ഉള്‍നാടന്‍ ജലപാതാ വികസനത്തിന് സിയാലും സര്‍ക്കാരും ചേര്‍ന്ന് കമ്പനി രൂപീകരിക്കും: മുഖ്യമന്ത്രി

ഉള്‍നാടന്‍ ജലപാതാ വികസനത്തിന് സിയാലും സര്‍ക്കാരും ചേര്‍ന്ന് കമ്പനി രൂപീകരിക്കും: മുഖ്യമന്ത്രി

സിയാല്‍ ഓഹരിയുടമകള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 25 % ലാഭവിഹിതം നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം

കൊച്ചി: കോവളം മുതല്‍ കാസര്‍ഗോഡ് വരെ ഉള്‍നാടന്‍ ജലപാത വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപവല്‍്ക്കരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കമ്പനിയുടെ 49 % വീതം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിന്റെയും സിയാലിന്റെയും ഉടമസ്ഥതയിലായിരിക്കും. ബാക്കി രണ്ടുശതമാനം ചെറുകിട നിക്ഷേപകര്‍ക്ക് അനുവദിക്കും. സിയാലിന്റെ ഓഹരിയുടമകളുടെ 23ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഈ തീരുമാനം.

ഉള്‍നാടന്‍ ജലപാതയിലൂടെ യാത്രക്കാരുടെയും വലിയ തോതിലുള്ള ചരക്കുകളുടെയും നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി പ്രധാന ടൂറിസം, വാണിജ്യ കേന്ദ്രങ്ങളില്‍ ബോട്ട് ജെട്ടികള്‍, ഹോട്ടലുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കും. ടൂറിസം പാക്കേജുകള്‍ ഏറ്റെടുത്ത് നടത്തുവാനും ഉദ്ദേശ്യമുണ്ട്. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഉപകരിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

സിയാല്‍ അഭിമാനാര്‍ഹമായ നേട്ടമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചത്. സിയാലും ഉപകമ്പനിയായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വീസ് ലിമിറ്റഡും ചേര്‍ന്ന് 669.09 കോടി രൂപ മൊത്ത വരുമാനം നേടി. 179.45 കോടി രൂപയാണ് സിയാലിന്റെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 25.99 ശതമാനവുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച.

2003-04 സാമ്പത്തികവര്‍ഷം മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. ഇത്തവണ കൂടിയാകുമ്പോള്‍ മൊത്തം 203% ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് ലഭിക്കും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങാനായി. ദേശീയ പാതയില്‍ നിന്നുള്ള 4.3 കി.മി റോഡ് നാലുവരിയായി വികസിപ്പിച്ചു.

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറിയ സിയാലിന്റെ സൗരോര്‍ജ സ്ഥാപിതശേഷി 23.2 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തുകൂടിയുള്ള കനാലിന്റെ മുകളില്‍ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. സൗരോര്‍ജ പ്ലാന്റിന്റെ മൊത്തം ശേഷി 40 മെഗാവാട്ടായി ഉയര്‍ത്താനാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

7500 പേരാണ് നിലവില്‍ കൊച്ചി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നത്. അനുബന്ധ മേഖലകളിലായി 10,000 ത്തിലധികം പേര്‍ ജോലിചെയ്യുന്നു. ഇതുവഴി സിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നായി മാറിയിട്ടുണ്ട്. സിയാല്‍ ഓഹരിയുടമകള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 25 % ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശയ്ക്ക് യോഗം അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories