മാരുതി സുസുകിയില്‍നിന്ന് മഹീന്ദ്ര ലിഥിയം-അയണ്‍ ബാറ്ററി വാങ്ങും

മാരുതി സുസുകിയില്‍നിന്ന് മഹീന്ദ്ര ലിഥിയം-അയണ്‍ ബാറ്ററി വാങ്ങും

ഗുജറാത്തില്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കുമെന്ന് സുസുകി നേരത്തെ പ്രഖ്യാപിച്ചിരുന്നു

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് കാറുകള്‍ക്കായി ഭാവിയില്‍ മാരുതി സുസുകിയില്‍നിന്ന് ലിഥിയം-അയണ്‍ ബാറ്ററികള്‍ വാങ്ങുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഗുജറാത്തില്‍ ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കുമെന്ന് മാരുതി സുസുകിയുടെ മാതൃ കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തീരുമാനത്തോടെ സുസുകി മോട്ടോര്‍ കോര്‍പ്പിന് ഇതിനകം ഒരു ഉപയോക്താവിനെ ലഭിച്ചു.

ഡെന്‍സോ, തോഷിബ കമ്പനികളുമായി ചേര്‍ന്ന് സംയുക്ത സംരംഭമെന്ന നിലയിലാണ് സുസുകി മോട്ടോര്‍ കോര്‍പ്പ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി 1,151 കോടി രൂപയുടെ നിക്ഷേപം നടത്തും. മറ്റ് കമ്പനികള്‍ക്ക് ബാറ്ററികള്‍ വിതരണം ചെയ്യുമെന്ന് സുസുകി അറിയിച്ചിരുന്നു.

സുസുകി ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ആനന്ദ് മഹീന്ദ്ര പറഞ്ഞു. സുസുകിയില്‍നിന്ന് ബാറ്ററികള്‍ വാങ്ങുന്ന കാര്യത്തിലും വലിയ താല്‍പ്പര്യമാണ്. സ്വന്തം നിലയിലോ സംയുക്ത സംരംഭമായോ തങ്ങള്‍ ഒരിക്കലും ബാറ്ററികള്‍ നിര്‍മ്മിച്ചുതുടങ്ങില്ലെന്ന് മഹീന്ദ്ര വ്യക്തമാക്കി.

മഹീന്ദ്ര ബാറ്ററി പ്ലാന്റ് സ്ഥാപിക്കില്ലെന്നും തങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ബാറ്ററികള്‍ ലഭ്യമാക്കിയാല്‍ മതിയെന്നും ആനന്ദ് മഹീന്ദ്ര

ചൈനീസ് ബാറ്ററി നിര്‍മ്മാതാക്കളെയാണ് ആനന്ദ് മഹീന്ദ്ര ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ആ രാജ്യത്തെ കമ്പനികള്‍ ബാറ്ററി വില കുറച്ചുകുറച്ച് സ്വന്തം നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുകയാണ്. ഈ കമ്പനികള്‍ കടുത്ത മത്സരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉണ്ടാക്കുന്നതോ വളരെ കുറച്ച് പണം മാത്രം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കില്ലെന്നും തങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ബാറ്ററികള്‍ ലഭ്യമാക്കിയാല്‍ മതിയെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ക്കായി സുസുകി ലിഥിയം-അയണ്‍ ബാറ്ററി ഉപയോഗിക്കുമെങ്കിലും മറ്റ് കമ്പനികള്‍ക്കുകൂടി വിതരണം ചെയ്‌തെങ്കില്‍ മാത്രമേ പ്ലാന്റ് സ്ഥാപിക്കുന്നത് സാമ്പത്തികമായി വിജയം കാണുകയുള്ളൂ. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

മഹീന്ദ്ര നിലവില്‍ ആഭ്യന്തര വിപണിയിലും വിദേശ വിപണികളിലും ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നു എന്നതിനാല്‍ 2019 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന സുസുകി പ്ലാന്റിനായി കാത്തിരിക്കാന്‍ കഴിയില്ല. കുറഞ്ഞ വിലയില്‍ ആര് തരുന്നോ, അവരില്‍നിന്ന് ലിഥിയം-അയണ്‍ ബാറ്ററി വാങ്ങുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.

Comments

comments

Categories: Auto