ജിസിസി രാജ്യങ്ങളിലെ ഇന്ത്യയുടെ മൊത്ത നിക്ഷേപം 3 ബില്യണ്‍ ഡോളറിലെത്തി

ജിസിസി രാജ്യങ്ങളിലെ ഇന്ത്യയുടെ മൊത്ത നിക്ഷേപം 3 ബില്യണ്‍ ഡോളറിലെത്തി

ജിസിസിയിലെ മൊത്ത നിക്ഷേപത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം 16.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: ജിസിസി (ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലെ മൊത്തം നിക്ഷേപത്തില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിച്ചതായി ഗവേഷണ റിപ്പോര്‍ട്ട്. 2011 മുതല്‍ 2016 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ ജിസിസിയിലെ മൊത്തം നിക്ഷേപത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം 4.7 ശതമാനത്തില്‍ നിന്നും 16.2 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക- രാഷ്ട്രീയ കൂട്ടായ്മയാണ് ജിസിസി.

ഇതേ കാലയളവില്‍ ജിസിസിയില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ടുള്ള നിക്ഷേപം 0.7 ശതമാനത്തില്‍ നിന്നും 2.95 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) കുറവ് വന്നിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം 15.9 ശതമാനത്തിന്റെ സംയോജിത വാര്‍ഷിക വളര്‍ച്ച നിരക്കോടെ 1.4 ബില്യണ്‍ ഡോളറില്‍ നിന്നും മൂന്ന് ബില്യണ്‍ ഡോളറിലേക്ക് വര്‍ധിക്കുകയായിരുന്നു. ‘ജിസിസി-ഇന്ത്യ ഇടനാഴി നിക്ഷേപാവസരങ്ങളും വെല്ലുവിളികളും’ എന്ന പേരില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് അഡ്വസൈറി സംരംഭമായ ആല്‍പെന്‍ കാപിറ്റലാണ് ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളാണ് ജിസിസിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

ജിസിസിക്കും ഇന്ത്യക്കും ഇടയിലുള്ള നിക്ഷേപ താല്‍പ്പര്യങ്ങളും വ്യാപാര പ്രവണതകളും ബന്ധം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള തന്ത്രപരമായ സര്‍ക്കാര്‍ നടപടികളും റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. ബിസിനസ് സൗഹൃദ അന്തരീക്ഷമൊരുക്കുന്നതില്‍ രാജ്യങ്ങള്‍ക്കിടയിലുള്ള മല്‍സരം വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഇരുമേഖലകളും തമ്മില്‍ സഹകരണത്തിനും നിക്ഷേപത്തിനും സാധ്യതയുള്ള മേഖലകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളാണ് ജിസിസിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

സംസ്‌കാരം, വാണിജ്യം, പ്രതിരോധം, രാഷ്ട്രീയം എന്നീ മേഖലകളില്‍ ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്നുണ്ട്. സഹകരണ സാധ്യതകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് വാണിജ്യത്തിനുമപ്പുറം ഇന്ത്യയുമായുള്ള ജിസിസി രാജ്യങ്ങളുടെ ബന്ധം ദൃഢമാകുകയാണെന്നും ആല്‍പെന്‍ കാപിറ്റല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രോഹിത് വാലിയ പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വികസ്വര സമ്പദ്‌വ്യവസ്ഥയെന്ന നിലയില്‍ അടിസ്ഥാനസൗകര്യങ്ങളും ഡിജിറ്റല്‍ ശാക്തീകരണവും തദ്ദേശീയ ഉല്‍പ്പാദനവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും രോഹിത് വാലിയ വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories