ശൈലീവല്ലഭരുടെ അതിജീവനം

ശൈലീവല്ലഭരുടെ അതിജീവനം

ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും പരിസ്ഥിതിപരവുമായ കാരണങ്ങളാലാണ് കേരളീയര്‍ അരിയാഹാരം പ്രധാന ഭക്ഷണമായിസ്വീകരിച്ചത്. അതിനെ വെല്ലുവിളിക്കുകയാണ് സത്യത്തില്‍ ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത്. ഫാസ്റ്റ്ഫുഡ് വിപ്ലവം നമ്മുടെ ആമാശയത്തിലും പിത്താശയത്തിലും വരുത്തുന്ന ഭംഗങ്ങളെക്കുറിച്ച് നാം അറിയുന്നില്ല.

‘വായുഃ പിത്തം കഫശ്ചേതി ത്രയോ ദോഷഃ സമാസത:
വികൃതാ വികൃതാ ദേഹം ഘ്‌നന്തി തെ വര്‍ത്തയന്തി ച
തെ വ്യാപിനോ’പി ഹൃന്നാഭ്യോരധോമദ്ധ്യോര്‍ധ്വ സംശ്രയാഃ
വയോ ഹോരാത്രിഭുക്താനാം തെ’ന്തമദ്ധ്യാദിഗാ: ക്രമാത്’

വായു, പിത്തം, കഫം എന്നിവ ശരീരത്തിന്റെ മൂന്ന് ദോഷങ്ങളാണ്. ഈ മൂന്ന് ദോഷങ്ങളും തമ്മിലുള്ള കൃത്യമായ സംതുലനം ആരോഗ്യത്തിലേക്കും അവയുടെ ഏറ്റക്കുറച്ചിലുകള്‍ അസുഖങ്ങളിലേക്കും നയിക്കും. ത്രിദോഷങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്; പക്ഷേ, അവയുടെ സാന്നിധ്യം പ്രകടമാവുന്നത് ചില
പ്രത്യേക ഭാഗങ്ങളിലാണ്. ശരീരത്തെ മൂന്ന് ഭാഗങ്ങളായി സങ്കല്‍പ്പിച്ചാല്‍, വയറിന് മുകളിലുള്ള ഭാഗം കഫത്താലും മേല്‍വയര്‍ പിത്തത്താലും അടിവയര്‍ വാതത്താലും കൂടുതല്‍ അധീശപ്പെട്ടിരിക്കുന്നു.
(അഷ്ടാംഗഹൃദയം)

ഒരു പ്രമുഖ റീട്ടെയ്ല്‍ ശൃംഖല അവരുടെ വിപണന ശ്രേണികളെ ആകെ രണ്ട് പ്രധാന കൈവഴികളായി തരംതിരിച്ചിരുന്നു: ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറുകളും വാല്യൂ സ്റ്റോറുകളും. ഓരോന്നിനും പതിനായിരക്കണക്കിന് രൂപ വില വരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ലക്ഷങ്ങളുടെ വാച്ചുകള്‍ മുതലായവയാണ് ലൈഫ്‌സ്‌റ്റൈല്‍സ്റ്റോറുകളിലുള്ളത്. എന്നാല്‍ ‘രണ്ടെടുത്താല്‍ ഒന്ന് സൗജന്യം’ പോലുള്ള, കൊടുക്കുന്ന പണം മുതലാവുന്ന തരം വസ്തുക്കളാണ് വാല്യൂ സ്റ്റോറുകളിലുള്ളത്. പണക്കാരന്‍ ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറില്‍ നിന്ന് അന്‍പതിനായിരം (ഉദാഹരണത്തിന്) രൂപയ്ക്ക് ഒരു സ്യൂട്ട് വാങ്ങിക്കുമ്പോള്‍ വാല്യൂ സ്റ്റോറില്‍ പോകുന്ന
സാധാരണക്കാരന് ആയിരം രൂപയുടെ രണ്ട് ഷര്‍ട്ടെടുക്കുമ്പോള്‍ ഒരെണ്ണം കൂടി സൗജന്യം കിട്ടുന്നു. ആ ‘ഫ്രീ’ യഥാര്‍ത്ഥത്തിലുള്ളതാണോ അതോ മൂന്നിന്റേയും കൂടിയുള്ള വില മര്യാദലാഭവും ചേര്‍ത്ത് ഓരോന്നിനും ആയി വിലയിട്ട്, അതില്‍ രണ്ടെണ്ണം ആറെണ്ണത്തിന്റെ വിലക്ക് വിറ്റ്, മൂന്നെണ്ണം കൊടുക്കുന്നതാണോ എന്നതെല്ലാം മറ്റൊരു പ്രശ്‌നം. പ്രായോഗിക ഫലത്തില്‍ രണ്ട് പേരും അവരവരുടേതായ നിലയില്‍ മാന്യമായി വസ്ത്രം ധരിക്കുന്നു. ശരീരം മറയ്ക്കുക എന്ന ധര്‍മ്മം മുടക്കില്ലാതെ രണ്ടിടത്തും നടക്കുന്നുണ്ട്.

