ഇന്ത്യന്‍ സിഎഫ്ഒമാര്‍ക്ക് ബിസിനസ് ആത്മവിശ്വാസം കുറയുന്നു: സര്‍വെ

ഇന്ത്യന്‍ സിഎഫ്ഒമാര്‍ക്ക് ബിസിനസ് ആത്മവിശ്വാസം കുറയുന്നു: സര്‍വെ

നിക്ഷേപം സമാഹരിക്കുന്നതിനായുള്ള ചെലവ് സംബന്ധിച്ചും കുറഞ്ഞ ശുഭാപ്തി വിശ്വാസമാണ് ഓഫീസര്‍മാര്‍ക്കുള്ളത്

മുംബൈ: നോട്ട് അസാധുവാക്കല്‍ നയം മൂലമുണ്ടായ ആഘാതവും ജിഎസ്ടിയുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം ഇന്ത്യയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്ക് (സിഎഫ്ഒ) ബിസിനസ് ആത്മവിശ്വാസം കുറയുന്നതായി കണ്ടെത്തല്‍. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തെ മൊത്തം സാമ്പത്തികാന്തരീക്ഷത്തിലുള്ള ആത്മവിശ്വാസം അഞ്ച് പാദത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് ഇടിഞ്ഞിട്ടുണ്ടെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് സിഎഫ്ഒ ശുഭാപ്തിവിശ്വാസ സൂചിക 11 ശതമാനം ഇടിഞ്ഞു. മുന്‍ പാദത്തെ അപേക്ഷിച്ച് സൂചികയില്‍ 5.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് ഇന്ത്യ സിഎഫ്ഒ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ 300ഓളം സിഎഫ്ഒമാര്‍ സര്‍വെയില്‍ പങ്കെടുത്തു.

രാജ്യത്തെ മൊത്തം സൂക്ഷ്മ സാമ്പത്തികാന്തരീക്ഷത്തേക്കാള്‍ തങ്ങളുടെ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലാണ് സിഎഫ്ഒമാര്‍ കൂടുതല്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചിട്ടുള്ളത്. ജിഡിപിയില്‍ അനുഭവപ്പെട്ട തളര്‍ച്ചയും പുറത്തുനിന്നുള്ള ആവശ്യകതയിലുണ്ടായ ഇടിവും കോര്‍പ്പറേറ്റ്-ബാങ്കിംഗ് രംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമാണ് സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം കുറയ്ക്കുന്നതെന്ന് ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് മാനേജിംഗ് ഡയറക്റ്റര്‍ മനീഷ് സിന്‍ഹ പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയതുമൂലമുണ്ടായ ആശങ്കകളും ചില സിഎഫ്ഒമാരുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം ഇതിനകം തന്നെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരെ ദുര്‍ബലരാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറയുന്നതും അവരുടെ ബിസിനസ് ആത്മവിശ്വാസം കെടുത്തുന്നുണ്ടെന്ന് സിന്‍ഹ പറയുന്നു. ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലെത്തിയിരുന്നു.

നിക്ഷേപം സമാഹരിക്കുന്നതിനായുള്ള ചെലവ് സംബന്ധിച്ചും കുറഞ്ഞ ശുഭാപ്തി വിശ്വാസമാണ് ഓഫീസര്‍മാര്‍ക്കുള്ളത്. സര്‍വെയില്‍ പങ്കെടുത്ത 35 ശതമാനം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ മാത്രമാണ് നിക്ഷേപം സമാഹരിക്കുന്നതിനുള്ള ചെലവ് കുറയുമെന്ന് പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേറ്റ് മേഖലയിലെ സാമ്പത്തിക സമ്മര്‍ദം മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് 59 ശതമാനം പേരും പ്രതികരിച്ചു. 2012 രണ്ടാം പാദത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സാമ്പത്തിക പ്രതിസന്ധിയാണ് കോര്‍പ്പറേറ്റ് രംഗം അഭിമുഖീകരിക്കുന്നതെന്നാണ് സിഎഫ്ഒമാര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy