ചലോ ദില്ലി

ചലോ ദില്ലി

ഡെല്‍ഹിയിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള അവസരം സംജാതമായി

നാട് വികസിക്കുന്തോറും പാതകള്‍ ചുരുങ്ങിവരുന്നത് ഇന്ത്യയില്‍ കാണുന്ന പ്രവണതയാണ്. രാജ്യതലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കുകയെന്നത് ഭഗീരഥപ്രയത്‌നമായിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയപാത വികസന അതോറിറ്റി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഡെല്‍ഹിയിലെ കുപ്രസിദ്ധമായ തെരുക്കുരുക്ക് അഴിച്ചുവിടാന്‍ 50,000 കോടി രൂപയുടെ പദ്ധതിയാണ് അതോറിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരത്തില്‍ മൂന്നാമതൊരു റിംഗ്‌റോഡ് ഉള്‍പ്പെടെ പന്ത്രണ്ടോളം റോഡുകളുടെ ശൃംഖലയാണ് പദ്ധതിയിടുന്നത്. ദേശീയ പാതകളുടെ കൂടിച്ചേരല്‍, പുതിയ ബൈപ്പാസുകള്‍, ഉയര്‍ന്ന ഇടനാഴികള്‍ എന്നിവയും സ്ഥാപിക്കും. ഡെല്‍ഹിയിലെ ഗതാഗതത്തിരക്കിന്റെ 90 ശതമാനവും ഉണ്ടാക്കുന്നത് പ്രാദേശിക ഹൈവേകള്‍ വഴിയെത്തുന്ന വാഹനങ്ങളാണ്. ഇതു സൃഷ്ടിക്കുന്ന കുരുക്ക് ഒഴിവാക്കാന്‍ നാലു ഹൈവേകളും പരസ്പരം ലയിപ്പിച്ച് അര്‍ബന്‍ എക്‌സ്റ്റെന്‍ഷന്‍ റോഡ് 2 ഉണ്ടാക്കാനാണ് പദ്ധതി. ഇത് റിംഗ് റോഡായി നിര്‍മ്മിക്കാനാണു നിശ്ചയിരിക്കുന്നത്. എന്‍എച്ച് 1, എന്‍എച്ച് 10, എന്‍എച്ച് 8, എന്‍എച്ച് 2 എന്നീ നാലു പാതകളും രണ്ടുഘട്ടമായാണ് യോജിപ്പിക്കുക. ഇതോടൊപ്പം കര്‍ണാലിലും പാനിപ്പട്ടിലും നിന്നു ഫരീദാബാദ് ചുറ്റിവരുന്ന ഒരു ബൈപ്പാസ് നിര്‍മിക്കാനും പദ്ധതിയുണ്ട്.

ഡെല്‍ഹിയിലെ ഗതാഗതത്തിരക്കിന്റെ 90 ശതമാനവും ഉണ്ടാക്കുന്നത് പ്രാദേശിക ഹൈവേകള്‍ വഴിയെത്തുന്ന വാഹനങ്ങളാണ്. ഇതു സൃഷ്ടിക്കുന്ന കുരുക്ക് ഒഴിവാക്കാന്‍ നാലു ഹൈവേകളും പരസ്പരം ലയിപ്പിച്ച് അര്‍ബന്‍ എക്‌സ്റ്റെന്‍ഷന്‍ റോഡ് 2 ഉണ്ടാക്കാനാണ് പദ്ധതി. ഇത് റിംഗ് റോഡായി നിര്‍മ്മിക്കാനാണു നിശ്ചയിരിക്കുന്നത്. എന്‍എച്ച് 1, എന്‍എച്ച് 10, എന്‍എച്ച് 8, എന്‍എച്ച് 2 എന്നീ നാലു പാതകളും രണ്ടുഘട്ടമായാണ് യോജിപ്പിക്കുക

റിംഗ്‌റോഡ് വരുന്നതോടെ പോഷക റോഡുകള്‍ സൃഷ്ടിക്കുന്ന ഗതാഗതത്തിന്റെ ഭാരം ലഘൂകരിക്കപ്പെടുമെന്ന് അതോറിറ്റി ചെയര്‍മാന്‍ ദീപക് കുമാര്‍ അവകാശപ്പെട്ടു. റോഡ് നിര്‍മാണത്തിന്റെ ആദ്യഘട്ടം അതോറിറ്റിയും രണ്ടാംഘട്ടം സംസ്ഥാനവുമാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ എന്‍എച്ച് 1, എന്‍എച്ച് 8 എന്നീ പാതകളെയാണു ബന്ധിപ്പിക്കുക. അടുത്തഘട്ടത്തില്‍ എന്‍എച്ച് 8നെ എന്‍എച്ച് 10, എന്‍എച്ച് 2 എന്നിവയുമായി ബന്ധിപ്പിക്കും. ഇത് ഇരുദിശകളിലും നിന്നുള്ള തിരക്കു നിറഞ്ഞ ദേശീയപാതകള്‍ക്ക് ബദല്‍ പാതയായി മാറും. ഈ പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞതായി അതോറിറ്റി അധികൃതര്‍ അറിയിച്ചു. കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ഗഡ്കരി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനമെടുത്തത്. ചരക്കുഭാരവാഹനങ്ങളെ വഴിതിരിച്ചുവിടാന്‍ നിര്‍മിച്ച കിഴക്ക്, പടിഞ്ഞാറ് എക്‌സ്പ്രസ് വേകള്‍ക്ക് പുറമെയാണ് ഈ റോഡുകളുടെ നിര്‍മാണം. പദ്ധതിക്കു വേണ്ടി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ക്ക് ഗഡ്കരി നിര്‍ദേശം നല്‍കി.