അതിലധികം വരുന്ന മറ്റൊരു പരിണാമം കൂടിയുണ്ട്. ആയിരം രൂപക്ക് മൂന്നെണ്ണം ലഭിക്കുന്ന ഷര്‍ട്ട് സ്വാഭാവികമായും പരുത്തിത്തുണികൊണ്ട് നിര്‍മ്മിച്ചതായിരിക്കും. വടക്ക് കിഴക്കന്‍ സാനുക്കളിലുള്ളവരൊഴികെ മറ്റെല്ലാ ഇന്ത്യക്കാര്‍ക്കും ഇവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമായത് പരുത്തിവസ്ത്രങ്ങളാണ്. അത് വായു സഞ്ചാരം അനുവദിക്കുന്നു. അതിനാല്‍ ഉടുപ്പിനകത്ത് പുഴുകല്‍ അനുഭവപ്പെടുകയില്ല. ശരീരം ഉല്‍പ്പാദിപ്പിക്കുന്ന വിയര്‍പ്പ് അത് ഒപ്പിയെടുത്ത് ത്വക്ക് എപ്പോഴും ശുചിയാക്കിവയ്ക്കുന്നു.

ചൂട് കാലത്ത് ചൂടകറ്റിയും തണുപ്പ് കാലത്ത് ചൂട് പകര്‍ന്നും അത് ശരീരത്തെ സംരക്ഷിക്കുന്നു. ഒരു സസ്യോല്‍പ്പന്നമാണ് പരുത്തി. എന്നാല്‍ മൃഗ രോമം കൊണ്ടോ, ഉണ്ടാക്കിത്തന്ന പുഴുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്ന് കിട്ടുന്ന നാരുകൊണ്ടോ നിര്‍മ്മിക്കുന്ന സ്യൂട്ട് ഇവിടത്തെ കാലാവസ്ഥയില്‍ ധരിക്കുമ്പോള്‍ വസ്ത്രത്തിനകത്ത് ചൂടും വിയര്‍പ്പും അഴുക്കും തങ്ങിനിന്ന് ശരീരം ആരോഗ്യം വെടിയുന്നു. അതിനാണ് നാം വന്‍വില നല്‍കുന്നത്. വാതായനങ്ങളടച്ച് കാറ്റോട്ടം നിലപ്പിച്ച് പ്രകൃതിയില്‍ നിന്ന് പൂര്‍ണ്ണമായും വിഘടിപ്പിച്ച ഓഫീസ് മുറികളില്‍ ശീതസമീകൃത സ്വാസ്ഥ്യങ്ങള്‍ ഒരുക്കി അതിനകത്ത് ചെറുശ്ശേരി എഴുതിയ ‘കാര്‍പ്പാസം കൊണ്ടുള്ള കൂര്‍പ്പാസം’ ധരിച്ചിരിക്കുന്നു നമ്മള്‍. അതിന്റെ പേര് ലൈഫ്‌സ്‌റ്റൈല്‍; ജീവിതശൈലി !

ജീവിതത്തിന്റെ ശൈലിയില്‍ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി വളരെ വലിയ മാറ്റമാണ് രാജ്യമൊട്ടാകെ നഗര പ്രദേശങ്ങളിലും, നഗരഗ്രാമ ഭേദമില്ലാതെ കേരളത്തില്‍ വിശേഷിച്ചും വന്നിട്ടുള്ളത്. പൂര്‍ണ്ണമായും നഗരങ്ങളല്ലാത്ത, എന്നാല്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെ ഒറ്റനഗരമെന്നും കരുതാവുന്ന ഒരു പ്രത്യേകതരം ഭൂമിശാസ്ത്രമാണ് കേരളത്തിനുള്ളത്. അതില്‍, കായല്‍ നികത്തി നിര്‍മ്മിച്ച എറണാകുളത്തെ രണ്ട് റോഡുവക്കുകളില്‍ താമസിക്കുന്നവരല്ലാതെ മറ്റധികം പേരുംസ്വന്തം ഉപയോഗത്തിനുള്ള നെല്ലും പച്ചക്കറിയും, ഉള്ളനാഴൂരിമണ്ണിലാണെങ്കിലും, വിത്തെറിഞ്ഞ് വിളവെടുത്തു.

