റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യം ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചു

റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യം ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചു

2022 ഓടെ പന്ത്രണ്ട് പുതിയ പൂര്‍ണ്ണ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കും

ന്യൂ ഡെല്‍ഹി : നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളാണ് റെനോ-നിസ്സാന്‍ സഖ്യം. ഈ സഖ്യത്തില്‍ മിറ്റ്‌സുബിഷി കൂടി ചേര്‍ന്നതോടെ ആഗോളതലത്തില്‍ പേഴ്‌സണല്‍ ഇവി സെഗ്‌മെന്റില്‍ മൂവര്‍ സഖ്യം ഇമ്മിണി ബല്യ ഒന്നാം നമ്പറുകാരായി മാറി. 2022 ഓടെ നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ത്രിമൂര്‍ത്തി സഖ്യം. വില്‍പ്പന വര്‍ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ എന്ന സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ലക്ഷ്യം. 2022 ഓടെ റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യം പന്ത്രണ്ട് പുതിയ പൂര്‍ണ്ണ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കും. ഹൈബ്രിഡ്, സെമി-ഇലക്ട്രിക് കാറുകള്‍ക്ക് പുറമേയായിരിക്കുമിത്.

പുതിയ ബാറ്ററികളും ഇലക്ട്രിക് മോട്ടോര്‍ സാങ്കേതികവിദ്യയും വാഹനങ്ങളുടെ റേഞ്ച് വളരെയധികം വര്‍ധിപ്പിക്കും. ബാറ്ററി ചാര്‍ജിംഗ് സമയം കുത്തനെ കുറയ്ക്കും

നിലവില്‍ ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഇലക്ട്രിക് കാര്‍ നിസ്സാന്‍ ലീഫ് ആണ്. രണ്ടാം തലമുറ നിസ്സാന്‍ ലീഫ് ഈയിടെയാണ് അനാവരണം ചെയ്തത്. കാര്‍ ഇന്ത്യയിലുമെത്തും. പുതിയ ലീഫിനൊപ്പം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പന്ത്രണ്ട് പുതിയ കാറുകളാണ് ചേരുക. ഈ എല്ലാ കാറുകളും ഒരേ പ്ലാറ്റ്‌ഫോം ആയിരിക്കും ഉപയോഗിക്കുന്നത്. പല തലങ്ങളിലുള്ള ഓട്ടോണമസ് സാങ്കേതികവിദ്യ ഈ കാറുകളുടെ സവിശേഷതയായിരിക്കും. മിറ്റ്‌സുബിഷിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അഥവാ പിഎച്ച്ഇവി വലിയ കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുമായി മൂവര്‍ സഖ്യം സ്വീകരിക്കും. പുതു തലമുറ ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളുമായിരിക്കും ഈ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്നത്. 2020 മുതല്‍ കാറുകള്‍ വിപണിയിലെത്തിച്ചുതുടങ്ങും.

2022 ഓടെ പത്ത് ബില്യണ്‍ യൂറോയായി വാര്‍ഷിക വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സഖ്യത്തിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാര്‍ലോസ് ഘോസന്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പൊതു പ്ലാറ്റ്‌ഫോമുകള്‍, പവര്‍ട്രെയ്‌നുകള്‍, നെക്സ്റ്റ്-ജെന്‍ ഇലക്ട്രിക്, ഓട്ടോണമസ്, കണക്റ്റഡ് സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ റെനോ, നിസ്സാന്‍, മിറ്റ്‌സുബിഷി മോട്ടോഴ്‌സ് കമ്പനികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം. കൂടാതെ സഖ്യത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വരുമാനം വര്‍ധിക്കണമെന്നും കാര്‍ലോസ് ഘോസന്‍ പറഞ്ഞു. 2022 ല്‍ സഖ്യം അവസാനിക്കുമ്പോള്‍ ആകെ വാര്‍ഷിക വില്‍പ്പന 14 മില്യണ്‍ യൂണിറ്റായും വരുമാനം 240 ബില്യണ്‍ ഡോളറായും വര്‍ധിപ്പിക്കണമെന്നാണ് ലക്ഷ്യമെന്ന് ഘോസന്‍ വ്യക്തമാക്കി.

പുതിയ ബാറ്ററികളും പുതിയ ഇലക്ട്രിക് മോട്ടോര്‍ സാങ്കേതികവിദ്യയും വാഹനങ്ങളുടെ റേഞ്ച് വളരെയധികം വര്‍ധിപ്പിക്കുമെന്നും ബാറ്ററി ചാര്‍ജിംഗ് സമയം കുത്തനെ കുറയ്ക്കുമെന്നും സഖ്യം അറിയിച്ചു. സിംഗിള്‍ ചാര്‍ജില്‍ 600 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യം അവകാശപ്പെട്ടു.

Comments

comments

Categories: Auto