അസോച്ചം അവാര്‍ഡിന്റെ നിറവില്‍ സീഗള്‍

അസോച്ചം അവാര്‍ഡിന്റെ നിറവില്‍ സീഗള്‍

30 വര്‍ഷം മുമ്പ് ഒരു ട്രാവല്‍ ഏജന്‍സിയായി കെ മധുസൂദനന്‍ ആരംഭിച്ച സ്ഥാപനമാണ് സീഗള്‍. പിന്നീട് വിദേശ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായി രൂപാന്തരപ്പെട്ട സീഗള്‍ ഇന്റര്‍നാഷണല്‍ ഇന്ന് വ്യവസായരംഗത്തെ മികവിനുള്ള അസോച്ചം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നേടി മകന്‍ സുരേഷ്‌കുമാര്‍ മധുസൂദനന്റെ നേതൃത്വത്തില്‍ ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനത്തില്‍ ശരിയായ രീതിയിലുള്ള ഇടപെടലുകള്‍ 300-400ശതമാനംവരെ വളര്‍ച്ചയിലേക്ക് കമ്പനിയെ നയിച്ചെന്ന് സീഗള്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ്‌കുമാര്‍ മധുസൂദനന്‍ ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

തൊഴില്‍ ദാതാവിനിണങ്ങിയ തൊഴിലാളിയെയും തൊഴിലാളിക്കിണങ്ങിയ തൊഴില്‍ദാതാവിനെയും കണ്ടെത്തി ഇണക്കിച്ചേര്‍ക്കുക എന്നതാണ് ഒരു ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റിന്റെ വിജയരഹസ്യം. തൊഴില്‍ദാതാവിന്റെയും തൊഴിലന്വേഷകന്റെയും താല്‍പര്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുമ്പോള്‍ മാത്രമാണ് ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റ് വിജയിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ട്രാവല്‍ ഏജന്‍സിയായി തുടക്കം കുറിച്ച സീഗള്‍, രാജ്യത്തെ ടോപ് ടെന്‍ ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റുമാരില്‍ ഒന്നായി വളര്‍ന്നതിന് പിന്നിലുള്ള രഹസ്യം രണ്ടു തലമുറകളായി മികവിന്റെ വഴിയിലൂടെയുള്ള യാത്ര നല്‍കിയ അനുഭവസമ്പത്താണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടിയായതോടെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നത് സീഗള്‍ ഗ്രൂപ്പിന് ഇന്ന് കലയോ ശാസ്ത്രമോ പോലെ സമന്വയിക്കപ്പെട്ട ഒരു പ്രക്രിയയാണ്.

തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന്റെ നിലവാരം, സ്വഭാവം, ഘടന, തൊഴില്‍ സംസ്‌കാരം, തൊഴില്‍ അന്തരീക്ഷം, ബിസിനസ് വ്യാപ്തി തുടങ്ങിയ ഘടകങ്ങള്‍ മനസിലാക്കി അവര്‍ക്കിണങ്ങിയ തൊഴിലാളിയെ അല്ലെങ്കില്‍ മാനേജ്‌മെന്റ് വിദഗ്ധരെ നല്‍കാന്‍ കഴിയുന്നുവെന്നതാണ് സീഗളിന്റെ പ്രത്യേകത. ഒപ്പം തൊഴിലന്വേഷകന്റെ നിലവാരം, യോഗ്യത, സാധ്യത എന്നിവയ്ക്ക് യോജിച്ച തൊഴില്‍ദാതാവിനെ കണ്ടെത്താന്‍ സഹായിക്കുന്നതിലൂടെ രണ്ടു കൂട്ടരുടെയും താല്‍പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സീഗളിന് കഴിയുന്നു.

30 വര്‍ഷം മുമ്പ് ഒരു ട്രാവല്‍ ഏജന്‍സിയായി കെ മധുസൂദനന്‍ ആരംഭിച്ച സ്ഥാപനമാണ് സീഗള്‍. പിന്നീട് വിദേശ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായി രൂപാന്തരപ്പെട്ട സീഗള്‍ ഇന്റര്‍നാഷണല്‍ ഇന്ന് വ്യവസായരംഗത്തെ മികവിനുള്ള അസോച്ചം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നേടി മകന്‍ സുരേഷ്‌കുമാര്‍ മധുസൂദനന്റെ നേതൃത്വത്തില്‍ ജൈത്രയാത്ര തുടരുകയാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഗളിന് ഇന്ത്യയില്‍ ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. സീഗളിന്റെ ഓവര്‍സീസ് ബ്രാഞ്ചുകള്‍ യുഎഇയിലും കുവൈറ്റിലും പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ട്രാവല്‍ ഏജന്‍സിയായിരുന്നതിനാല്‍ യാത്രകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നോക്കിയിരുന്നത്. തട്ടിപ്പുകള്‍ നടക്കുന്ന മേഖലയായതിനാല്‍ അന്ന് മുംബൈയില്‍ നിന്ന് വിദേശത്തേക്ക് പോയിരുന്ന മലയാളികള്‍ പലപ്പോഴും മധുസൂദനനെ വന്നു കാണാറുണ്ടായിരുന്നു. ട്രാവല്‍ ഏജന്റ് എന്ന നിലയില്‍ പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികളുമായുള്ള ബന്ധത്തിലൂടെ ആവശ്യക്കാര്‍ക്ക് കൃത്യമായ ഉപദേശങ്ങള്‍ നല്‍കാനും കഴിഞ്ഞു. ആ സമയത്ത് പഠനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയ സുരേഷ്‌കുമാര്‍ അച്ഛനോടൊപ്പം ചേര്‍ന്നു. 1987 മുതല്‍ റിക്രൂട്ടിംഗിലേക്ക് കടന്നെങ്കിലും 1990ആയപ്പോഴാണ് പൂര്‍ണ്ണമായും ഈ രംഗത്ത് സീഗള്‍ സജീവമായത്.

കുവൈറ്റിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് കൂടുതല്‍ നടക്കുന്നത്. ഖത്തറിലെ പ്രശ്‌നങ്ങള്‍ ശരിക്കും ബാധിച്ചിട്ടുള്ളത് സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളെയാണ്. ഇവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ ഖത്തര്‍ പ്രതിസന്ധി കാര്യമായി പ്രതിഫലിച്ചു. അത്യാവശ്യ സേവനങ്ങള്‍ക്കുവേണ്ടിയുള്ളതല്ലാതെ പുതിയ പ്രൊജക്ടുകള്‍ ഇപ്പോള്‍ നടക്കുന്നില്ല. അതേസമയം കുവൈറ്റില്‍ വികസനത്തിന്റെ ഭാഗമായി കുറെയധികം അവസരങ്ങള്‍ ഉണ്ടാകുന്നുണ്ട്

സുരേഷ്‌കുമാര്‍ മധുസൂദനന്‍

സീഗള്‍ ഗ്രൂപ്പ്

മാനേജിംഗ് ഡയറക്റ്റര്‍

ഉന്നത മാനേജ്‌മെന്റ് തസ്തികകള്‍ മുതല്‍ അണ്‍സ്‌കില്‍ഡ് ലേബറിനായും ആളുകളെ റിക്രൂട്ട് ചെയ്യുന്ന സീഗള്‍ ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജേര്‍, പ്രൊജക്ട് മാനേജര്‍, സിഇഒ മുതല്‍ എല്ലാ തലങ്ങളിലേക്കും ആളുകളെ നല്‍കുന്നുണ്ട്. അതുപോലെതന്നെ അണ്‍സ്‌കില്‍ഡ്, സെമിസ്‌കില്‍ഡ്, സ്‌കില്‍ഡ് വിഭാഗങ്ങളിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യുന്നു. 50,000ത്തിലധികം ആളുകളെ ഇതിനോടകം റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞ സ്ഥാപനത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ പ്രതിവര്‍ഷം 5000ത്തിലധികംപേരെ റിക്രൂട്ട് ചെയ്തതായി കാണാം. ഇതില്‍ 50 ശതമാനത്തോളം ആളുകളെ കാശൊന്നും വാങ്ങാതെയാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ പ്രദേശിക റിക്രൂട്ട്‌മെന്റിലേക്കും കടന്ന് ആ മേഖലയിലെ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണിവര്‍. സീഗള്‍ മാനേജിംഗ് ഡയറക്റ്ററും ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നാഷണല്‍ ജനറല്‍ സെക്രട്ടറി കൂടിയായ സുരേഷ്‌കുമാര്‍ ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു.

