‍ രൂപകല്‍പ്പന ചെയ്തതിന്റെ പേരിലാണ് ലോകമെങ്ങും അറിയപ്പെട്ടത്. ഡിസൈനര്‍ അഥവാ ബോഡി സ്‌പെഷലിസ്റ്റ് എന്ന നിലയില്‍നിന്നുമാറി കാര്‍ നിര്‍മ്മാതാക്കള്‍ എന്ന ചുമതല ഏറ്റെടുക്കുകയാണ് ഇപ്പോള്‍ പിനിന്‍ഫാറിന. പൂര്‍ണ്ണ ഇലക്ട്രിക് കാറുകള്‍ മാത്രമായിരിക്കും പിനിന്‍ഫാറിന ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്. പ്രീമിയം സെഗ്‌മെന്റ് മാത്രമാണ് ലക്ഷ്യം. ടെസ്‌ലയെ ആണ് പ്രധാന എതിരാളിയായി മുന്നില്‍ കാണുന്നത്. ആദ്യ കാറിന്റെ നിര്‍മ്മാണം പിനിന്‍ഫാറിന ഇതിനകം തുടങ്ങിക്കഴിഞ്ഞു.

ആദ്യ മോഡല്‍ പുറത്തിറക്കിയശേഷം സെഡാന്‍, എസ്‌യുവി, ഹാച്ച്ബാക്ക് അല്ലെങ്കില്‍ ക്രോസ്ഓവര്‍ എന്നിവയാണ് ആദ്യ 3-5 വര്‍ഷ കാലയളവില്‍ നിര്‍മ്മിക്കുക.

മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് പാപ്പരത്ത വക്കിലായിരുന്നു പിനിന്‍ഫാറിന. സ്‌കുഡേറിയ സ്വന്തം ഡിസൈന്‍ വിഭാഗം ആരംഭിച്ചതോടെ ഫെറാരി കാറുകള്‍ രൂപകല്‍പ്പന ചെയ്യുകയെന്ന ജോലി 2012 ല്‍ പിനിന്‍ഫാറിനയ്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ കാര്‍ നിര്‍മ്മാതാക്കളാവുകയെന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം പുതിയ ആശയമല്ല. പിനിന്‍ഫാറിനയുടെ സ്ഥാപകര്‍ ഈ സ്വപ്‌നം കണ്ടിരുന്നു. പിനിന്‍ഫാറിന സ്ഥാപകന്റെ സ്വപ്‌നം താന്‍ പൂവണിയിക്കുമെന്ന് ഏറ്റെടുക്കുന്ന വേളയില്‍ താന്‍ വ്യക്തിപരമായി ഉറപ്പ് നല്‍കിയിരുന്നതായി ആനന്ദ് മഹീന്ദ്ര പറഞ്ഞു. പിനിന്‍ഫാറിന സ്ഥാപിച്ച ബാറ്റിസ്റ്റ ഫാറിനയെയാണ് ആനന്ദ് മഹീന്ദ്ര അനുസ്മരിച്ചത്. മൂന്ന് സഹോദരന്‍മാരില്‍ ഏറ്റവും ഇളയവനായ ബാറ്റിസ്റ്റയെ പിനിന്‍ എന്നാണ് വിളിച്ചിരുന്നത്. ഏറ്റവും ഇളയവന്‍ എന്നര്‍ത്ഥം.

ടെസ്‌ലയെപ്പോലെ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമായിരിക്കും പിനിന്‍ഫാറിന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ മത്സരയോട്ടമായ ഫോര്‍മുല ഇ യിലെ മഹീന്ദ്രയുടെ പരിചയസമ്പത്തും ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തെ വൈദഗ്ധ്യവും പിനിന്‍ഫാറിനയ്ക്ക് തുണയാകും. കൂടുതല്‍ ഫലപ്രദമായ ചാര്‍ജര്‍ വികസിപ്പിക്കുന്ന കാര്യവും പിനിന്‍ഫാറിനയുടെ അജണ്ടയിലുണ്ട്. ഒരു മോഡല്‍ നിര്‍മ്മിച്ചുകൊണ്ട് പിനിന്‍ഫാറിന കാറുകളുടെ വില്‍പ്പന തുടങ്ങിവെയ്ക്കും. തുടര്‍ന്ന് ഒരു സെഡാന്‍, ഒരു എസ്‌യുവി, ഒരു ഹാച്ച്ബാക്ക് അല്ലെങ്കില്‍ ക്രോസ്ഓവര്‍ എന്നിവയാണ് ആദ്യ 3-5 വര്‍ഷ കാലയളവില്‍ നിര്‍മ്മിക്കുക. ജനീവ മോട്ടോര്‍ ഷോയിലായിരിക്കും പിനിന്‍ഫാറിന ബ്രാന്‍ഡിലെ ആദ്യ കാറിന്റെ അരങ്ങേറ്റം. യുഎസ്, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളാണ് പ്രധാന ലക്ഷ്യം. ഭാവിയില്‍ പുതിയ ഉടമസ്ഥരുടെ നാടായ ഭാരതത്തിലും എത്തിയേക്കും.

Comments

comments

Categories: Auto