ഇതോടൊപ്പം 24 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന 900 കോടി രൂപ ചെലവുവരുന്ന കാളിന്ദികുഞ്ജ് ബൈപാസ് യാഥാര്‍ഥ്യമാക്കാനും ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. 13 കിലോമീറ്റര്‍ വരുന്ന ഇടനാഴിക്ക് മുന്‍ഗണനകൊടുത്ത് അടിസ്ഥാനവികസനപദ്ധതിയുമായി യോജിപ്പിക്കാനാണു തീരുമാനം. ഇടനാഴിയുടെ അഞ്ചര കിലോമീറ്റര്‍ ഉയര്‍ത്തിയാണ് പണിയേണ്ടത്. ഉത്തര്‍പ്രദേശ് ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് സ്ഥലപ്രശ്‌നത്തില്‍ കുരുങ്ങിയാണ് കാളിന്ദികുഞ്ജ് പദ്ധതി വൈകുന്നത്. ആശ്രം ചൗക്കിലും മഥുരയിലുമാണ് സ്ഥലപ്രശ്‌നം ഉടലെടുത്തിട്ടുള്ളത്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുണ്ട്. സ്ഥലം ഡെല്‍ഹി മരാമത്തുവകുപ്പിനെ ഏല്‍പ്പിക്കാനാണു തീരുമാനം. ആനന്ദ് വിഹാര്‍ ഐഎസ്ബിടിയില്‍ നിന്ന് ഐടിഒയെയും ന്യൂഡെല്‍ഹി റെയില്‍വേസ്റ്റേഷനെയും ബന്ധിപ്പിച്ച് പീരാഗാഡിലേക്കു നയിക്കുന്ന കിഴക്കുപടിഞ്ഞാറന്‍ ഇടനാഴിക്കും സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നു. ഇതോടെ വികാസ് മാര്‍ഗ്, ഐടിഒ, അജ്‌മേരി ഗേറ്റ്, കരോള്‍ബാഗ് എന്നീ പ്രധാന വീഥികളില്‍ തിരക്കു കുറയും. 25 കിലോമീറ്റര്‍ നീളമുള്ള കിഴക്കുപടിഞ്ഞാറന്‍ ഇടനാഴിക്ക് 6000 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാമെന്നാണു കരുതുന്നത്.

നിര്‍ദിഷ്ട അലൈന്‍മെന്റ് പ്രകാരം ആനന്ദ് വിഹാര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നു തുടങ്ങുന്ന ഇടനാഴി കാര്‍ക്കര്‍ദൂമയ്ക്കു സമാന്തരമായി കിഴക്കന്‍ ഡെല്‍ഹിയിലെ വികാസ് മാര്‍ഗില്‍ അവസാനിക്കും. നഗരത്തിന്റെ മധ്യഭാഗത്ത് ഇടനാഴി ഐടിഒ, ഡിഡിയു മാര്‍ഗ്, ന്യൂഡെല്‍ഹി റെയില്‍വേസ്‌റ്റേഷന്‍ എന്നിവയിലൂടെ കടന്നുപോകും. ആദ്യഘട്ടത്തില്‍ ഇടനാഴി പഞ്ചാബിബാഗ് വരെയും തുടര്‍ന്ന് പീരാഗാഡി, തിക്രി ബോര്‍ഡര്‍ എന്നിവയിലൂടെ പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ എന്‍എച്ച് 10വരെയും നീളുന്നു. ന്യൂഡെല്‍ഹി റെയില്‍വേ സ്‌റ്റേഷനെയും രാജ്ഘട്ടിനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതു വരുന്നതോടെ അജ്‌മേരി ഗേറ്റ്, അസഫലി റോഡ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാകും. ബദ്‌ലി, ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷനുകള്‍ക്കിടയിലൂടെ യമുനാ കനാല്‍ വരെ നീളുന്ന ഇടനാഴിയും പദ്ധതിയില്‍ നിര്‍ദേശിച്ചിരിക്കുന്നു.

മെഹ്‌റോളി- ബദര്‍പുര്‍ ഇടനാഴിയുടെ വീതി വര്‍ധിപ്പിക്കാനും ദേശീയപാത അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. 700 കോടി രൂപ ചെലവു വരുന്ന പദ്ധതി 2013- 14 വര്‍ഷത്തില്‍ ആവിഷ്‌കരിച്ച പദ്ധതി ഔട്ടര്‍ റിംഗ് റോഡില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗതാഗതത്തിരക്ക് ഒഴിവാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയിലെ ഏകോപനമില്ലായ്മയും സാങ്കേതിക പ്രശ്‌നങ്ങളും മൂലം പദ്ധതി മുടങ്ങിക്കിടക്കുകയാണ്. അര്‍ബന്‍ എക്‌സ്റ്റെന്‍ഷന്‍ റോഡ് 1നെ രജോക്രി, ബിജ്വസാന്‍, നജഫ്ഗഡ്, എന്‍എച്ച് 8, എന്‍എച്ച് 10, എന്‍എച്ച് 1 എന്നിവയുമായി ബന്ധിപ്പിക്കാനാണ് ദേശീയപാത അതോറിറ്റി നിര്‍ദേശം. ഇതിനു വേണ്ടി സ്ഥലമേറ്റെടുത്തു നല്‍കേണ്ട ചുമതല ഡെല്‍ഹി വികസന അതോറിറ്റിക്കാണ്. എക്‌സ്റ്റെന്‍ഷന്‍ റോഡ് 1ന്റെ തുടക്കം കിഴക്ക് മാ ആനന്ദ്മയി മാര്‍ഗില്‍ നിന്ന് മെഹ്‌റോളി ബൈപ്പാസ്, രജോക്രി എന്നിവിടങ്ങളില്‍ക്കൂടിയാണ്.

24 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന 900 കോടി രൂപ ചെലവുവരുന്ന കാളിന്ദികുഞ്ജ് ബൈപാസ് യാഥാര്‍ഥ്യമാക്കാനും ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. 13 കിലോമീറ്റര്‍ വരുന്ന ഇടനാഴിക്ക് മുന്‍ഗണനകൊടുത്തു അടിസ്ഥാനവികസനപദ്ധതിയുമായി യോജിപ്പിക്കാനാണു തീരുമാനം. മെഹ്‌റോളി- ബദര്‍പുര്‍ ഇടനാഴിയുടെ വീതി വര്‍ധിപ്പിക്കാനും ദേശീയപാത അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്‌

അര്‍ബന്‍ എക്‌സ്റ്റെന്‍ഷന്‍ റോഡ് 2ന്റെ രണ്ടാം ഘട്ടം വസന്ത്കുഞ്ജില്‍ തുടങ്ങി ദ്വാരക ലിങ്ക് റോഡ്, എന്‍എച്ച് 8 കൂടിച്ചേരുന്ന നജഫ്ഗഡ്, എന്‍എച്ച് 10 എന്നിവയിലൂടെ എന്‍എച്ച് 1ല്‍ അവസാനിക്കും. ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എക്‌സ്പ്രസ് വേയുടെ പണി എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഔട്ടര്‍റിംഗ് റോഡ് സാലിമാര്‍ഗ് ഫോര്‍ട്ട് റോഡില്‍ വെച്ച് ഇന്നര്‍ റിംഗ് റോഡുമായി ലയിപ്പിക്കാനാണ് തീരുമാനം. അതിനാല്‍ എന്‍എച്ച് 1ലൂടെ കര്‍ണാലിലും സോനേപാട്ടിലും നിന്നുള്ള പാതയില്‍ നിന്ന് എന്‍എച്ച് 2ലെ ഗാസിയാബാദിലും കിഴക്കന്‍ ഡെല്‍ഹിയിലും നിന്ന് ഫരീദാബാദിലേക്കുള്ള പാതയിലേക്ക് ബൈപാസ് ഉണ്ടായിരിക്കില്ല. ഈ മേഖലകളില്‍ നിന്ന് അശ്രം, മോദി മില്‍ ഫ്‌ളൈഓവര്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന വഴിയില്‍ വലിയ ഗതാഗതത്തിരക്കാണ് ഉണ്ടാകുന്നത്.

ഈ പദ്ധതികള്‍ക്കൊപ്പം തന്നെ വാസിറാബാദില്‍ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കുള്ള വടക്കു-തെക്കന്‍ ഇടനാഴി, ഐഎന്‍എയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ബാരാപുള്ള ഇടനാഴി, എന്‍എച്ച് 2ല്‍ നിന്ന് നോയിഡ എക്‌സ്പ്രസ് പാതയിലേക്കുള്ള മെഹ്‌റോളി- ബദര്‍പുര്‍ റോഡ് എന്നിവയുടെ കാര്യവും ചര്‍ച്ച ചെയ്തു. ദേശീയ പാത വികസന അതോറിറ്റിയുടെ ഈ ബൃഹദ് പദ്ധതി ഡെല്‍ഹിയുടെ മുഖച്ഛായ മാറ്റുമെന്നു പ്രതീക്ഷിക്കാം. ഒപ്പം രാജ്യത്തിന്റെ അടിസ്ഥാനവികസനപദ്ധതിയില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കാനും സാധ്യത തെളിയുന്നു.

Comments

comments

Categories: FK Special, Slider
Tags: chalo dilli