രോഗങ്ങളെ പടികടത്താന്‍ പടിക്കലെത്തും സന്നദ്ധസേന

രോഗങ്ങളെ പടികടത്താന്‍ പടിക്കലെത്തും സന്നദ്ധസേന

ഐക്യരാഷ്ട്രസംഘടനയുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രതിരോധകുത്തിവെപ്പ് പദ്ധതി

പടിക്കലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന 28കാരിയും രണ്ട് വയസുകാരന്റെ അമ്മയുമായ ലക്ഷ്മിദേവിയുടെ മുഖം പ്രസന്നമാണ്. മകന് വാക്‌സിനെടുക്കാന്‍ ഓരോ തവണയും അകലെയുള്ള ഹെല്‍ത്ത് സെന്ററിലേക്ക് പോകുകയും തിരക്കില്‍ കാത്തു നിന്നു മുഷിയുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ ആശ്വാസം ചെറുതല്ല മധ്യപ്രദേശിലെ ഈ വിദിശ സ്വദേശിനിക്ക്. ലക്ഷ്മിദേവിയെപ്പോലെ ആയിരക്കണക്കിന് മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും നവജാതര്‍ക്കും ഏറെ ഉപകാരപ്രദമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഇലക്ട്രോണിക് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് (ഇ വിന്‍) പദ്ധതി. വിജയകരമായ പദ്ധതിനടത്തിപ്പിലൂടെ സംപൂര്‍ണ രോഗപ്രതിരോധശേഷി കൈവരിച്ച ആദ്യ സംസ്ഥാനമെന്ന നേട്ടത്തിന് ഉടമയാകുകയാണ് മധ്യപ്രദേശ്. നവജാതശിശുക്കള്‍ക്ക് നൂറു ശതമാനം രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നതിന് ഐക്യരാഷ്ട്രസംഘടനയുടെ വികസനപരിപാടി (യുഎന്‍ഡിപി)യുമായി സഹകരിച്ചാണ് ആരോഗ്യമന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രതിരോധകുത്തിവെപ്പിന്റെ വ്യാപനം ഇതോടെ 75 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ആദ്യഘട്ടത്തില്‍ മധ്യപ്രദേശിനൊപ്പം അസം, ബിഹാര്‍, ചത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മണിപ്പുര്‍, നാഗാലാന്‍ഡ്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് 26 മില്യണ്‍ നവജാതശിശുക്കളിലും 30 മില്യണ്‍ ഗര്‍ഭിണികളിലുമായി 30 മില്യണ്‍ ഡോസ് വാക്‌സിനുകളാണ് ഒരു വര്‍ഷം കുത്തിവെക്കുന്നത്. ഇ വിന്‍ പദ്ധതിയിലൂടെ ഇത് സമമായി വിഭജിക്കപ്പെടുന്നുവെന്ന് ആരോഗ്യ കമ്മീഷണര്‍ ഡോ. പല്ലവി ഗോവില്‍ പറയുന്നു. വാക്‌സിനുകളുടെ ന്യായമായ വീതംവെപ്പിനൊപ്പം സമയത്തിന് ഇതിന്റെ ലഭ്യതയും ഉറപ്പാക്കപ്പെടുന്നു. ഇത് അനേകം കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉപകാരപ്പെടുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശില്‍ നാലു റീജിയണല്‍ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളും മൂന്നു ഡിവിഷണല്‍ സ്‌റ്റോറുകളും 51 ജില്ലാ കേന്ദ്രങ്ങളുമാണുള്ളത്. ഇതോടൊപ്പം 1,126 ശീതികരണ ശൃംഖലാകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ 95 ശതമാനവും ജില്ലാതലത്തിലും താഴെയാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ, ശൃംഖലാകേന്ദ്രങ്ങളില്‍ 80 ശതമാനം വരെ മരുന്നു ക്ഷാമമുണ്ടായിരുന്നു. എന്നാല്‍ ഇ വിന്‍ പദ്ധതി നടപ്പാക്കിയതിനുശേഷം സംഭരണം 95 ശതമാനമെന്ന ഗണ്യമായ പുരോഗതി കൈവരിച്ചു. ഇത് പ്രതിരോധ കുത്തിവെപ്പ് 75 ശതമാനമെന്ന മുന്നേറ്റം കൈവരിക്കുന്നതിന് സഹായകമായി. ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2015- 16 ല്‍ നവജാതശിശുക്കളിലെ പ്രതിരോധ കുത്തിവെപ്പ് 63 ശതമാനമായിരുന്നു.

