പാല്‍ വിതരണം ഡിജിറ്റലാക്കി ‘ദൂത്‌വാലാ’

പാല്‍ വിതരണം ഡിജിറ്റലാക്കി ‘ദൂത്‌വാലാ’

കാലം മാറുന്നതിനൊപ്പം പാല്‍ വിതരണത്തിനും ആപ്ലിക്കേഷന്‍ കണ്ടെത്തി ലളിതമാക്കിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദൂത്‌വാലാ എന്ന സ്റ്റാര്‍ട്ടപ്പ്. സംരംഭം വിജയകരമായതോടെ പുനെയിലേക്കും ഇവരുടെ ബ്രാഞ്ചുകള്‍ നീണ്ടു. 6000 സ്ഥിര ഉപഭോക്താക്കളും മാസംതോറും ഒരു ലക്ഷത്തില്‍പരം വിതരണങ്ങളുമായി ഈ ഡിജിറ്റല്‍ പാല്‍ വിതരണം മറ്റു പ്രമുഖ നഗരങ്ങളിലേക്കും വിപുലമാക്കാനൊരുങ്ങുകയാണിവര്‍

ഏകദേശം മൂന്നുവര്‍ഷം മുമ്പാണ് ബെംഗളൂരുവില്‍ പാല്‍ വിതരണം സുഗമമാക്കിയ ‘ ദൂത് വാല’ എന്ന ആശയത്തിന് ആസ്പദമായ സംഭവം നടന്നത്. ഒരു ദിവസം ആകാശ് അഗര്‍വാള്‍, ഇബ്രാഹിം അക്ബാരി എന്നീ സുഹൃത്തുക്കള്‍ രാത്രി ഏറെ വൈകിയും ബിസനസ് ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ്. രാത്രി ഭക്ഷണത്തിനായി സെറീല്‍ മാത്രമാണുള്ളതെന്നും പാലില്ലെന്നും അല്പം വൈകിയാണ് ഇരുവരും മനസിലാക്കിയത്. അക്കാലത്ത് ബെംഗളൂരുവില്‍ ആഹാരം, പലചരക്കു സാധനങ്ങള്‍, വസ്ത്രം അലക്കല്‍ എന്തിനേറെ ഡേറ്റിംഗിനു വരെ ആപ്ലിക്കേഷന്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പാല്‍ വിതരണത്തിന് ഒരു ആപ്ലിക്കേഷന്‍ നിലവിലില്ല എന്ന ചിന്തയും അതിന്റെ ആവശ്യകത സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞതും ദൂത് വാലാ എന്ന സ്റ്റാര്‍ട്ടപ്പ് പിറവിയെടുക്കാന്‍ കാരണമായി.

പാല്‍ വിതരണത്തിന്റെ വ്യാപ്തിയും ആ മാര്‍ക്കറ്റിന്റെ പള്‍സ് ശരിയായി മനസിലാക്കാനുമായി രാവിലെ നാല് മണി മുതല്‍ അവര്‍ ആഴ്ചകളോളം നിരീക്ഷണം നടത്തുകയുണ്ടായി. തുടര്‍ന്ന് വീടുകള്‍തോറും ചില സര്‍വേകളും മറ്റും നടത്തിയ ശേഷം പരീക്ഷണമോഡല്‍ പുറത്തിറക്കാനായിരുന്നു തീരുമാനം. ബെംഗളൂരു പോലെ തിരക്കേറിയ നഗരത്തില്‍ എല്ലായ്‌പ്പോഴും നിലവാരമുള്ള ശുദ്ധമായ പാല്‍ ലഭിക്കാനുള്ള സങ്കേതമാണ് ഇബ്രാഹിമും ആകാശും ചേര്‍ന്ന് ഒരുക്കിയത്. വീടുകള്‍തോറും അവര്‍ നടത്തിയ സര്‍വേയില്‍ കൃത്യസമയത്ത്, താങ്ങാവുന്ന വിലയില്‍ , ശുദ്ധമായ പാല്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിച്ചത്. ഒട്ടുമിക്കരും ഈ പദ്ധതിയില്‍ അംഗമാകാന്‍ വാക്കു നല്‍കിയതോടെ ദൂത് വാല സ്റ്റാര്‍ട്ടപ്പിന് അടിത്തറ വീണു.

ദൂത് വാലയുടെ സംരംഭകരായ ഇബ്രാഹിം അക്ബാരിക്കും ആകാശ് അഗര്‍വാളിനും വ്യവസായ മേഖലയിലാണ് മുന്‍ പരിചയം. 2010ല്‍ ഒഡിഷയില്‍ ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ പങ്കാളിയായിരുന്നു ആകാശ്. ഒമാനിലേക്കും ദുബായിയിലേക്കും വ്യാവസായിക മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കുടുംബ ബിസിനസ് നോക്കി നടത്തുകയായിരുന്നു ഇബ്രാഹിം. ബിസിനസ് മേഖലയിലുള്ള കൃത്യമായ പരിചയസമ്പത്തോടുകൂടിയാണ് 2015ല്‍ ഇരുവരും ദൂത് വാലയിലേക്ക് ചുവടുവെച്ചത്. സംരംഭം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍തന്നെ 25 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാനായെന്നും അതു തുടര്‍ന്നുള്ള മാസങ്ങളിലും സ്ഥിരമായി മുന്നോട്ടു പോകുന്നതായും ഇരുവരും വ്യക്തമാക്കുന്നു.

ബെംഗളൂരുവില്‍ തുടങ്ങിയ സംരംഭം വിജയകരമായതോടെ പൂനെയിലേക്കും ദൂത്‌വാലയുടെ വിതരണം നീണ്ടു. ഇപ്പോള്‍ മറ്റു പ്രമുഖ നഗരങ്ങളിലും പാല്‍ വിതരണം വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി. ഇന്ന് 60 പേരടങ്ങുന്ന ദൂത്‌വാല സംഘം പ്രതിമാസം 6000 സ്ഥിര ഉപഭോക്താക്കള്‍ക്ക് പാല്‍ വിതരണം മുടങ്ങാതെ നടത്തുന്നുണ്ട്. മാസംതോറും ഒരു ലക്ഷത്തോളം വിതരണക്കാരിലേക്ക് എത്തുന്നതായാണ് ഇവര്‍ അവകാശപ്പെടുന്നത്. ”ബെംഗളൂരുവിലും പൂനെയിലും ശുദ്ധമായ പാല്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ആദ്യസംരംഭമാണ് ദൂത്‌വാല. പാല്‍ വിതരണത്തിനു പുറമേ പലചരക്ക് സാധനങ്ങള്‍, പഴ വര്‍ഗങ്ങള്‍ എന്നിവയും ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്”, ഇബ്രാഹിം പറയുന്നു.

ഉപഭോക്താക്കള്‍ക്ക് രാവിലെ 7 മണിക്കു മുമ്പായി പാലും പലചരക്കു സാധനങ്ങളും ദൂത്‌വാല വിതരണം ചെയ്യും. മാത്രമല്ല എല്ലാ സാധനങ്ങളും എംആര്‍പിയിലും കുറവായാണ് ഇവര്‍ നല്‍കുന്നതെന്നും ഇബ്രാഹിം വ്യക്തമാക്കുന്നു. അമേരിക്കയിലെ സ്‌റ്റോണ്‍ഹില്‍ കാപ്പിറ്റലിന്റെ പങ്കാളി കൂടിയായ ടോം വര്‍ക്കിയാണ് ദൂത്‌വാലയില്‍ നിക്ഷേപം നല്‍കിയിരിക്കുന്നവരില്‍ പ്രധാനി.

Comments

comments

Categories: Branding, FK Special, Slider
Tags: doodhwala