എസ്ബിഐ ലൈഫിന്റെ 8400 കോടി രൂപയുടെ ഐപിഒ ബുധനാഴ്ച തുടങ്ങും

എസ്ബിഐ ലൈഫിന്റെ 8400 കോടി രൂപയുടെ ഐപിഒ ബുധനാഴ്ച തുടങ്ങും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതിയ ബിസിനസ് പ്രീമിയങ്ങളില്‍ 42.8 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: എസ്ബിഐ ലൈഫിന്റെ 8,400 കോടി രൂപയുടെ പ്രഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ബുധനാഴ്ച തുടക്കമാകും. ഒരു ഓഹരിക്ക് 685 രൂപ മുതല്‍ 700 രൂപ വരെയാണ് മൂല്യം നിശ്ചയിച്ചിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബിഎന്‍പി പാരിബാസ് കാര്‍ഡിഫിന്റെയും സംയുക്ത സംരംഭമാണ് എസ്ബി ഐ ലൈഫ്. തങ്ങളുടെ അര്‍ഹരായ ജീവനക്കാര്‍ക്ക് ബിഎന്‍പി പാരിബാസ് കാര്‍ഡിഫ് ഓഹരി വിലയില്‍ 68 രൂപയുടെ കിഴിവ് നല്‍കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിലയേക്കാള്‍ 4.2 മടങ്ങ് കൂടുതല്‍ തുകയ്ക്കാണ് ഈ വര്‍ഷം ഓഹരികള്‍ പുറത്തിറക്കുന്നത്. മുന്‍ വര്‍ഷം 165 രൂപയായിരുന്നു ഒരു ഓഹരിയുടെ വില കണക്കാക്കിയിരുന്നത്. എന്നാല്‍ എസ്ബിഐ ലൈഫിന്റെ ശക്തമായ ബ്രാന്‍ഡ് മൂല്യമായാണ് വിദഗ്ധര്‍ കൂടിയ വിലയെ വിലയിരുത്തുന്നത്. ഈ മാസം 22 വരെയാണ് ഐപിഒ നടക്കുക.

29 വ്യക്തിഗത പ്രൊഡക്റ്റുകളും എട്ട് ഗ്രൂപ്പ് പ്രൊഡക്റ്റുകളുമാണ് എസ്ബിഐ ലൈഫിനുള്ളത്. ഇവ 24,000 എസ്ബിഐ ശാഖകള്‍ വഴിയും മറ്റ് ബാങ്കുകളുടെ 8,500 ശാഖകള്‍ വഴിയുമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതിയ ബിസിനസ് പ്രീമിയങ്ങളില്‍ 42.8 ശതമാനം വളര്‍ച്ച സ്വന്തമാക്കാന്‍ എസ്ബി ഐ ലൈഫിന് സാധിച്ചിരുന്നു. എസ്ബിഐ ലൈഫിന്റെ 70.1 ശതമാനം ഓഹരികളാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ളത്. ഇതില്‍ 80 മില്യണ്‍ ഓഹരികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ എസ്ബിഐ വില്‍ക്കും. ഒരു ബില്യണ്‍ ഡോളറിനു മുകളിലുള്ള സമാഹരണം ലക്ഷ്യമിട്ട് ഏഴു വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ ഐപിഒ ആണ് എസ്ബി ഐ ലൈഫിന്റേത് എന്ന സവിശേഷതയുമുണ്ട്.

Comments

comments

Categories: Slider, Top Stories