സാമ്പത്തിക പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും

സാമ്പത്തിക പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും

കഴിഞ്ഞ രണ്ടാഴ്ചയായി പുറത്തുവരുന്ന കണക്കുകള്‍ സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വകാലത്തേക്കുള്ള സാധ്യതകള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 5.7 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി ഇത് അഞ്ചാം പാദമാണ് വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായി മാറുകയാണ്. കഴിഞ്ഞയാഴ്ച ടി എന്‍ നൈനാന്‍ ചൂണ്ടിക്കാണിച്ചതു പോലെ, സമ്പദ് വ്യവസ്ഥ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് നേടിയിട്ട് ആറ് വര്‍ഷമായിരിക്കുന്നു. 2003 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലേതു പോലുള്ള നല്ല ദിനങ്ങള്‍ ഇന്ത്യയെ ഇനിയും തേടിയെത്തുമെന്നുള്ള പ്രവചനങ്ങള്‍ ആറ് വര്‍ഷമായി നടന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 8.4 ശതമാനം പ്രതിവര്‍ഷ നിരക്കില്‍ ഇന്ത്യ വളരുമെന്നുള്ള പ്രവചനങ്ങളും ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ എല്ലാ പാദങ്ങളിലും, ദയനീയമായ സാമ്പത്തിക വളര്‍ച്ചാ കണക്കുകളെ ലളിതവല്‍ക്കരിക്കുകയെന്ന സൗകര്യമനുസരിച്ചുള്ളതും ക്ഷണഭംഗുരവുമായ പ്രതിഭാസം നിലനിലനില്‍ക്കുന്നു. പ്രാഥമികമായി പറഞ്ഞാല്‍, വരള്‍ച്ച പിടിമുറുക്കിയ ഈ വര്‍ഷങ്ങള്‍ക്കൊപ്പം തന്നെ ആഗോള സാമ്പത്തിക മാന്ദ്യവുമുണ്ടായിരുന്നു. അതിനുശേഷം നടത്തിയ നോട്ട് അസാധുവാക്കലും തിരക്കിട്ട് നടപ്പിലാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി)യുമെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.

നിരത്തുന്ന കാരണങ്ങള്‍ എന്തൊക്കെ തന്നെയായിക്കോട്ടെ, കഴിഞ്ഞ രണ്ടാഴ്ചയായി പുറത്തുവരുന്ന അക്കങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വകാലത്തേക്കുള്ള സാധ്യതകള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 5.7 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി ഇത് അഞ്ചാം പാദമാണ് വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. വ്യവസായിക പ്രവര്‍ത്തന സൂചിക (ഐഐപി) അടിസ്ഥാനമാക്കി രാജ്യത്തിന്റെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏപ്രിലിനും ജൂലൈയ്ക്കുമിടയില്‍ ഇത് 1.7 ശതമാനം മാത്രമാണ്. 2016ലെ സമാന കാലയളവില്‍ ഇത് 6.5 ശതമാനമായിരുന്നുവെന്നും കൂടി ഓര്‍ക്കേണ്ടതുണ്ട്. വ്യാവസായിക പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ തര്‍ക്കമറ്റ കാര്യമാണ്.

പണപ്പെരുപ്പ കണക്കുകളും അത്ര ശുഭകരമല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സമ്പദ് വ്യവസ്ഥയിലെ പണച്ചുരുക്കം സംബന്ധിച്ച അറിയിപ്പുകള്‍ക്ക് വിപരീതമായി, ഓഗസ്റ്റില്‍ ഉപഭോക്തൃ വില സൂചിക 3.36 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂലൈയിലെ 2.36 ശതമാനം എന്ന നിലയിലെ ഉയര്‍ച്ചയ്ക്കു ശേഷമാണിത്. ജൂലൈയ്ക്ക് മുന്‍പുള്ള മൂന്നു മാസങ്ങളിലെ പണപ്പെരുപ്പ നിരക്കിലെ ഇടിവിനു ശേഷം, സാധനങ്ങളുടെ വില മുകളിലേക്ക് തന്നെ കുതിച്ചുയരുന്ന പതിവ് പ്രവണതയ്ക്കാണ് ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. അടുത്ത നയപ്രഖ്യാപന വേളയില്‍ ആര്‍ബിഐ ഏതെങ്കിലും തരത്തില്‍ നിരക്കുകളില്‍ കുറവു വരുത്തുമെന്ന പ്രതീക്ഷകളെ ഇത് കാറ്റില്‍പ്പറത്തുന്നു. അതിനാല്‍, സമ്പദ് വ്യവസ്ഥയുടെ എല്ലാ ധനാഗമന മാര്‍ഗങ്ങളും അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു.

