വ്യോമ ഗതാഗതത്തിന്റെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കാന്‍ സൗദി

വ്യോമ ഗതാഗതത്തിന്റെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കാന്‍ സൗദി

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെക്റ്ററില്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതിവര്‍ഷം 80 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്ന് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സൗദി നാവിഗേഷന്‍ സര്‍വീസസ്

റിയാദ്: വ്യോമ ഗതാഗത നിയന്ത്രകരായി സ്ത്രീകളെ എടുക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ഇതിനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലാണ് രാജ്യം. യാഥാസ്ഥിതിക മുസ്ലീം രാജ്യമായ സൗദി അറേബ്യ പുതിയ നവീകരണ പദ്ധതികളുടെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ മേഖല ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിനായി തയാറാക്കിയ വിഷന്‍ 2030 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് തൊഴിലുകള്‍ ശക്തിപ്പെടുത്താനും വരുമാനത്തില്‍ വൈവിധ്യം കൊണ്ടുവരുന്നതിനുമാണ്. എണ്ണ വിലയില്‍ ഇടിവുണ്ടായത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പുതിയ പദ്ധതിയിലൂടെ നിരവധി മാറ്റങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

മൊത്തം താഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 23 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കൂട്ടണമെന്നും സീനിയര്‍ സിവില്‍ സര്‍വീസ് പദവിയിലേക്ക് മുന്നേറാന്‍ അഞ്ച് ശതമാനം സ്ത്രീകള്‍ക്ക് അനുമതി നല്‍കണമെന്നുമുള്ള മികച്ച മാറ്റങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായി പുരുഷന്‍മാര്‍ അടക്കിവാഴുന്ന തൊഴില്‍രംഗത്തേക്കുള്ള സ്ത്രീകളുടെ മുന്നേറ്റം സമൂഹത്തിന്റെ മുഖഛായതന്നെ മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെക്റ്ററില്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതിവര്‍ഷം 80 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്ന് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സൗദി നാവിഗേഷന്‍ സര്‍വീസസ് (എസ്എഎന്‍എസ്) വ്യക്തമാക്കി. പ്രവേശന പരീക്ഷയും നിരവധി എഡിറ്റോറിയല്‍ ടെസ്റ്റുകളും നടത്തിയായിരിക്കും അനുയോജ്യരായവരെ തെരഞ്ഞെടുക്കുകയെന്ന് രാജ്യത്തിന്റെ വാര്‍ത്ത ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്‌കൂള്‍ ഡിപ്ലോമ പാസായവരും 18 നും 25 നും ഇടയില്‍ പ്രായമുള്ളവരുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

രാജ്യത്തെ കൂടുതല്‍ സ്ത്രീകളും ജോലി ചെയ്യുന്നത് പൊതു മേഖലകളിലാണ്, പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍. വിഷന്‍ 2030 ന്റെ ഭാഗമായി കൂടുതല്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ സൗദി അധികൃതര്‍ പ്രോത്സാഹിപ്പിക്കും. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഓരേയൊരു രാജ്യമാണ് സൗദി. ചില പ്രൊഫഷനുകള്‍ തെരഞ്ഞെടുക്കുന്നതിലും സൗദിയിലെ സ്ത്രീകള്‍ വിലക്ക് നേരിടുന്നുണ്ട്. കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്‍ അധികാര സ്ഥാനത്തേക്ക് വന്നതോടെ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

Comments

comments

Categories: Arabia

Related Articles