സാമ്പത്തിക സേവനദാതാക്കളാവാന്‍ ഗൂഗിളിന് താല്‍പര്യമില്ല: ഡയാന ലേഫീല്‍ഡ്

സാമ്പത്തിക സേവനദാതാക്കളാവാന്‍ ഗൂഗിളിന് താല്‍പര്യമില്ല: ഡയാന ലേഫീല്‍ഡ്

മുംബൈ: ധനകാര്യ സേവനദാതാക്കളാവാന്‍ ഗൂഗിളിന് താല്‍പര്യമില്ലെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഡയാന ലേഫീല്‍ഡ്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തേസ് ആപ്ലിക്കേഷന്‍ പുറത്തിറക്കിക്കൊണ്ട് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് ഗൂഗിള്‍ കടന്നിരുന്നു.

സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ കമ്പനി താല്‍പര്യപ്പെടുന്നില്ല. സാങ്കേതികതലത്തില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. ബാങ്കുകള്‍ അവരുടെ ജോലികള്‍ വളരെ ഭംഗിയായി നിര്‍വഹിക്കുന്നു. തേസ് ആപ്പ് വികസിപ്പിച്ചതിലൂടെ ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്- ഡയാന പറഞ്ഞു.
യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം ഉപയോഗപ്പെടുത്തി ബാങ്ക് എക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സൗകര്യമാണ് തേസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

മള്‍ട്ടിപേമെന്റ് സര്‍വീസ് പ്രൊവൈഡര്‍ മാതൃക ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഗൂഗിളാണ്. ഇന്ത്യയിലെ നാല് പ്രമുഖ ബാങ്കുകളുമായി തേസ് സഹകരിക്കുന്നു. യുപിഐ എക്കൗണ്ടിലൂടെ ഇന്ത്യയിലെ 55 ലധികം ബാങ്കുകള്‍ക്ക് വേണ്ടി തേസ് പ്രവര്‍ത്തിക്കും. സാങ്കേതിക സംരംഭങ്ങള്‍ ബാങ്കുകളുടെ പണമടയ്ക്കല്‍ സംവിധാനത്തെ ഇല്ലാതാക്കുന്നില്ലെന്നും ഡയാന വിലയിരുത്തി.

ബാങ്കില്‍ നിന്ന് ബാങ്കിലേക്കുള്ള ഇടപാടുകള്‍ അല്‍പ്പം സങ്കീര്‍ണ്ണമാണെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ലളിതമായ സംവിധാനമാണ് ഗൂഗിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും അടുത്തുള്ളവര്‍ക്കോ രാജ്യത്തിന്റെ ഏതെങ്കിലും കോണിലുള്ളവര്‍ക്കോ പണമടയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു ആദ്യ ശ്രമം. മറ്റൊരാള്‍ക്ക് വിശദാംശങ്ങള്‍ ലഭിക്കാതെ ശ്രദ്ധിക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കാതെ ഒരു പേജില്‍ നിന്ന് മറ്റൊരു പേജിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം തന്നെ ഗൂഗിള്‍ പരിഹരിച്ചുകഴിഞ്ഞു.

നിലവില്‍ യുപിഐ, ഭീം, ഭാരത് ക്യുആര്‍, ആധാര്‍ പേ ആപ്പുകളും പേമെന്റ് ബാങ്കുകളും ഫിന്‍ ടെക് കമ്പനികളുമടക്കം നിരവധി സംരംഭങ്ങള്‍ ഇന്ത്യയിലുണ്ട്. തേസിനെ സംബന്ധിച്ച് മത്സരം അവയോടായിരിക്കില്ല. പണത്തെ കേന്ദ്രീകരിച്ചായിരിക്കും. പണത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യ വലിയ സാധ്യതകള്‍ മുന്നില്‍വയ്ക്കുന്നതായും ഡയാന ചൂണ്ടിക്കാട്ടി.

Comments

comments

Categories: More