സൗദി 1600 കിലോമീറ്റര്‍ റെയ്ല്‍വേ ലൈനിനുള്ള കരാര്‍ നല്‍കും

സൗദി 1600 കിലോമീറ്റര്‍ റെയ്ല്‍വേ ലൈനിനുള്ള കരാര്‍ നല്‍കും

2017ന്റെ അവസാനമോ 2018ന്റെ ആദ്യമോ ടെന്‍ഡറുകള്‍ നല്‍കുമെന്ന് സൗദി റെയ്ല്‍വേ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ബഷര്‍ അല്‍ മാലിക്

റിയാദ്: സൗദി അറേബ്യ 1600 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന ലാന്‍ഡ് ബ്രിഡ്ജ് റെയില്‍ പ്രൊജക്റ്റിനായി കരാറുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജെദ്ദയിലെ റെഡ് സീ പോര്‍ട്ടിനെ അറേബ്യന്‍ ഗള്‍ഫുമായും റിയാദുമായും ബന്ധിപ്പിക്കുന്ന പദ്ധതി വര്‍ഷങ്ങളായി അനിശ്ചിതാവസ്ഥയിലായിരുന്നു.

പദ്ധതിയുടെ നിര്‍മാണത്തിന് ക്ഷണിച്ചുകൊണ്ടുള്ള കരാറുകള്‍ക്ക് സ്വകാര്യ മേഖലയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സൗദി റെയ്ല്‍വേ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ബഷര്‍ അല്‍ മാലിക് പറഞ്ഞു. അതിനാല്‍ 2017ന്റെ അവസാനത്തോടെയോ 2018 ന്റെ ആദ്യത്തോടെയോ ടെന്‍ഡറുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ അഞ്ച് ദിവസമെടുക്കുന്ന സൗദിയിലെ ചരക്കുനീക്കം രണ്ട് ദിവസമാക്കി ചുരുക്കുക എന്ന ലക്ഷ്യത്തോടെ 2008 ലാണ് ആദ്യമായി പ്രൊജക്റ്റിന് വേണ്ടിയുള്ള കരാര്‍ അനുവദിച്ചത്. എന്നാല്‍ തെരഞ്ഞെടുത്ത കണ്‍സോര്‍ഷ്യവുമായി സാമ്പത്തിക വിയോജിപ്പുണ്ടായതിനെത്തുടര്‍ന്ന് 2011 ആയപ്പോഴേക്കും റെയില്‍വേ ലൈനിന്റെ നിര്‍മാണം ഗവണ്‍മെന്റ് സ്വയം ഏറ്റെടുത്തു. ഇതുവരെ ചെറിയരീതിയിലുള്ള പുരോഗമനം മാത്രമാണ് പദ്ധതിക്കുണ്ടായത്.

മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ഹരാമൈന്‍ ലൈനിന്റെ പ്രവര്‍ത്തനം 2018ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ജെദ്ദയില്‍ നിന്ന് റിയാലിലേക്ക് 958 കിലോമീറ്ററാണ് യഥാര്‍ത്ഥത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇതിലേക്ക് റിയാദില്‍ നിന്ന് ദമാമിലേക്കുള്ള 450 കിലോമീറ്ററും ദമാമില്‍ നിന്ന് ജുബൈലിലേക്ക് 150 കിലോമീറ്ററും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പദ്ധതിക്ക് ഏകദേശം ഏഴ് ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പ്രാദേശിക, അന്താരാഷ്ട്ര എന്‍ജിനീയറിംഗ് കമ്പനികളില്‍ നിന്നും സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും കരാറിനായുള്ള അപേക്ഷ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാന റെയ്ല്‍ പദ്ധതികളില്‍ മുന്നേറ്റമുണ്ടായതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ, ഗതാഗത പദ്ധതികള്‍ക്കായി 14 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം സൗദി നീക്കി വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 10.1 ബില്യണ്‍ ഡോളറായിരുന്നു. മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ഹരാമൈന്‍ ലൈനിന്റെ പ്രവര്‍ത്തനം 2018ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ റിയാദിനേയും ഗുറായത്തിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വേ പദ്ധതിയും അന്തിമഘട്ടത്തിലാണ്.

Comments

comments

Categories: Arabia