അബുദാബി എയര്‍പോര്‍ട്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന

അബുദാബി എയര്‍പോര്‍ട്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന

വിമാനത്താവളം ഉപയോഗിക്കുന്നവരില്‍ നിന്ന് 35 ദിര്‍ഹം ഫീസായി ഈടാക്കാന്‍ തുടങ്ങിയതോടെ വിമാനത്താവളങ്ങളുടെ ലാഭത്തില്‍ 65 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്

അബുദാബി: അബുദാബിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് അബുദാബി എയര്‍പോര്‍ട്ട്‌സിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വലിയ വര്‍ധനവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് വിമാനത്താവളം ഉപയോഗിക്കുന്നവരില്‍ നിന്ന് 35 ദിര്‍ഹം ഫീസായി ഈടാക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തിലെ ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിനേക്കാള്‍ 65 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്‌സ് പറഞ്ഞു.

ഇത് കൂടാതെ കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ ഇതേ കാലയളവില്‍ 26 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2016 ല്‍ കൊണ്ടുവന്ന പാസഞ്ചര്‍ ഫെസിലിറ്റേഷന്‍ ചാര്‍ജാണ് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കാരണമായതെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് വ്യക്തമാക്കി. ട്രാന്‍സ്ഫര്‍ പാസഞ്ചര്‍ ഫീ ഈടാക്കാതിരുന്ന ലോകത്തിലെ ചുരുക്കം വിമാനക്കാവളങ്ങളുടെ പട്ടികയിലായിരുന്നു മുന്‍പ് യുഎഇ വിമാനത്താവളങ്ങള്‍. എന്നാല്‍ മാര്‍ക്കറ്റ് വ്യതിയാനങ്ങളുടെ ഭാഗമായി ഫീസ് നടപ്പാക്കാന്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കുകയായിരുന്നു. 2016 ന്റെ പകുതിയോടെ എല്ലാ വിമാനത്താവളങ്ങളിലും ഇത് കൊണ്ടുവന്നു.

മിഡില്‍ ഈസ്റ്റ് ഏവിയേഷന്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായാണ് 2017നെ വിലയിരുത്തുന്നത്

2016 ലെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ചെലവില്‍ 11 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അബുദാബി ഡ്യൂട്ടി ഫ്രീയുടേയും ദുബായ് എയര്‍പോര്‍ട്‌സ് ഫ്രീ സോണ്‍ എന്നിവയുടെ പ്രവര്‍ത്തനത്തില്‍ വര്‍ധനവുണ്ടായതായി അബുദാബി എയര്‍പോര്‍ട്‌സിന്റെ ആക്റ്റിംഗ് സിഇഒ അബ്ദുള്‍ മജീദ് അല്‍ ഖൂരി പറഞ്ഞു. കമ്പനി ഈ വര്‍ഷം അഭിമാനകരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കമ്പനിയുടെ ശ്രോതസ്സുകളേയും തൊഴിലാളികളേയും മികച്ച രീതിയില്‍ ഉപയോഗപ്പെട്ടുത്തി ലാഭ വളര്‍ച്ച മികച്ച രീതിയില്‍ നിലനിലനിര്‍ത്തുക എന്നതാണ് അബുദാബി എയര്‍പോര്‍ട്ട്‌സിന്റെ ലക്ഷ്യമെന്നും അദ്ദേഹം. സമര്‍ത്ഥമായ തന്ത്രങ്ങളിലൂടെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും ബിസിനസിന്റെ വിവിധ ഘടകങ്ങളില്‍ റെക്കോഡ് വളര്‍ച്ച കൈവരിക്കാനും അബുദാബി എയര്‍പോര്‍ട്ട്‌സിന് ആവുമെന്നും അല്‍ ഖൂരി കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റ് ഏവിയേഷന്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായാണ് 2017നെ വിലയിരുത്തുന്നത്. ആഗോള രാഷ്ട്രീയ സാഹചര്യം, ഇത് ഉല്‍പ്പന്ന മാര്‍ക്കറ്റുകളിലും ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലുമുണ്ടാക്കുന്ന സ്വാധീനവുമെല്ലാം അബുദാബിയുടെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പാസഞ്ചര്‍ ട്രാഫിക്കിങ്ങിനേയും വിമാനസര്‍വീസുകളേയും ബാധിക്കും.

Comments

comments

Categories: Arabia