എങ്ങനെയായാലും, സമ്പദ് വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ക്ക് പണം വരുന്ന വഴികളിലൂടെ മാത്രം പരിഹാരം കാണാന്‍ സാധിക്കുകയില്ല. സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായി വര്‍ത്തിക്കുന്ന നാല് എന്‍ജിനുകളാണുള്ളത്. നിലവില്‍ അവയെല്ലാം പുകമറയ്ക്കുള്ളിലാണ്. ആ നാല് എന്‍ജിനുകളാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ചെലവിടല്‍ എന്നിവ.

സമ്പദ് വ്യവസ്ഥയെ തിരികെയെത്തിക്കുന്നതിനുള്ള മികച്ച വഴികള്‍ ഏതെന്നതിന് എളുപ്പമുള്ള ഉത്തരമില്ല. എന്നാല്‍, സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന ഏത് മാര്‍ഗവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി നിര്‍ണയിക്കുന്ന ഒന്നായി മാറും. ഈ പ്രശ്‌നത്തിന്റെ ഏറ്റവും വലിയ ആഘാതമായ, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെപ്പറ്റി ആരും ശബ്ദമുയര്‍ത്തിക്കേള്‍ക്കുന്നുമില്ല

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റവും മോശം അവസ്ഥയിലാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപത്തിന്റെ വരവ്. പ്രത്യേകിച്ച്, കിട്ടാക്കടം സംബന്ധിച്ച ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമായി തുടങ്ങിയപ്പോള്‍ മുതല്‍. ജിഡിപിയുടെ അനുപാതത്തിന് അനുസൃതമായ അറ്റ സ്ഥിര മൂലധന നിക്ഷേപം 2011-12 ധനകാര്യ വര്‍ഷത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായ 34.31 ശതമാനത്തില്‍ നിന്ന് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 29.55 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയുണ്ടായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ക്രമാതീതമായി വര്‍ധിച്ചു തുടങ്ങിയതിനാല്‍ പുതിയ വായ്പകള്‍ കൊടുക്കുന്നതില്‍ അവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിത്തുടങ്ങിയതോടെ, ഈ സംഖ്യകളില്‍ അടുത്ത കാലത്തൊന്നും ഒരു മുന്നേറ്റവും പ്രതീക്ഷിക്കേണ്ടതില്ല.ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് വ്യക്തിഗത ഉപഭോഗ പ്രവണതകളും തീരെ അനുകൂലമല്ല. ഇക്കഴിഞ്ഞ പാദത്തില്‍ ഉപഭോക്തൃ ഉപഭോഗത്തില്‍ 6.7 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉയര്‍ന്ന ആശങ്കകള്‍ നിമിത്തം ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതില്‍ താല്‍പര്യം കാണിക്കാത്തതിനാല്‍, ഇത് ഹ്രസ്വകാല പ്രതിഭാസമാണെന്ന് കരുതാം. എന്നാല്‍, തല്‍സ്ഥിതിയില്‍ സംതൃപ്തി കണ്ടെത്തുകയും ഉപഭോഗം വര്‍ധിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നത് മുന്നോട്ടുള്ള പ്രയാണത്തിന് മികച്ച മാര്‍ഗമായിരിക്കുകയില്ല.