സംസ്ഥാന രൂപീകരണം നടന്ന 1956ല്‍ 7.6 ലക്ഷം ഹെക്റ്റര്‍ നെല്‍ക്കൃഷിയുണ്ടായിരുന്നത് 1970 ആയപ്പോള്‍ 8.8 ലക്ഷം ഹെക്റ്റര്‍ ആയി വര്‍ധിച്ചിരുന്നു. എന്നാല്‍ 1970ലെ ഭൂപരിഷ്‌കരണത്തിന് ശേഷം, കൃഷിഭൂമി കര്‍ഷകന് ലഭിച്ചപ്പോള്‍, നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലം ചുരുങ്ങിച്ചുരുങ്ങി വരാന്‍ തുടങ്ങി. വയലുകള്‍ ഉണ്ടായിരുന്നിടത്ത് വീടുകളും ടൗണ്‍ഷിപ്പുകളും ഷോപ്പിംഗ് മാളുകളും മള്‍ട്ടിപ്ലക്‌സുകളും ഉയര്‍ന്നു. ഭൂപരിഷ്‌കരണം വെറും പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍, 1980ല്‍ 8.5 ലക്ഷം ഹെക്റ്ററിലായി നെല്‍ക്കൃഷി കുറഞ്ഞു. പിന്നീട് കുറയലിന്റെ വേഗം കൂടി. 1990ല്‍ 5.6 ലക്ഷമായി കുറഞ്ഞത് 2001 ആയപ്പോള്‍ 3.2 ലക്ഷവും 2008ല്‍ 2.3 ലക്ഷവുമായി. ഒടുവില്‍ കണക്ക് ലഭിച്ച 2014ല്‍ 1.99 ലക്ഷം മാത്രം. എണ്‍പതുകളുടെ മധ്യത്തില്‍ അയ്യപ്പപ്പണിക്കര്‍ എഴുതിയ പോലെ, ‘നെല്ലറയായുള്ള കുട്ടനാട്ടില്‍ നേപ്പാളരിവന്ന് കഞ്ഞി വീഴ്ത്താ’ന്‍ തുടങ്ങിയപ്പോള്‍, അതൊരു സൗകര്യമായിട്ടാണ് നാം കണ്ടത്. മലമടക്കിലുദിച്ച സൂര്യന്റെ ചൂടിലും മഴനീരില്‍ കുതിര്‍ന്ന മണ്ണിന്റെ കുളിരിലും പണ്ട് ആശ്വാസം കണ്ടിരുന്ന നമ്മള്‍ ആദ്യം കിഴക്ക് മലയിടിച്ചു. ആ മണ്ണിട്ട് പടിഞ്ഞാറെ വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എല്ലാം നികത്തി. എന്നിട്ട്
അംശം അധികാരിക്ക് മുന്നില്‍, ഫര്‍ക്ക തുക്ടിക്ക് മുന്നിലെല്ലാം തോര്‍ത്ത് അരയില്‍ കെട്ടി പഞ്ചപുച്ഛമടക്കി നിന്നു; പണ്ട് പാട്ടമളക്കാന്‍ പോയി നിന്ന അതേനില്‍പ്പ്. ‘നിലം’ ‘കര’യാക്കി മാറ്റിയ നീട്ട്, തണ്ടപ്പേര്‍ തിരുത്തി, തുല്യം
ചാര്‍ത്തിക്കിട്ടാന്‍. അംശവീതം വിധിയാംവണ്ണം എത്തിയപ്പോള്‍ ഏത് കായലും കരഭൂമിയായി മാറി, രേഖകളില്‍. പണത്തിന്റെ മീതെ ഒരു കൊടിയും പറന്നില്ല. രേഖ തിരുത്താത്ത പഴയ നിലത്തിന്റെ കണക്കാണ് മേല്‍പ്പറഞ്ഞ 1.99 ലക്ഷം ഹെക്റ്റര്‍. അവിടെ മുഴുവന്‍ നെല്‍ക്കൃഷി ഇന്നില്ല. രേഖയില്‍ കാണിക്കാതെ തന്നെ ഇതില്‍ നല്ലൊരു ഭാഗം നികന്നുകഴിഞ്ഞു. കെട്ടിടം കെട്ടാന്‍ മാത്രമാണ് കേരള ഭൂവിനിയോഗനിയമത്തിന്റെ അടിസ്ഥാനത്തില്‍ ‘കര’ എന്ന് കാണിച്ച് രേഖകള്‍ മാറ്റുന്നത്.

