മലിനീകരണ വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന് പുതിയ പദ്ധതികളുമായി ഫ്രാന്‍സ്

മലിനീകരണ വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന് പുതിയ പദ്ധതികളുമായി ഫ്രാന്‍സ്

കാലാവസ്ഥാ വ്യതിയാനം പരിമിതപ്പെടുത്തുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നിരവധി പദ്ധതികള്‍ 2018 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിക്കും

പാരിസ് : മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിക്കുന്നതിന് ഫ്രാന്‍സ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു. പുതിയ ഇളവുകളും നികുതി ആനുകൂല്യങ്ങളും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പരിസ്ഥിതി-ഊര്‍ജ്ജ മന്ത്രി നിക്കോളാസ് ഹുലോട്ട് പറഞ്ഞു. അടുത്തയാഴ്ച്ച അവതരിപ്പിക്കുന്ന 2018 വര്‍ഷത്തെ ബജറ്റില്‍ കാലാവസ്ഥാ വ്യതിയാനം പരിമിതപ്പെടുത്തുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ഫ്രഞ്ച് പത്രമായ ലിബറേഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

താഴ്ന്ന വരുമാനമുള്ള കുടുംബം ചെറു സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വാങ്ങുകയാണെങ്കില്‍ വിലയുടെ പകുതിയില്‍കൂടുതല്‍ സര്‍ക്കാര്‍ സഹായമായി അനുവദിക്കും

കുറവ് മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളിലേക്ക് മാറുന്നതിന് 500 മുതല്‍ 1,000 വരെ യൂറോയുടെ ആനുകൂല്യം നല്‍കുമെന്ന് ഹുലോട്ട് പറഞ്ഞു. നിലവില്‍ ഈ ആനുകൂല്യം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ 2018 മുതല്‍ എല്ലാ പൗരന്‍മാരെയും പദ്ധതിയിന്‍കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം. 1997 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പെട്രോള്‍ എന്‍ജിന്‍ കാറുകളും 2001 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഡീസല്‍ എന്‍ജിന്‍ കാറുകളും ഉപേക്ഷിച്ച് പുതിയ കാര്‍ വാങ്ങുന്നതിന് മാത്രമേ ആനുകൂല്യം ലഭിക്കൂ.

പുതിയ കാറുകള്‍ വാങ്ങുന്നതിന് മാത്രമല്ല, കുറവ് കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനം മാത്രം നടത്തുന്ന താരതമ്യേന പുതിയ സെക്കന്‍ഡ്-ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതിനും സര്‍ക്കാര്‍ സഹായം ലഭിക്കും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം രണ്ടായിരം യൂറോയായി വര്‍ധിപ്പിക്കും. താഴ്ന്ന വരുമാനമുള്ള കുടുംബം ചെറു സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വാങ്ങുകയാണെങ്കില്‍ വാഹനത്തിന്റെ വിലയുടെ പകുതിയില്‍കൂടുതല്‍ സര്‍ക്കാര്‍ സഹായമായി അനുവദിക്കുമെന്നും നിക്കോളാസ് ഹുലോട്ട് വ്യക്തമാക്കി.

Comments

comments

Categories: Auto