കേന്ദ്ര സര്‍ക്കാരിന് ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കാമെന്ന് റെനോ, നിസ്സാന്‍, ഹ്യുണ്ടായ്

കേന്ദ്ര സര്‍ക്കാരിന് ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കാമെന്ന് റെനോ, നിസ്സാന്‍, ഹ്യുണ്ടായ്

1,300 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പതിനായിരം പ്ലഗ്-ഇന്‍ വാഹനങ്ങള്‍ വാങ്ങുന്നത്

ന്യൂ ഡെല്‍ഹി : പതിനായിരം ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കാമെന്ന് താല്‍പ്പര്യം പ്രകടിപ്പിച്ച് റെനോ, ഹ്യുണ്ടായ്, നിസ്സാന്‍ തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിയതായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ്. ഇതുസംബന്ധിച്ച ബിഡുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 22 വരെ നീട്ടിയതായി ഇഇഎസ്എല്‍ മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ അറിയിച്ചു. വിദേശ കമ്പനികള്‍ക്ക് ഇറക്കുമതി സംബന്ധമായ വ്യവസ്ഥകള്‍ പരിശോധിച്ചറിയുന്നതിനാണ് സമയം നീട്ടിനല്‍കിയത്.

തലസ്ഥാന നഗരിയുടെ ചുറ്റും ഓടുന്ന സര്‍ക്കാര്‍ കാറുകള്‍ക്ക് പകരം പ്ലഗ്-ഇന്‍ വാഹനങ്ങള്‍ക്കാണ് ഇഇഎസ്എല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജ കാര്യക്ഷമതാ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുകയാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ ഏജന്‍സിയുടെ ചുമതല. വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണം കുറയ്ക്കുന്നതിനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യം നല്‍കുന്നത്.

1,300 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പതിനായിരം പ്ലഗ്-ഇന്‍ വാഹനങ്ങള്‍ വാങ്ങുന്നത്. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ലക്ഷ്യം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരുന്നതിനും വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണങ്ങള്‍ തടയുന്നതിനും ഇതാണ് ഉത്തമ മാര്‍ഗ്ഗമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നു.

ബിഡുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 22 വരെ നീട്ടിയതായി ഇഇഎസ്എല്‍ മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ അറിയിച്ചു

നവംബര്‍ 30 നുള്ളില്‍ 500 ഇലക്ട്രിക് കാറുകള്‍ വിതരണം ചെയ്യണമെന്നാണ് ഇഇഎസ്എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കി വാഹനങ്ങള്‍ 2018 ജൂണ്‍ മാസത്തോടെ ലഭിച്ചാല്‍ മതി. ഇന്ത്യയില്‍ സര്‍വീസിംഗ്, മെയിന്റനന്‍സ് സൗകര്യങ്ങളുള്ള വിദേശ കാര്‍ നിര്‍മ്മാതാക്കള്‍ക്കും പങ്കെടുക്കാം. അതേസമയം ഒരു കമ്പനിക്ക് ടെന്‍ഡറില്‍ കാണിച്ചിരിക്കുന്ന ആകെ വാഹനങ്ങളുടെ പകുതിയില്‍ കൂടുതല്‍ ബിഡ് ചെയ്യാന്‍ കഴിയില്ലെന്ന് സൗരഭ് കുമാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായി ദേശീയ തലസ്ഥാന മേഖലയില്‍ അഞ്ച് ലക്ഷത്തോളം വാഹനങ്ങളാണുള്ളത്.

ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി എന്നിവ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ്. ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും പൊതു മേഖലാ സ്ഥാപനങ്ങളായ എന്‍ടിപിടി ലിമിറ്റഡ്, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ്, പവര്‍ ഫിനാന്‍സ് കോര്‍പ്പ്, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നിവയുടെ സംയുക്ത സംരംഭമാണ് ഇഇഎസ്എല്‍.

Comments

comments

Categories: Auto