ഹോണ്ട അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ഹോണ്ട അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

2019 ല്‍ യൂറോപ്യന്‍ നിരത്തുകളില്‍ ഈ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ കാണാമെന്ന് ഹോണ്ട

ഫ്രാങ്ക്ഫര്‍ട്ട് : അര്‍ബന്‍ എന്ന ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഹോണ്ട അനാവരണം ചെയ്തു. പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഈ ഓള്‍-ന്യൂ ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍ ജാപ്പനീസ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. സാങ്കേതികവിദ്യകളുടെയും രൂപകല്‍പ്പനയുടെയും കാര്യത്തില്‍ ഉദാത്ത സൃഷ്ടിയാണ് ഈ ബാറ്ററി ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍.

ഹോണ്ട മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയുമായ തകാഹിറോ ഹാചിഗോയാണ് കണ്‍സെപ്റ്റ് കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. വിദൂര ഭാവിയിലേക്കായി കരുതിവെച്ച ഒന്നല്ല അര്‍ബന്‍ ഇലക്ട്രിക് കാര്‍ എന്നും 2019 ല്‍ യൂറോപ്യന്‍ നിരത്തുകളില്‍ ഈ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്‍സെപ്റ്റ് യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെഡ്‌ലൈറ്റുകള്‍ക്കിടയിലെ ഗ്രില്ലിന്റെ സ്ഥാനത്ത് വിവിധ ഭാഷകളില്‍ മെസ്സേജുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട സവിശേഷത

ലളിതവും മനോഹരവുമായ രൂപകല്‍പ്പനയും നൂതന സാങ്കേതികവിദ്യകളും ഹോണ്ട അര്‍ബന്‍ എന്ന ഇലക്ട്രിക് കണ്‍സെപ്റ്റിന് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ സവിശേഷ സ്ഥാനം നേടിക്കൊടുത്തിരിക്കുകയാണ്. കാറിന്റെ മുന്‍വശത്ത് ഹെഡ്‌ലൈറ്റുകള്‍ക്കിടയിലെ ഗ്രില്ലിന്റെ സ്ഥാനത്ത് വിവിധ ഭാഷകളില്‍ മെസ്സേജുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട സവിശേഷത. ആശംസകള്‍, റോഡ് സംബന്ധമായി മറ്റ് ഡ്രൈവര്‍മാര്‍ക്കുള്ള ഉപദേശ-നിര്‍ദ്ദേശങ്ങള്‍, ചാര്‍ജിംഗ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എന്നിവ ഇവിടെ ഡിസ്‌പ്ലേ ചെയ്യാം.

ഇലക്ട്രിക് ചാര്‍ജിംഗ് കേബിള്‍ കണക്ഷന്‍ ബോണറ്റിലാണ് നല്‍കിയിരിക്കുന്നത്. നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന്റെ സീറ്റുകള്‍ വ്യത്യസ്ത മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നു. ഹോണ്ട ഓട്ടോമേറ്റഡ് നെറ്റ്‌വര്‍ക് അസ്സിസ്റ്റന്റാണ് മറ്റൊരു ഫീച്ചര്‍.

Comments

comments

Categories: Auto