ഇറാന്‍ ആണവകരാര്‍ പുനപരിശോധിക്കണം: റെക്‌സ് ടില്ലേഴ്‌സണ്‍

ഇറാന്‍ ആണവകരാര്‍ പുനപരിശോധിക്കണം: റെക്‌സ് ടില്ലേഴ്‌സണ്‍

ഇറാനിന്റെ ആണവ പദ്ധതികളുടെ വേഗത കുറയ്ക്കാനുള്ള ശേഷി കരാറിനില്ലെന്നും ടില്ലേഴ്‌സണ്‍

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറിലെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസിന് സഖ്യകക്ഷികളുടെ പിന്തുണവേണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ആണവകരാറിനെക്കുറിച്ച് പുനരാലോചന നടത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യുഎസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളുടേയും മറ്റും പിന്തുണ ആവശ്യമാണെന്ന് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.

ഇറാനിയന്‍ വിദേശകാര്യ മന്ത്രി മൊഹമ്മെദ് ജാവേദ് സരീഫുമായും ആണവകരാറില്‍ ഒപ്പുവെച്ചിരിക്കുന്ന മറ്റ് അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും നടത്തിയ ആദ്യത്തെ മീറ്റിംഗിന് ശേഷമാണ് യുഎസ് ചീഫ് ഡിപ്ലോമാറ്റ് സഖ്യകക്ഷികളുടെ പിന്തുണ തേടിയത്. ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഉത്തര കൊറിയയുടേതിന് സമാനമായി ഇറാനിന്റെ ആണവ പദ്ധതി വളരുമെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. അവരുടെ പദ്ധതികളുടെ വേഗത കുറയ്ക്കാനുള്ള ശേഷി കരാറിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഉത്തര കൊറിയയുടേതിന് സമാനമായി ഇറാനിന്റെ ആണവ പദ്ധതി വളരുമെന്ന് ടില്ലേഴ്‌സണ്‍

2015ല്‍ ബരാക് ഒബാമയുടെ ഭരണകാലത്ത് ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് യുഎസ് ഇറാനുമായുള്ള ആണവ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആണവകരാര്‍ പ്രതിസന്ധിയിലാണ്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം ആദ്യമായി നടത്തിയ പ്രസംഗത്തില്‍ ആണവകരാര്‍ അവസാനിപ്പിക്കാന്‍ തയാറാണെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു.

ആണവ കരാര്‍ നടപ്പാക്കിയതിലൂടെ ഇറാനിന്റെ ആണവ പദ്ധതികളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ലോകശക്തികള്‍ക്കായി. ഇതിനെത്തുടര്‍ന്ന് യുഎസും യൂറോപ്പും ഇവര്‍ക്കുമേല്‍ കൊണ്ടുവന്നിരുന്ന ചില ഉപരോധങ്ങള്‍ നീക്കിയിരുന്നു.

ആണവകരാറിനോട് യുഎസ് സ്വരം കടുപ്പിച്ചതോടെ ഇറാനിന്റെ യുറേനിയം സമ്പത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള തിയതി 2025 ആയി നിജപ്പെടുത്തിക്കൊണ്ടുള്ള വ്യവസ്ഥ നീക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വൈവ്‌സ് ലെ ഡ്രിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  

Comments

comments

Categories: Arabia