ഇന്ത്യയുടെ വളര്‍ച്ചാ ഗതിയുടെ നിര്‍ണായക ഘടകമായ കയറ്റുമതി വളര്‍ച്ചാ നിരക്ക് 2009-10 ധനകാര്യ വര്‍ഷത്തില്‍ 20 ശതമാനമായിരുന്നത് 2010-11ല്‍ 16 ശതമാനത്തിലേക്ക് തിരിച്ചിറങ്ങി. ഒറ്റയക്ക വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ ഈ മേഖല കാഴ്ചവയ്ക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി നിരക്ക് 5.3 ശതമാനമായി കുത്തനെ താഴ്ന്നുവെന്നതും വസ്തുതയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10 ശതമാനമായി വര്‍ധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വാമിനാഥന്‍ അയ്യര്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയത് പോലെ, ഇന്ത്യയുടെ വളര്‍ച്ചാ അഭിലാഷങ്ങള്‍ക്ക് ഈ നിരക്ക് പര്യാപ്തമാവുകയില്ല. പ്രതിവര്‍ഷം 15 ശതമാനമെങ്കിലും കയറ്റുമതി നിരക്ക് രേഖപ്പെടുത്താത്ത ഒരു രാജ്യത്തിനും ഏഴ് ശതമാനമെന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുകയില്ല.
അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ എന്‍ജിന്‍ സര്‍ക്കാര്‍ ചെലവിടലാണ്. നിലവില്‍ ഇത് വളരെ മികച്ച രീതിയിലാണ് പോകുന്നതെങ്കിലും ഭാവി അത്ര ശോഭനമല്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സര്‍ക്കാര്‍ ചെലവിടലില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും നോട്ട് അസാധുവാക്കലിന് ശേഷം കഴിഞ്ഞ പാദത്തില്‍ ഇത് 17 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന ഇരട്ടയക്ക വളര്‍ച്ച നേടി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ നേരിയ തോതില്‍ രേഖപ്പെടുത്തിയ മുന്നേറ്റത്തിന് കാരണമായി ഭവിച്ച ഘടകം ഇതാണ്. എന്നിരുന്നാലും, ഈ പ്രക്രിയയില്‍ ധനകമ്മി കുറയ്ക്കുന്നതിനുള്ള വാര്‍ഷിക ലക്ഷ്യത്തിന്റെ 92.4 ശതമാനവും സര്‍ക്കാര്‍ ഇതിനോടകം വിനിയോഗിച്ചു തീര്‍ത്തിട്ടുണ്ട്. ധനകമ്മി 3.2 ശതമാനമായി നിലനിര്‍ത്തുന്നതിന് ചെലവിടല്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. അതോടെ, സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കുള്ള എല്ലാ സാധ്യതകളും അടഞ്ഞു പോകും. പണമിടപാടുകള്‍ക്കൊപ്പം സാമ്പത്തിക ലക്ഷ്യത്തിന്റെ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നില്ലെങ്കില്‍, അത് കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിശ്വാസ്യതയെ ദോഷകരമായി ബാധിക്കും.

അതിനാല്‍, ഏഴു ശതമാനമെന്ന വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാരിന് ഇനിയെന്ത് ചെയ്യാന്‍ കഴിയും? പ്രശ്‌നം ക്ഷണികമല്ലെന്ന് വ്യക്തമാണ്. അതിന് ഘടനാപരമായി രൂപമുണ്ട്. അതിനാല്‍ ഘടനാപരമായ പരിഹാരമാര്‍ഗങ്ങളും ആവശ്യമുണ്ട്. നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച പ്രശ്‌നത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ പാടില്ല. സര്‍ക്കാരിന് കിട്ടാക്കടമെന്നത് ഒരു ദൗര്‍ബല്യമാണ്. അതിനാല്‍, അത് പരിഹരിക്കാന്‍ കഴിയില്ല. ഇതു കാരണം, സ്വകാര്യ നിക്ഷേപവും തടസപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയുടെ അനിഷേധ്യ ഘടകമാണിത്. സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപം ഒന്നുകൊണ്ട് മാത്രം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടാനും കഴിയില്ല.

അതുകൊണ്ട്, ബാങ്കുകള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിനായിരിക്കണം സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കേണ്ടത്. അത് നിറവേറ്റാനുള്ള വഴികള്‍ അത്യാവശ്യമായി കണ്ടെത്തേണ്ടതുണ്ട്. ഓഹരി വിപണികള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സമയമായതിനാല്‍ ഷെയറുകള്‍ വിറ്റഴിക്കുന്നത് ഒരു മികച്ച വരുമാന മാര്‍ഗമായി സ്വീകരിക്കണം. സമ്പദ് വ്യവസ്ഥയെ തിരികെയെത്തിക്കുന്നതിനുള്ള മികച്ച വഴികള്‍ ഏതെന്നതിന് എളുപ്പമുള്ള ഉത്തരമില്ല. എന്നാല്‍, സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന ഏത് മാര്‍ഗവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി നിര്‍ണയിക്കുന്ന ഒന്നായി മാറും. ഈ പ്രശ്‌നത്തിന്റെ ഏറ്റവും വലിയ ആഘാതമായ, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെപ്പറ്റി ആരും ശബ്ദമുയര്‍ത്തിക്കേള്‍ക്കുന്നുമില്ല. ഇക്കാര്യങ്ങളേക്കാള്‍ ഉപരിയായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അനുദിനം കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നങ്ങള്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി തീരും. ഏറ്റവും നല്ലതിനുവേണ്ടി പ്രതീക്ഷിക്കുക എന്നു മാത്രമേ ഈ സാഹചര്യത്തില്‍ പറയാന്‍ കഴിയൂ.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്‌നെസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider