ഡിജിറ്റല്‍ വിപ്ലവവും തേസിന്റെ വരവും

ഡിജിറ്റല്‍ വിപ്ലവവും തേസിന്റെ വരവും

ഡിജിറ്റല്‍ പേമെന്റ്‌സ് രംഗത്തേക്ക് ഗൂഗിള്‍ കൂടി കാലെടുത്തുവച്ചതോടെ ഇനി മത്സരം കടുക്കുമെന്ന് ഉറപ്പ്. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പരിണാമത്തിന് വലിയ ശക്തിപകരും ഇത്

ഡിജിറ്റല്‍ പേമെന്റ്‌സ് രംഗത്തേക്ക് ടെക് ഭീമന്‍ ഗൂഗിള്‍ കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഗൂഗിളിന്റെ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത പേമെന്റ് സേവനമായ തേസ് ആപ്പ് പുറത്തിറക്കിയത്. 2020 ആകുമ്പോഴേക്കും ഏകദേശം 500 ബില്ല്യണ്‍ ഡോളറിന്റെ മേഖലയായി മാറുമെന്ന് കണക്കാക്കപ്പെടുന്നതാണ് ഡിജിറ്റല്‍ പേമെന്റ്‌സ് വിപണി. നിരവധി കമ്പനികള്‍ ഈ രംഗത്ത് ഇപ്പോള്‍ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. നോട്ട് അസാധുവാക്കലിലൂടെ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പരിണാമം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ രംഗത്തേക്ക് വമ്പന്‍മാര്‍ എത്തുന്ന പ്രവണത.

തേസ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചതിലൂടെ അതിവേഗ വളര്‍ച്ച പ്രകടമാക്കികൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ്‌സ് വിപണിയില്‍ ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഗൂഗിള്‍ എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ തുടര്‍ന്നും ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് തേസിന്റെ അവതരണത്തില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഈ രംഗത്ത് തങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം ശക്തമാകുമെന്ന് അടിവരയിടുന്നു ഗൂഗിള്‍ ഈ പ്രസ്താവനയിലൂടെ. ജി മെയ്ല്‍ വന്നപ്പോള്‍ യാഹു വിസ്മൃതിയിലായതും ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ വന്നപ്പോള്‍ മറ്റ് സേര്‍ച്ച് എന്‍ജിനുകള്‍ രണ്ടും മൂന്നും നിരകളിലേക്ക് തള്ളപ്പെട്ടതും വെച്ച് നോക്കുമ്പോള്‍ ഈ അവകാശവാദങ്ങളെ തള്ളിക്കളയാനുമാകില്ല.

ആന്‍ഡ്രോയ്ഡ് പേക്കു സമാനമായാണ് തേസ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. മൊബീല്‍ പ്ലാറ്റ്‌ഫോം വഴി രണ്ട് ബാങ്ക് എക്കൗണ്ടുകള്‍ തമ്മിലുള്ള പണമിടപാടിന് സഹായിക്കുന്ന യുപിഐ സംവിധാനം ഉപയോഗിച്ചാണ് തേസിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും ഏത് കാര്യത്തിനും പണമടയ്ക്കാന്‍ ഇതിലൂടെ സഹായകമാകുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. പേടിഎമ്മിനെപ്പോലുള്ള ഒരു മൊബീല്‍ വാലറ്റിനപ്പുറം ഫോണിനെ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന കണ്ണിയാകും തേസ് എന്നാണ് കരുതപ്പെടുന്നത്.

വാട്‌സാപ്പ്, ഹൈക്ക്, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഈ രംഗത്ത് സജീവമാകുകയാണ്. ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫഌപ്കാര്‍ട്ടും ആമസോണും നിരവധി കുഞ്ഞന്‍ പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തുള്ള ഏകീകരണ പദ്ധതികള്‍ക്കും ശ്രമിക്കുന്നുണ്ട്.

വമ്പന്‍ കമ്പനികള്‍ ഈ രംഗത്ത് ആധിപത്യമുറപ്പിച്ചാല്‍ ഡിജിറ്റല്‍ ഇടപാടുകളുടെ തോത് അഭൂതപൂര്‍വമായ രീതിയില്‍ വര്‍ധിക്കുമെന്ന് തീര്‍ച്ച. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പ്രധാന ചുവടുവെപ്പായി ഇത് മാറുകയും ചെയ്യും. എന്നാല്‍ ഇവിടെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം ഈ പരിണാമത്തിനു പാകമായ തരത്തിലുള്ള ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നമുക്കുണ്ടോയെന്നതാണ്. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ പേമെന്റ് ആപ്പുകളുടെ കടന്നുചെല്ലല്‍ എത്രമാത്രം ഉണ്ടെന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്. അതിനോടൊപ്പം ഏറ്റവും പ്രസക്തമായ ഘടകമാണ് സൈബര്‍ സുരക്ഷയും ഡാറ്റ സുരക്ഷിതത്വവും. പേമെന്റ്‌സ് രംഗത്ത് ഡിജിറ്റല്‍ ആധിപത്യം വരുമ്പോള്‍ സുരക്ഷ വലിയ പ്രശ്‌നമാണ്. ചെറിയ പാളിച്ചകള്‍ പോലും സ്‌ഫോടനാത്മകമായ രീതിയിലായിരിക്കും ഉപഭോക്താക്കളെ ബാധിക്കുക. ഡാറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വലിയ ആശങ്ക എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ അത്ര ധാരണ വന്നിട്ടില്ലെന്നു വേണം കരുതാന്‍. അതിവേഗത്തില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് കുതിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനുള്ള സക്രിയമായ ഇടപെടലും സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider