പാപ്പരത്ത നിയമം മികച്ച നടപടി: ജസ്പാല്‍ ബിന്ദ്ര

പാപ്പരത്ത നിയമം മികച്ച നടപടി: ജസ്പാല്‍ ബിന്ദ്ര

നടപ്പിലാക്കി ആറ് മുതല്‍ ഒന്‍പത് മാസത്തിനുള്ളില്‍ ഒരു പരിഷ്‌കാരത്തിനെ വിലയിരുത്തുന്നത് നീതിയല്ല

ന്യൂഡെല്‍ഹി: കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് സമയബന്ധിതമായി സ്വീകരിക്കപ്പെട്ട ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് പാപ്പരത്ത നിയമമെന്ന് സെന്‍ട്രം ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ജസ്പാല്‍ ബിന്ദ്ര. ബാങ്കുകളെയും വായ്പാദാതാക്കളെയും വിപണിയെയും സംബന്ധിച്ച് കടക്കെണി, പാപ്പരത്ത നിയമം പുതിയ കാര്യമാണ്. അതിനാല്‍ നിയമം നടപ്പിലാക്കുന്നതിനും അതുമായി ഇണങ്ങുന്നതിനും കുറച്ചു സമയമെടുക്കുമെന്നും ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കിട്ടാക്കടം തിരിച്ചുപിടിച്ചു തുടങ്ങിയത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലെത്തുന്ന കേസുകളില്‍ ബാങ്കുകള്‍ക്ക് തങ്ങളുടെ കിട്ടാക്കടത്തെ നേരിടുന്നതിനുള്ള കരുതല്‍ ധനശേഖരം നിഷ്‌ക്രിയ ആസ്തിയുടെ 50 ശതമാനം വരെയാക്കേണ്ടിവരുന്നു. അതിനൊരു പരിഹാര മാര്‍ഗമാണ് പാപ്പരത്ത നിയമം.

ഒരു നിശ്ചിത കാലത്തിനുള്ളില്‍ പാപ്പരത്ത നിയമത്തിന്റെ കാര്യത്തില്‍ നാം സംതുലിതാവസ്ഥയില്‍ എത്തിച്ചേരും. നിയമനടപടികള്‍, എതിര്‍ അഭിപ്രായങ്ങള്‍, രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ചില പിഴവുകള്‍ക്കും വിചാരണയ്ക്കും സാക്ഷ്യം വഹിക്കേണ്ടിവരും. അംഗീകാരം, നിബന്ധനകള്‍, പ്രശ്‌ന പരിഹാരം എന്നിവ സംയോജിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും. എന്നാല്‍, അതിന് കുറച്ച് സമയം ആവശ്യമുണ്ട്. വിപണിയുമായി യോജിച്ച് വരുന്നതിന് സമയം ആവശ്യമുണ്ട്. വികസിത രാജ്യങ്ങളില്‍ പോലും ഇക്കാര്യത്തില്‍ സ്ഥിരത കൈവരുന്നതിന് നിരവധി വര്‍ഷങ്ങളെടുത്തിരുന്നു-ജസ്പാല്‍ ബിന്ദ്ര വ്യക്തമാക്കി.

അംഗീകാരം, നിബന്ധനകള്‍, പ്രശ്‌ന പരിഹാരം എന്നിവ സംയോജിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് എന്തുകൊണ്ട് ഫലം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലയെന്ന ചോദ്യത്തിന്, തന്ത്രപ്രധാനമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മാത്രമാണ് കേന്ദ്രം തുടക്കം കുറിച്ചതെന്ന് അദ്ദേഹം മറുപടി നല്‍കി. ഇതില്‍ നോട്ട് അസാധുവാക്കലാണ് ആദ്യം നടപ്പിലാക്കിയത്. ഇപ്പോള്‍ ജിഎസ്ടി (ചരക്ക് സേവന നികുതി)യും. കൂടാതെ, പാപ്പരത്ത നിയമവും നടപ്പിലാക്കിയിട്ടുണ്ട്. തുടക്കത്തില്‍ എല്ലാവര്‍ക്കും ഒരു നിഷേധ മനോഭാവമായിരിക്കും ഉണ്ടാകുക. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പില്‍വരുത്തിയ രൂപയുടെ മൂല്യം ഇടിക്കലും വ്യവസായ ശാലകളുടെയും സ്ഥാപനങ്ങളുടെയും ദേശസാല്‍ക്കരണവുമെല്ലാം ഏറ്റവും ധീരമായ തീരുമാനങ്ങളായിരുന്നു. ആ സമയത്ത് അവയ്ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. നടപ്പിലാക്കി ആറ് മുതല്‍ ഒന്‍പത് മാസത്തിനുള്ളില്‍ ഒരു പരിഷ്‌കാരത്തിനെ വിലയിരുത്തുന്നത് അനീതിയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് സര്‍ക്കാര്‍ പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊന്നും തുനിഞ്ഞില്ലെന്ന പരിഭവത്തിലായിരുന്നു നാം. ഇപ്പോള്‍ സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. അവയുടെ അനന്തരഫലം കണ്ടു തുടങ്ങാന്‍ കുറച്ചു സമയം വേണ്ടിവരും-അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ കേന്ദ്രീകരിച്ചുള്ള കമ്പനിയായാണ് സെന്‍ട്രം ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ മികച്ച അവസരങ്ങള്‍ നിലനില്‍ക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ പ്രധാനപ്പെട്ട ഏഷ്യന്‍ ഫ്രാഞ്ചൈസി സെന്‍ട്രം ഗ്രൂപ്പിനുണ്ട്. മുന്‍നിര ആഗോള കമ്പനികളുമായി തട്ടിച്ചുനോക്കുമ്പോള്‍ സെന്‍ട്രത്തിന് ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുമുണ്ടെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories