ചെറി ഓട്ടോമൊബീല്‍ ഇന്ത്യയില്‍ പ്രവേശിക്കാനൊരുങ്ങുന്നു

ചെറി ഓട്ടോമൊബീല്‍ ഇന്ത്യയില്‍ പ്രവേശിക്കാനൊരുങ്ങുന്നു

ടാറ്റ മോട്ടോഴ്‌സുമായി കൈകോര്‍ത്തേക്കും

മുംബൈ : ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതകള്‍ ചെറി ഇന്റര്‍നാഷണല്‍ പഠിക്കുന്നു. ലോകത്ത് അതിവേഗം വളരുന്ന ഓട്ടോമൊബീല്‍ വിപണിയില്‍ താല്‍പ്പര്യം കാണിക്കുന്ന ഏറ്റവും ഒടുവിലത്തെ ചൈനീസ് വാഹന നിര്‍മ്മാതാക്കളാണ് ചെറി ഓട്ടോമൊബീല്‍. ചൈനയിലെ ഏറ്റവും വലിയ കാര്‍ കയറ്റുമതിക്കാരാണ് ചെറി ഓട്ടോമൊബീല്‍.

നമ്മുടെ ടാറ്റ മോട്ടോഴ്‌സിന് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി ചെറി ഓട്ടോമൊബീലിന് സ്വന്തം നാട്ടില്‍ സംയുക്ത സംരംഭമുണ്ട്. ഇന്ത്യയില്‍ ഈ ബന്ധം ഉപയോഗിക്കുകയോ അല്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യുമെന്ന് ചെറി ഓട്ടോമൊബീല്‍ ചെയര്‍മാന്‍ യിന്‍ ടോംഗ്യോ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയ്ക്കിടെ പറഞ്ഞു.

നല്ല പൈതൃകമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യയെന്നും ടാറ്റ ഗ്രൂപ്പുമായി തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സുമായി ബന്ധം സ്ഥാപിക്കാനാവുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യിന്‍ ടോംഗ്യോ കൂട്ടിച്ചേര്‍ത്തു.

നല്ല പൈതൃകമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സുമായി ബന്ധം സ്ഥാപിക്കാനാവുമോയെന്ന് പരിശോധിക്കുമെന്നും ചെറി ഓട്ടോമൊബീല്‍ ചെയര്‍മാന്‍ പറഞ്ഞു

ഇന്ത്യയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ സംസാരിച്ചുതുടങ്ങിയിട്ട് കുറേക്കാലമായി. എന്നാല്‍ ഇവരുടെ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇനിയും പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. ഇവരില്‍ ചില കമ്പനികള്‍ ഈയിടെ കുറേക്കൂടി കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ തളര്‍ച്ച നേരിടുമ്പോള്‍ പുതിയ വിപണികള്‍ തേടി പുറപ്പെടുകയാണ് ചൈനീസ് വാഹന കമ്പനികള്‍.

ഷാങ്ഹായ് ഓട്ടോമോട്ടീവ്, ബീക്കി ഫോട്ടോണ്‍ എന്നിവ തങ്ങളുടെ ഇന്ത്യാ പ്രവേശനം ഉറപ്പിച്ചുകഴിഞ്ഞു. ചങ്ങാന്‍, ഗ്രേറ്റ് വാള്‍ കമ്പനികള്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ചൈനീസ് പൊതു മേഖലാ സ്ഥാപനമായ ചെറി ഓട്ടോമൊബീല്‍ ഇതുവരെ അറുപത് ലക്ഷത്തിലധികം വാഹനങ്ങളാണ് വിറ്റത്. പ്ലാറ്റ്‌ഫോമുകളും എന്‍ജിനുകളും പങ്കുവെയ്ക്കുന്നതിന് നേരത്തെ ടാറ്റ മോട്ടോഴ്‌സ് ചെറിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Comments

comments

Categories: Auto