പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

വേണ്ടിവന്നാല്‍ പെട്രോള്‍, ഡീസല്‍ കാറുകളെ ഇടിച്ചുനിരത്തുമെന്നാണ് ഗഡ്കരി നേരത്തെ പറഞ്ഞത്

മുംബൈ : ബദല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മ്മാതാക്കളോട് വീണ്ടും ആവശ്യപ്പെട്ടു. ഇന്ധന കമ്പനികള്‍ ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതേസമയം രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുമ്പോഴും പെട്രോള്‍, ഡീസല്‍ കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ബിസിനസ് നിര്‍ത്തിവെയ്ക്കണമെന്ന ഉദ്ദേശ്യം കേന്ദ്ര സര്‍ക്കാരിനില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പെട്രോള്‍, ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഈ മാസമാദ്യം നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. പകരം വൈദ്യതിയിലും ബദല്‍ ഊര്‍ജ്ജങ്ങളിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ വാര്‍ഷിക കണ്‍വെന്‍ഷനിലാണ് നിതിന്‍ ഗഡ്കരി കര്‍ശന താക്കീത് നല്‍കിയത്. സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടിവന്നാല്‍ പെട്രോള്‍, ഡീസല്‍ കാറുകളെ ഇടിച്ചുനിരത്തുമെന്നാണ് അന്ന് ഗഡ്കരി പറഞ്ഞത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പരിപാടിയില്‍ പങ്കെടുക്കവേയാണ് നിതിന്‍ ഗഡ്കരി ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.

ഏതെങ്കിലും പെട്രോള്‍, ഡീസല്‍ വാഹന കമ്പനി അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതേസമയം വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണത്തില്‍നിന്ന് നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. മാത്രമല്ല, കൂടുതല്‍ സുരക്ഷിതമായ തദ്ദേശീയ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇക്കാരണങ്ങളാലാണ് ബദല്‍ ഇന്ധന വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നിതിന്‍ ഗഡ്കരി സംശയലേശമെന്യേ വ്യക്തമാക്കി.

ഏതെങ്കിലും പെട്രോള്‍, ഡീസല്‍ വാഹന കമ്പനി അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി

2030 മുതല്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനുപിറകേ വാഹന നിര്‍മ്മാതാക്കള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. ബിസിനസ്സില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും അനുയോജ്യമായ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിനും ഈ സമയം പോരെന്നാണ് കമ്പനികളുടെ നിലപാട്. ലിഥിയം-അയണ്‍ ബാറ്ററികളുടെ ഉയര്‍ന്ന വില വലിയ വെല്ലുവിളിയാണെന്ന് വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ബാറ്ററികളുടെ വിലയില്‍ കുറവുണ്ടായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിതിന്‍ ഗഡ്കരി ആ വാദത്തിന്റെ മുനയൊടിച്ചു.

ഞാന്‍ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് സംസാരിച്ചുതുടങ്ങിയതുമുതല്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ വിലനാല്‍പ്പത് ശതമാനത്തോളം കുറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങുന്നതുമുതല്‍ വില പിന്നെയും താഴുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

2030 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകുമെന്നാണ് കേന്ദ്ര മന്ത്രിമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന തദ്ദേശീയ ഇന്ധനങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. മലിനീകരണം തടയുന്നതോടൊപ്പം എണ്ണ ഇറക്കുമതി കുറയ്ക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Comments

comments

Categories: Auto