മാന്‍പവര്‍ സപ്ലൈ രംഗത്ത് കമ്പനികള്‍ക്കാവശ്യമായ മനുഷ്യവിഭവശേഷി ശരിയായി നല്‍കുക എന്നതിനാണ് പ്രമുഖ്യം. എത്തരത്തിലാണ് സോഴ്‌സിംഗ് പ്രക്രിയ ?

ആളുകളെ സോഴ്‌സ് ചെയ്യാനായി പല മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്. പൂര്‍ണ്ണമായും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത കമ്പനിയായതിനാല്‍ ഞങ്ങളുടെ കൈയില്‍ ഒരുപാട് ഡാറ്റ ഉണ്ട്. ഇതിനുപുറമേ ലിങ്ക്ഡിന്‍, ട്വിറ്റര്‍ പോലെയുള്ള സമൂഹ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഉപയോഗിക്കുന്നത് ആളുകളെ കണ്ടെത്താന്‍ വളരെയധികം സഹായിക്കുന്നു. നൗക്രി, മോണ്‍സ്റ്റര്‍ പോലെയുള്ള പോര്‍ട്ടലുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ സ്വന്തം പോര്‍ട്ടല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ വന്നിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞറിഞ്ഞും ധാരാളം ആളുകള്‍ വരുന്നുണ്ട്. ഞങ്ങള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതും ഇതിനാണ്. ഒരിക്കല്‍ ഞങ്ങളുടെ സേവനങ്ങള്‍ നേടി സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ റെഫര്‍ ചെയ്യുമ്പോള്‍ അത് ഞങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരവും കൂടെയാണ്. മുമ്പ് അച്ഛന്‍വഴി അക്കൗണ്ടന്റോ ക്ലര്‍ക്കോ ഒക്കെയായി വിദേശരാജ്യങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ ഇന്ന് മാനേജര്‍ തസ്തികയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മറ്റുചിലര്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ആളുകളെ ആവശ്യമുള്ളപ്പോള്‍ ഞങ്ങളെ സമീപിക്കാറുണ്ട്. അന്ന് അച്ഛന്‍ ചെയ്ത നല്ല പ്രവര്‍ത്തികളുടെ നന്‍മ ഇന്ന് തിരിച്ചുകിട്ടുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ റിക്രൂട്ട്‌മെന്റുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഏത് രാജ്യത്തേക്കാണ്?

കുവൈറ്റിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് കൂടുതല്‍ നടക്കുന്നത്. ഖത്തറിലെ പ്രശ്‌നങ്ങള്‍ ശരിക്കും ബാധിച്ചിട്ടുള്ളത് സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളെയാണ്. ഇവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ ഖത്തര്‍ പ്രതിസന്ധി കാര്യമായി പ്രതിഫലിച്ചു. അത്യാവശ്യ സേവനങ്ങള്‍ക്കുവേണ്ടിയുള്ളതല്ലാതെ പുതിയ പ്രൊജക്ടുകള്‍ അവിടെ നടക്കുന്നില്ല. അതേസമയം കുവൈറ്റില്‍ വികസനത്തിന്റെ ഭാഗമായി കുറെയധികം അവസരങ്ങള്‍ ഉണ്ടാകുന്നുണ്ട്. 8- 10 വര്‍ഷത്തേക്ക് കുവൈറ്റില്‍ നല്ല വികസനം ഉണ്ടാകുമെന്നാണ് പറയുന്നത്. യുഎഇയില്‍ 2020 എക്‌സ്‌പോയുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങള്‍ ഉണ്ടെങ്കിലും അത് ഉദ്ദേശിച്ച തലത്തിലേക്ക്് എത്തുന്നില്ല. അടുത്തവര്‍ഷമോ അതിനുശേഷമോ ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെങ്കിലും രാഷ്ട്രീയ അസ്ഥിരത ഒരു പ്രശ്‌നമാണ്. ഖത്തറിലെ നിലവിലുള്ള സ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി ചില നല്ല അവസരങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്വയംപര്യാപ്തതയ്ക്കുള്ള ശ്രമത്തിന്റെ ഭാഗമായി മെയ്ഡ് ഇന്‍ ഖത്തര്‍ എന്ന രീതിയില്‍ ചില പുതിയ പദ്ധതികള്‍ അവര്‍ ആരംഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ന്യൂസിലന്‍ഡില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമെല്ലാം പശുക്കളെ ഇറക്കുമതി ചെയ്ത് വലിയ ഡയറി ഫാമുകള്‍ തുടങ്ങി. അതുപോലെതന്നെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന് അവരുടേതാക്കി മാറ്റുന്നതുപോലെയുള്ള കാര്യങ്ങളും തുടങ്ങിയത് ഫാക്ടറികളിലും മറ്റും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാധ്യതയെ നമുക്ക് തള്ളിക്കളയാനാകില്ല. കാരണം ഈ ചുവടുവയ്പ്പിന് മനുഷ്യവിഭവശേഷി അനിവാര്യമാണ്.

ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളില്‍ തൊഴിലിനായി പോകുന്നവരില്‍ കൂടുതല്‍ ഏത് സംസ്ഥാനക്കാരാണ്? കേരളത്തില്‍ മുന്‍കാലങ്ങളില്‍ കണ്ടിരുന്നത്ര മൈഗ്രേഷന്‍ ഇപ്പോഴുണ്ടോ?

1970 മുതല്‍ 2000ത്തിന്റെ തുടക്കം വരെ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ആളുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പോയിരുന്നത് കേരളത്തില്‍ നിന്നാണ്. എന്നാല്‍ ഇപ്പോള്‍ അത് വളരെ കുറഞ്ഞിരിക്കുകയാണ്. 2016ലെ കണക്കില്‍ കേരളം 8-ാം സ്ഥാനത്താണ്. 2016ല്‍ യുപിയായിരുന്നു ഒന്നാമത്. 2017ല്‍ ഒന്നാം സ്ഥാനത്തുള്ളത് ബിഹാറാണ്. ബിഹാര്‍, യുപി, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഒറിസാ, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നിലാണിപ്പോള്‍ കേരളം. മിഡില്‍ ഈസ്റ്റിലെ പ്രൊജക്ടുകള്‍ നല്‍കുന്നതു തന്നെ വളരെ കുറഞ്ഞ മാര്‍ജിനിലാണ്. പലപ്പോഴും ശമ്പളത്തിലും കുറവ് കാണുന്നുണ്ട്. പണ്ടുണ്ടായിരുന്നതുപോലെ ഒരു നല്ല സാലറി സ്ട്രക്ചര്‍ ഇന്ന് മുന്നോട്ടുവയ്ക്കുന്നില്ല. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഈ ശമ്പളം നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ അധികമായതിനാല്‍ കുറഞ്ഞ ശമ്പളത്തിലും ജോലിയില്‍ പ്രവേശിക്കും. കേരളത്തില്‍ നിന്നുള്ളവരുടെ കാര്യം അങ്ങനെയല്ല. മറ്റൊന്ന് 10-15 വര്‍ഷം മുമ്പുണ്ടായിരുന്നതുപോലെ തൊഴിലില്ലായ്മയുടെ പ്രശ്‌നം ഇന്ന് കേരളത്തിലില്ല. കുടുംബം പോറ്റാന്‍ ഗള്‍ഫില്‍ പോണമെന്ന മനസ്ഥിതി ഇന്നത്തെ യുവാക്കള്‍ക്കിടയിലില്ല. ഇതിന്റെ പിന്നിലുള്ള കാരണങ്ങള്‍ ശരിയായി മനസിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകണം. ഇപ്പോള്‍ ഏകദേശം 25 ലക്ഷം ആളുകള്‍ കേരളത്തില്‍ വന്ന് ജോലി ചെയ്യുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് ഒരു പ്രമുഖ മാസികയില്‍ വന്ന തലക്കെട്ട് ‘കേരളാ ഗോസ് ടു ഗള്‍ഫ് ആന്‍ഡ് ഇന്ത്യ കംസ് ടു കേരള’ എന്നായിരുന്നു. നമ്മുടെ ആളുകളുടെ മനോഭാവവും പെരുമാറ്റവുമെല്ലാം ഇവിടെനിന്നുള്ളവരെ ഒഴിവാക്കാന്‍ പല കമ്പനികളും കാരണമാക്കാറുണ്ട്. മറ്റൊരുവശത്ത് കേരളത്തില്‍ നിന്നുള്ളവരാണ് ഏറ്റവും നല്ല ഗുണനിലവാരമുള്ളവര്‍ എന്നൊരു അഭിപ്രായവുമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനെ പ്രൊമോട്ട് ചെയ്യാനുള്ള ശ്രമങ്ങളൊക്കെ വന്നുകഴിഞ്ഞാല്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മറ്റ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറയുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്?

2014 വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഏകദേശം 20ലക്ഷം ആളുകള്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നുണ്ടായിരുന്നു. എന്നാല്‍ 2015ല്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസുകള്‍ റിക്രൂട്ട്‌മെന്റ് മേഖലയെ വളരെയധികം ബാധിച്ചു. ഇതിനെതുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ റിക്രൂട്ട്‌മെന്റ് രംഗത്ത് വലിയ വീഴ്ചയാണ് ഉണ്ടാക്കിയത്. 2017ലെ കണക്കുകള്‍ നോക്കുമ്പോള്‍ നമ്മുടെ റിക്രൂട്ട്‌മെന്റുകള്‍ 50 ശതമാനത്തോളം താഴ്ന്നിരിക്കുകയാണ്. 5.67ലക്ഷം ആളുകളാണ് 2016ല്‍ എമിഗ്രേറ്റ് ചെയ്തത്. മറ്റു രീതിയില്‍ പോയിരിക്കുന്നവരെയെല്ലാം ചേര്‍ത്തു നോക്കിയാലും പത്ത് ലക്ഷത്തിലധികം വരില്ല. അതായത് 20 ലക്ഷത്തില്‍ നിന്ന് 10 ലക്ഷത്തിലേക്ക് കുറഞ്ഞു. ഇന്ത്യയിലുണ്ടായിരുന്ന ഏകദേശം 1400ഓളം റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കഠിന ശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്രയധികം ബിസിനസ് ഇന്ത്യയിലേക്ക് നേരത്തെ കൊണ്ടുവന്നുകൊണ്ടിരുന്നത്. വേതനവും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍നിര്‍ത്തി കടുത്ത മല്‍സരമാണ് ഈ രംഗത്ത് നടക്കുന്നത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് പോലെയുള്ള രാജ്യങ്ങളില്‍ നിന്നൊക്കെ വളരെയധികം മത്സരം നേരിടേണ്ടിവരുന്നുണ്ട്. ഫിലിപ്പൈന്‍സ് ഒഴിച്ച് ബാക്കിയുള്ള രാജ്യങ്ങള്‍ നമ്മളെക്കാള്‍ കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെ നല്‍കാന്‍ സന്നദ്ധരാണ്. ഇന്ത്യയിലെ തൊഴിലാളികളുടെ ഗുണനിലവാരം നല്ലതായതുകൊണ്ട് നമുക്ക് അഡ്വാന്റേജ് ലഭിക്കുകയായിരുന്നു. അതുപോലെതന്നെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും മറ്റു ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഇവിടേക്ക് ബിസിനസ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഈ രംഗത്തുള്ള രണ്ട് ശതമാനം ആളുകള്‍ ചെയ്ത കുഴപ്പങ്ങള്‍മൂലം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ധാരാളം നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നു. അത് കുറെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

2014 വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഏകദേശം 20ലക്ഷം ആളുകള്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നുണ്ടായിരുന്നു. എന്നാല്‍ 2015ല്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസുകള്‍ ഭയങ്കരമായിട്ട് റിക്രൂട്ട്‌മെന്റ് മേഖലയെ ബാധിച്ചു. ഇതിനെതുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ റിക്രൂട്ട്‌മെന്റ് രംഗത്ത് വലിയ വീഴ്ചയാണ് ഉണ്ടാക്കിയത്. 2017ലെ കണക്കുകള്‍ നോക്കുമ്പോള്‍ നമ്മുടെ റിക്രൂട്ട്‌മെന്റുകള്‍ 50 ശതമാനത്തോളം താഴ്ന്നിരിക്കുകയാണ്.

നിയമാനുസൃതമല്ലാതെ നടക്കുന്ന റിക്രൂട്ട്‌മെന്റുകള്‍ തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ എത്രത്തോളം ശക്തമാണ്?

റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സിന് 50ലക്ഷം രൂപ ബാങ്ക് ഗാരന്റി നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് അനുവദിക്കുന്നത്. ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളവര്‍ തെറ്റായ രീതിയിലുള്ള റിക്രൂട്ട്‌മെന്റ് നടപടികളൊന്നും സ്വീകരിക്കാറില്ല. യാതൊരു ലൈസന്‍സും ഇല്ലാത്ത ആളുകളാണ് മേഖലയുടെ പേര് ഇല്ലാതാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഇത്തരം കാര്യങ്ങള്‍ പല ചര്‍ച്ചകളില്‍ എത്തിക്കുന്നുണ്ട്. ലൈസന്‍സ് ഉള്ളവരല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് സര്‍ക്കാരിനും വ്യക്തമായിട്ട് അറിയാം പക്ഷെ ഇത് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല. മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് അടുത്തിടെ ആന്ധ്രാ പ്രദേശില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ അവിടുത്തെ ചീഫ് സെക്രട്ടറിയെയും പൊലീസ് കമ്മീഷണറെയും ചേര്‍ത്ത് നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഒരുപരിധിവരെ പ്രയോജനപ്രദമായി. ഓഗസ്റ്റ് 28-ാം തീയതി മുംബൈയില്‍ ഇത്തരത്തിലുള്ള ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ മന്ത്രിമാരും, ചീഫ് സെക്രട്ടറിമാരും പോലീസ് ഉദ്യോഗസ്ഥരുമൊക്കെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. ഒരുവിധം ഫലം കാണുന്ന തലത്തിലേക്കാണ് അതും നീങ്ങുന്നത്. കബളിപ്പിക്കലുകള്‍ കൂടുതല്‍ നടക്കുന്ന മുംബൈ പോലെയുള്ള ഇടങ്ങളില്‍ മാറ്റം വരുത്തുന്നത് പ്രയോജനകരമാണ്. സെപ്റ്റംബര്‍ 13-ാം തീയതി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സമാനമായ ഒരു കോണ്‍ക്ലേവ് നടത്തി. നോര്‍ക്ക സംഘാടനത്തില്‍ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് നടത്തിയ ഈ പരിപാടിയും ഫലം കാണുമെന്നാണ് പ്രതീക്ഷ. നിയമാനുസൃതമല്ലാതെ നടക്കുന്ന റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ തൊഴിലന്വേഷകരുടെ ഭാഗത്തുനിന്നും ഒരു ശ്രമം ഉണ്ടാകണം. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ലൈസന്‍സ് കൊടുത്തിട്ടുള്ള ഇത്രയധികം ഏജന്‍സികളുണ്ട്. എക്‌സ്റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിയുടെതന്നെ ഒരു പോര്‍ട്ടല്‍ ഉണ്ട് (ലാശഴൃമലേ.ഴീ്.ശി). അതില്‍ അംഗീകൃത ഏജന്‍സികളുടെ ലിസ്റ്റ് ലഭിക്കുന്നതാണ്. ഇത് മനസ്സിലാക്കാതെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ സമീപിക്കുക വഴി ലക്ഷങ്ങള്‍ നല്‍കി പറ്റിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. ഒരാള്‍ 20,000രൂപയിലധികം നല്‍കി വിദേശത്ത് പോകരുതെന്നാണ് ഇന്ത്യയിലെ നിയമം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചേരുന്നതും ഇതിന്റെ പ്രയോജനം ലഭിക്കുന്നതുമെല്ലാം കുറവാണ്. ടീവിയിലൂടെയും മറ്റും സര്‍ക്കാര്‍ ബോധവല്‍കരണ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ശരിയായി ആളുകളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം. വിദ്യാഭ്യാസമില്ലാത്ത ആളുകളാണ് ഏറ്റവുമധികം കബിളിപ്പിക്കപ്പെടുന്നത്. ഇടനിലക്കാരായി നില്‍ക്കുന്നവര്‍ ഇതില്‍ നിന്ന് മുതലെടുക്കുകയാണ്. ഇത് കുറച്ചുകൊണ്ടുവരാന്‍ കഴിയണം.

മൈഗ്രേഷന്‍ ആഗ്രഹിക്കുന്നവരെ പലപ്പോഴും അതില്‍ നിന്നകറ്റുന്നത് അതിനുവേണ്ടിവരുന്ന ചെലവുകളാണ്. എത്രമാത്രം ചെലവുണ്ടിതില്‍?

1983യിലെ എമിഗ്രേഷന്‍ നിയമമനുസരിച്ച് മൈഗ്രേറ്റ് ചെയ്യുന്നതിന്റെ എല്ലാ ചെലവുകളും ഫോറിന്‍ എംപ്ലോയറാണ് വഹിക്കേണ്ടത്. ഇവിടുത്തെ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിന് 20,000രൂപ വാങ്ങാമെന്നാണ് നിയമം. സ്റ്റാഫ് കാറ്റഗറിയിലൊക്കെ ആണെങ്കില്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകളും നടക്കുന്നത് സൗജന്യമായിട്ടാണ്. അത്തരം സാഹചര്യങ്ങളില്‍ റിക്രൂട്ടമെന്റ് ഏജന്‍സിക്കുള്ള സര്‍വീസ് ചാര്‍ജ്ജെല്ലാം നല്‍കുന്നത് ക്ലയന്റ് തന്നെയാണ്.

സീഗളിന്റെ വിപുലീകരണ പദ്ധതികള്‍ എന്തെല്ലാമാണ്?

മിഡില്‍ ഈസ്റ്റിലേക്കൊക്കെയാണ് കൂടുതല്‍ റിക്രൂട്ട്‌മെന്റും നടക്കുന്നത്. പക്ഷെ മിഡില്‍ ഈസ്റ്റ് ഒരു ഓയില്‍ ഇക്കണോമിയാണ്. എന്നാല്‍ ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി പോലുള്ളവയിലേക്കുള്ള പരിണാമം കാര്യമായി നടക്കുമ്പോള്‍ എണ്ണയുടെ പ്രാധാന്യം കുറയും അതുകൊണ്ടുതന്നെ യുഎഇ ഒഴികെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള അവസരങ്ങള്‍ ഭാവിയില്‍ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊന്ന് ഇന്ത്യയുടെ ജനസംഖ്യയുടെ 65 ശതമാനം 35വയസില്‍ താഴെയുള്ളവരാണ്. ഇന്ത്യ ടു ബി ദ സ്‌കില്ലിംഗ് ക്യാപിറ്റല്‍ ഓഫ് ദ വേള്‍ഡ് എന്ന രീതിയിലാണ് രാജ്യത്തെ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത്. ആ തലത്തിലേക്ക് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കുറേ പരിപാടികള്‍ വരുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഡൊമസ്റ്റിക് റിക്രൂട്ട്‌മെന്റുകളിലേക്കും കടന്നിട്ടുള്ളത്.

Comments

comments