ബാറ്ററി പാക്കുകള്‍ മാറ്റിസ്ഥാപിക്കുന്ന വിദ്യയ്ക്ക് പേറ്റന്റ് തേടി ടെസ്‌ല

ബാറ്ററി പാക്കുകള്‍ മാറ്റിസ്ഥാപിക്കുന്ന വിദ്യയ്ക്ക് പേറ്റന്റ് തേടി ടെസ്‌ല

വാഹനങ്ങളിലെ ബാറ്ററി പാക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പതിനഞ്ച് മിനിറ്റ് സമയം പോലും വേണ്ടിവരില്ല

കാലിഫോര്‍ണിയ : വാഹനങ്ങളിലെ ബാറ്ററി പാക്കുകള്‍ മാറ്റിസ്ഥാപിക്കുന്ന വിദ്യയ്ക്ക് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല പേറ്റന്റിന് അപേക്ഷിച്ചു. പുതിയ സംവിധാനമനുസരിച്ച് വാഹനത്തിലെ ചാര്‍ജ് തീര്‍ന്ന ബാറ്ററി മാറ്റി ചാര്‍ജ് ചെയ്ത ബാറ്ററി സ്ഥാപിക്കുന്നതിന് ടെസ്‌ലയുടെ ടെക്‌നീഷ്യന്‍മാര്‍ക്ക് പതിനഞ്ച് മിനിറ്റ് പോലും വേണ്ട. ബാറ്ററി പാക്കുകള്‍ എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാവുന്ന ഈ വിദ്യയ്ക്കാണ് പേറ്റന്റിന് അപേക്ഷിച്ചിരിക്കുന്നത്. ടെസ്‌ലയുടെ മോഡല്‍ എസ്, മോഡല്‍ എക്‌സ് കാറുകളിലെ ബാറ്ററി പാക്കുകള്‍ മാറ്റിയ വിധവും പേറ്റന്റ് അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

ടെസ്‌ലയുടെ പുതിയ ട്രക്കിലും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും

ടെസ്‌ലയുടെ പുതിയ ട്രക്കിലും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം മുതല്‍ ഇലക്ട്രിക് സെമി ട്രക്ക് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടെസ്‌ല. ഈ സെപ്റ്റംബറില്‍ ട്രക്ക് അനാവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. അടുത്ത മാസം 26 ന് സിഇഒ ഇലോണ്‍ മസ്‌ക് ഇലക്ട്രിക് സെമി ട്രക്ക് അനാവരണം ചെയ്യുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ടെസ്റ്റ് റൈഡും ഉണ്ടായിരിക്കുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് സെമി ട്രക്കുകള്‍, പിക്കപ്പുകള്‍, ഹൈ-ഡെന്‍സിറ്റി പാസഞ്ചര്‍ വാഹനങ്ങള്‍ (ബസ്സുകള്‍ തുടങ്ങിയവ) എന്നിവ ഉള്‍പ്പെടുന്ന സുസ്ഥിര ഊര്‍ജ്ജ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുമെന്ന് ടെസ്‌ലയുടെ ഔദ്യോഗിക ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇലോണ്‍ മസ്‌ക് പോസ്റ്റ് ചെയ്തിരുന്നു. സൗരോര്‍ജ്ജ, ബാറ്ററി സംവിധാനത്തിലായിരിക്കും ഈ വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Auto