കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ സഹകരണ സംരംഭങ്ങള്‍ പിന്തുണ നല്‍കണം: പ്രധാനമന്ത്രി

കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ സഹകരണ സംരംഭങ്ങള്‍ പിന്തുണ നല്‍കണം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: 2022ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹകരണ സ്ഥാപനങ്ങള്‍ പുതിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തേനീച്ച വളര്‍ത്തല്‍, മത്സ്യ മേഖല, കടല്‍പ്പായല്‍ വളര്‍ത്തല്‍ തുടങ്ങിയ മേഖലകളെ പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. സഹകാരികള്‍ എന്ന മനോഭാവം ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനത്തിന്റെ നേതാവായ ലക്ഷ്മണ്‍ മാധവ് റാവു ഇനാംദറിന്റെ ജന്മശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യയില്‍ സഹകരണ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സംവിധാനമാണുള്ളത്. സഹകരണ മേഖലയ്ക്ക് ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുന്ന നിരവധി മേഖലകളുണ്ട്. പഴയ മാതൃകകളില്‍ ഉപേക്ഷിക്കേണ്ടവയെ ഉപേക്ഷിച്ച് പുതിയ മാര്‍ഗങ്ങളില്‍ മികച്ചതിനെ തെരഞ്ഞെടുക്കാന്‍ സഹകരണമേഖലയ്ക്കാകണം. വളര്‍ച്ചയുടെ പാതയില്‍ ഗ്രാമീണ ഇന്ത്യയെ മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോദി കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് ഒരു സംവിധാനം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ക്ഷീരസഹകരണ സംഘങ്ങളുമായി പങ്കാളിത്തമുള്ള കര്‍ഷകര്‍ പാല്‍ മൊത്ത വ്യാപാര വിലയ്ക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനാല്‍ വളര്‍ച്ച നേടുന്നു. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്കാകട്ടെ വലിയ നേട്ടമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories