ന്യൂസിലന്‍ഡിലേക്കുള്ള സര്‍വീസുകളില്‍ ഭേദഗതി വരുത്തി എമിറേറ്റ്‌സ്

ന്യൂസിലന്‍ഡിലേക്കുള്ള സര്‍വീസുകളില്‍ ഭേദഗതി വരുത്തി എമിറേറ്റ്‌സ്

ദുബായില്‍ നിന്ന് ഓക്‌ലന്‍ഡിലേക്ക് പോകുന്ന വിമാനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതിനായി മെല്‍ബണില്‍ ഇറക്കും

ദുബായ്: ഓക്‌ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ ഇന്ധന അപര്യാപ്തത നേരിടുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ റൂട്ടില്‍ ഭേദഗതി വരുത്തി എമിറേറ്റ്‌സ്. ദുബായില്‍ നിന്ന് നേരിട്ട് ഓക്‌ലന്‍ഡിലേക്ക് സര്‍വീസ് നടത്തുന്നതിന് പകരമായി ഇന്ധനം നിറയ്ക്കാനായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിമാനം ഇറക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനകമ്പനി വ്യക്തമാക്കി.

ഓക്‌ലന്‍ഡില്‍ നിന്നും ദുബായിലേക്ക് സെപ്റ്റംബര്‍ 24 വരെ സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സിന്റെ വിമാനമായ ഇകെ 449 ഇന്ധനം നിറയ്ക്കുന്നതിനായി മെല്‍ബണില്‍ നിര്‍ത്തുമെന്ന് എമിറേറ്റ്‌സിന്റെ വക്താവ് പത്രക്കുറിപ്പിലൂടെ പറഞ്ഞു. ഓക്‌ലന്‍ഡ് വിമാനത്താവളത്തിലുള്ള ഇന്ധന ദൗര്‍ലഭ്യം ഭൂരിഭാഗം അന്താരാഷ്ട്ര വിമാനകമ്പനികളേയും ബാധിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടതായി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിരിച്ചുപോകാന്‍ ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ എല്ലാ വിമാനങ്ങളും ഓക്‌ലന്‍ഡിലേക്ക് വരാന്‍ പാടൊള്ളൂവെന്ന് അധികൃതര്‍ വിമാനകമ്പനികളെ അറിയിച്ചിട്ടുണ്ട്. ഇന്ധന വിതരണം സാധാരണ നിലയിലാവാന്‍ 10-14 ദിവസം എടുക്കുമെന്നാണ് ഓയില്‍ കമ്പനികള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Arabia