വിജയകരമായ പദ്ധതിനടത്തിപ്പിലൂടെ സംപൂര്‍ണ രോഗപ്രതിരോധശേഷി കൈവരിച്ച ആദ്യ സംസ്ഥാനമെന്ന നേട്ടത്തിന് ഉടമയാകുകയാണ് മധ്യപ്രദേശ്. നവജാതശിശുക്കള്‍ക്ക് നൂറു ശതമാനം രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നതിന് ഐക്യരാഷ്ട്രസംഘടനയുടെ വികസനപരിപാടി (യുഎന്‍ഡിപി)യുമായി സഹകരിച്ചാണ് ആരോഗ്യമന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്

പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിനുകള്‍ ഒരു വാഹനത്തില്‍ ചുമന്ന് ഓരോ വീടുകളിലുമെത്തിക്കുന്നവരാണ് ശീതികരണ ശൃംഖലാകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. അറിയിപ്പിനനുസരിച്ച് ഇവര്‍ നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലും എത്തുന്നു. ഇവര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വാക്‌സിന്‍ കുത്തിവെക്കുന്നു. മധ്യപ്രദേശിലെ റേവയിലാണ് ആദ്യം ഈ രീതി നടപ്പാക്കിയത്. വാക്‌സിനുകള്‍ ശീതികരിച്ചു സംഭരിച്ചുവെക്കുന്നതാണ് പൊതുജനാരോഗ്യ മേഖല നേരിടുന്ന പ്രധാനവെല്ലുവിളി. ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കാന്‍ പറ്റാതെ വന്നാല്‍ വാക്‌സിന്‍ കേടാകുന്നു. കേടായ വാക്‌സിനുകള്‍ കുത്തിവെച്ചുവെന്ന പരാതികള്‍ പൊതുജനാരോഗ്യ മേഖലയില്‍ ഉയരുന്നത് അപൂര്‍വമല്ല.

എന്നാല്‍ ശൃംഖലാകേന്ദ്രങ്ങള്‍ വന്നതോടെ ഈ രംഗത്തും നേട്ടമുണ്ടാക്കാനായി. പദ്ധതി വന്നതിനു ശേഷം സംഭരണ ശീതികരണ നില സംബന്ധിച്ച തല്‍സമയരേഖകളില്‍ നിന്ന് 7.3 കോടിയുടെ കുറവാണ് വാക്‌സിന്‍ നാശത്തിലുണ്ടായിരിക്കുന്നതെന്നു കണ്ടെത്തി. മുമ്പ് രാവിലെ പുറപ്പെടുമ്പോഴും വൈകുന്നേരം തിരിച്ചെത്തുമ്പോഴുമാണ് വാക്‌സിന്‍ പരിശോധനാവിധേയമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ ശീതീകരണ ശൃംഖലാകേന്ദ്രത്തിന്റെയും നടത്തിപ്പുകാര്‍ക്ക് ഇ വിന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട് ഫോണ്‍ നല്‍കുന്നു. ഇതിലൂടെ കൈമാറ്റം ചെയ്യുന്ന ഡാറ്റഫീഡുകള്‍ നേരിട്ട് ഒരു കേന്ദ്രസര്‍വറിലെത്തുന്നു. ഇതോടെ എത്രത്തോളം സ്‌റ്റോക്ക് ഉപയോഗിക്കപ്പെട്ടു, എത്രത്തോളം ബാക്കിവന്നു എന്നുള്ളതിന്റെ തല്‍സമയ വിവരങ്ങള്‍ സുതാര്യമായി അറിയാനാകുന്നു. ഓണ്‍ലൈനിലൂടെ അധികാരശ്രേണിയിലെ ഓരോരുത്തര്‍ക്കും സ്‌റ്റോക്ക് കാണാനാകും. ജില്ലാ മാനേജര്‍മാര്‍, സംസ്ഥാന, ദേശീയ മേധാവികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് വീക്ഷിക്കാനാകുന്നു.

വാക്‌സിന്‍ സ്റ്റോക്ക്, സംഭരണ ഊഷ്മനില എന്നിവ സംബന്ധിച്ച് തല്‍സമയ വിവരം ലഭിക്കുന്ന ഒരു ശൃംഖല കെട്ടിപ്പടുക്കാനായതോടെ ഭാവി ആരോഗ്യ രക്ഷാ പരിപാടികള്‍ സുഗമവും ആയാസരഹിതവുമായി മാറുന്നു. എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇ മെയില്‍, എസ്എംഎസ് എന്നിവയിലൂടെ ഇത് മുന്‍കൂട്ടി കാണാനും പരിഹരിക്കാനും സാധിക്കുന്നു. രണ്ടു വര്‍ഷം കൊണ്ട് ഇ വിന്‍ പദ്ധതി രാജ്യവ്യാപകമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

Comments

comments

Categories: FK Special, Slider