മക്‌ഡൊണാള്‍ഡ്‌സിനോട് കൈകോര്‍ക്കാന്‍ പ്രമുഖ റെസ്റ്റൊറന്റ് ശൃംഖലകള്‍

മക്‌ഡൊണാള്‍ഡ്‌സിനോട് കൈകോര്‍ക്കാന്‍ പ്രമുഖ റെസ്റ്റൊറന്റ് ശൃംഖലകള്‍

വിക്രം ബക്ഷിയുടെ കൊണാട്ട് പ്ലാസ റെസ്റ്റൊറന്റ് ലിമിറ്റഡു (സിപിആല്‍എല്‍)മായി മക്‌ഡൊണാള്‍ഡ്‌സ് വഴിപിരിഞ്ഞ സാഹചര്യത്തിലാണിത്

ന്യൂഡെല്‍ഹി: അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ വടക്ക്, കിഴക്കന്‍ മേഖലയിലെ ബിസിനസ് പങ്കാളിത്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് അഞ്ച് പ്രമുഖ ഭക്ഷ്യ കമ്പനികള്‍ രംഗത്ത്. മേഖലയിലെ പങ്കാളികളായിരുന്ന വിക്രം ബക്ഷിയുടെ കൊണാട്ട് പ്ലാസ റെസ്റ്റൊറന്റ് ലിമിറ്റഡു (സിപിആല്‍എല്‍)മായി മക്‌ഡൊണാള്‍ഡ്‌സ് വഴിപിരിഞ്ഞ സാഹചര്യത്തിലാണിത്. നിരവധി കാരണങ്ങളാല്‍ ബക്ഷിയുമായി നിയമപോരാട്ടത്തിലാണ് മക്‌ഡൊണാള്‍ഡ്‌സ്.

മെയ്ന്‍ലാന്‍ഡ് ചൈന, ഓ! കല്‍ക്കത്ത തുടങ്ങിയ ഡൈനിംഗ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ സ്‌പെഷാലിറ്റി റെസ്റ്റൊറന്റ്‌സ്, ആഗോള ബ്രാന്‍ഡുകളായ ഡൊമിനോസ് പിസ, ഡന്‍കിന്‍ ഡോനട്ട്‌സ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്ന ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, കൊക്കകോളയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ബോട്ട്‌ലര്‍ മൂണ്‍ ബിവറേജസ് എന്നിവയാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ പങ്കാളിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ഈ വിഷയത്തില്‍ സിപിആര്‍എല്‍ നിയമോപദേശം തേടുമെന്ന് ബക്ഷി അറിയിച്ചു. അധികാരപത്ര കരാര്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടുന്നു. ക്രമവിരുദ്ധമായ രീതിയില്‍ ലൈസന്‍സ് അവസാനിപ്പിക്കാനുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ തീരുമാനത്തിനെതിരെ നിയമോപദേശം തേടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിആര്‍എല്ലിന്റെ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ബക്ഷിയുടെ ലൈസന്‍സ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) നാളെ വാദം കേള്‍ക്കും. ഇതിനൊപ്പം സിപിആര്‍എല്ലിന്റെ മാനേജിംഗ് ഡയറക്റ്ററായി ബക്ഷിയെ വീണ്ടും തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് മക്‌ഡൊണാള്‍ഡ്‌സ് നല്‍കിയ പരാതിയും പരിഗണിക്കും. തര്‍ക്കത്തിന് പരിഹാരം കാണുന്നതിന് മുന്‍പ് പുതിയ ഫ്രാഞ്ചൈസി പാര്‍ട്ണറിന്റെ കാര്യത്തില്‍ മക്‌ഡൊണാള്‍ഡ്‌സ് തീരുമാനം കൈക്കൊള്ളുമോ എന്നതും കാത്തിരുന്ന് കാണണം.

മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയുടെ പടിഞ്ഞാറന്‍, ദക്ഷിണ മേഖലകളിലെ നടത്തിപ്പുകാരായ ഹാര്‍ഡ്കാസ്റ്റില്‍ റെസ്റ്റൊറന്റ്‌സ് തന്നെയായിരിക്കും വടക്ക്, കിഴക്കന്‍ മേഖലകളില്‍ മേല്‍നോട്ടം വഹിക്കുകയെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു

മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയുടെ പടിഞ്ഞാറന്‍, ദക്ഷിണ മേഖലകളിലെ നടത്തിപ്പുകാരായ ഹാര്‍ഡ്കാസ്റ്റില്‍ റെസ്റ്റൊറന്റ്‌സ് തന്നെയായിരിക്കും വടക്ക്, കിഴക്കന്‍ മേഖലകളില്‍ മേല്‍നോട്ടം വഹിക്കുകയെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹാര്‍ഡ്കാസ്റ്റില്‍ റെസ്റ്റൊറന്റ്‌സിന്റെ ചെയര്‍മാന്‍ അമിത് ജാട്ടിയ തയാറായില്ല. അതിനിടെ, മക്‌ഡൊണാള്‍ഡ്‌സ് പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ താല്‍പര്യമുണ്ടെന്ന് സ്‌പെഷാലിറ്റി റെസ്റ്റൊറന്റ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അഞ്ജന്‍ ചാറ്റര്‍ജി അറിയിച്ചു.

മക്‌ഡൊണാള്‍ഡ്‌സുമായുള്ള പങ്കാളിത്തത്തിന് ഒരുക്കമാണെന്ന് മൂണ്‍ ബിവറേജസും പറഞ്ഞിരുന്നു. മക്‌ഡൊണാള്‍ഡ്‌സിന്റെ മാത്രം ബിവറേജസ് പാര്‍ട്ണറാണ് കൊക്ക കോള. എണ്ണ, ഗ്യാസ്, റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ സാന്നിധ്യമുള്ള എംഎംജി ഗ്രൂപ്പാണ് മൂണ്‍ ബിവറേജസ് പ്രവര്‍ത്തിപ്പിക്കുന്നത്.
പഞ്ചാബ് ഗ്രില്‍, ഏഷ്യ സെവന്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രൊമോട്ടറായ ലൈറ്റ് ബൈറ്റ് ഫുഡ്‌സും മക്‌ഡൊണാള്‍ഡ്‌സുമായി കൈകോര്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നുകഴിഞ്ഞു. എന്നാല്‍, പുതിയ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഇന്ത്യയിലെ വക്താവ് തയാറായില്ല. പ്രക്രിയയുടെ വിശദാംശങ്ങള്‍ അതീവ രഹസ്യമാണ്. -അദ്ദേഹം വ്യക്തമാക്കി.

ബക്ഷിയുമായി യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പുകള്‍ക്കും താല്‍പര്യമില്ലെന്ന് രണ്ട് മാസം മുന്‍പ് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ (എന്‍സിഎല്‍എടി) മക്‌ഡൊണാള്‍ഡ്‌സ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ മക്‌ഡൊണാള്‍ഡ്‌സിന്റെ 169 സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

Comments

comments

Categories: Business & Economy

Related Articles