നെല്‍ക്കൃഷിയിടം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് രേഖകളില്‍ ഇതുവരെ വന്നിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ 30000 ഹെക്റ്ററില്‍ താഴെ സ്ഥലത്ത് മാത്രമേ ഇരുപ്പൂ (ഗോസായിമാര്‍ ഖാരിഫ് എന്നും റാബി എന്നും പറയുന്ന’വിരിപ്പ്’, ‘മുണ്ടകന്‍’) നെല്‍ക്കൃഷി ഇന്ന് നടക്കുന്നുള്ളൂ. ഭൂപരിഷ്‌കരണ നിയമം ഭൂമിയെ പരിഷ്‌കരിക്കുന്ന നിയമമായി മാറി. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ
കരട് ഭൂനയ ബില്ല് ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അതിന് തടയിടാനുള്ള വകുപ്പുകള്‍ ചേര്‍ത്തിരുന്നു എന്നാണറിവ്. പിന്നീട് 69ല്‍ ഭൂപരിഷ്‌കരണ ബില്ല് വരുന്നതിനിടയില്‍ കിള്ളിയാറിലൂടെ ഒരുപാട് ജലം ഒഴുകിപ്പോയിരുന്നു; രാഷ്ട്രീയസമവാക്യങ്ങള്‍ ഒരുപാട് തിരുത്തിയെഴുതപ്പെട്ടിരുന്നു. നെല്‍ക്കൃഷിചുരുങ്ങുന്നതിനെതിരെ വ്യാകുലപ്പെട്ട് വാളെടുത്ത് വെട്ടിനിരത്താന്‍ തുനിഞ്ഞ ഒരു പിതാമഹന്‍ ഇടക്കിടെ പറയാറുണ്ട്: ‘അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ഞാന്‍ പറയുന്നത് മനസിലാവും’. പക്ഷേ, അദ്ദേഹം പറയുന്നത് ആര്‍ക്കും മനസിലാവുന്നില്ല. കാരണം മലയാളി അരിയാഹാരം നിര്‍ത്തിയതാവാം.

എന്നിട്ട് നമുക്ക് വല്ലതും സംഭവിച്ചോ? ഒരു സിനിമയില്‍ മാമുക്കോയയുടെ കഥാപാത്രം പറയുന്ന പോലെ, ‘ഇതിലും വലിയ സുനാമിയും ഭൂകമ്പവും വന്നിട്ട് നമ്മള്‍ നേരിട്ടില്ലേ?’ ആരോഗ്യത്തിന് ഗോതമ്പാണ് നല്ലത് എന്ന ഒരു
പ്രഖ്യാപനം നമ്മളങ്ങ് നടത്തി. അപ്പോള്‍ നമ്മുടെ ഉത്തരവാദിത്തം ‘തിന്നുക’എന്ന കര്‍മ്മത്തിലേക്ക് ഒതുങ്ങുമല്ലോ; വിളവെടുപ്പ് പഞ്ചാബി അവിടെനടത്തിക്കോളും. ഹിന്ദി അറിയാത്ത അപൂര്‍വം ചിലര്‍ ചപ്പാത്തി തിന്നാറില്ലെന്ന് മാത്രം. പിന്നെ നമുക്ക് പിസാഹട്ട് വന്നു, മക്‌ഡൊണാള്‍ഡ്‌സ് വന്നു, സബ് വേ വന്നു, സിസിഡി വന്നു, കെഎഫ്‌സി വന്നു, ഫാസോസ് വന്നു, ഡോമിനോസ് വന്നു. ആംബുലന്‍സിനേക്കാള്‍ ശരവേഗത്തില്‍ പിസ വീട്ടില്‍ വരുമ്പോള്‍ പാക്കറ്റില്‍ വീട്ടിലെത്തിയത് വികസനം കട്ടിക്കടലാസ് കൂടില്‍ പൊതിഞ്ഞ് കൊടുത്തയച്ചതെന്നേ നമ്മള്‍ മനസിലാക്കുന്നുള്ളൂ. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും പരിസ്ഥിതിപരവുമായ കാരണങ്ങളാലാണ് കേരളീയര്‍ അരിയാഹാരം പ്രധാന ഭക്ഷണമായി സ്വീകരിച്ചത്. അതിനെ വെല്ലുവിളിക്കുകയാണ് സത്യത്തില്‍ ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത്. ഫാസ്റ്റ്ഫുഡ് വിപ്ലവം നമ്മുടെ ആമാശയത്തിലും പിത്താശയത്തിലും വരുത്തുന്ന ഭംഗങ്ങളെക്കുറിച്ച് നാം അറിയുന്നില്ല.

ഉത്തരേന്ത്യക്കാര്‍ അത്താഴം കഴിഞ്ഞാല്‍ അര മണിക്കൂറെങ്കിലും നടക്കാറുണ്ട്. നമ്മള്‍ ആ സമയവും കൂടി ടിവി ചര്‍ച്ച കണ്ടുകൊണ്ടിരിക്കും. എന്നിട്ട് രാവിലെ കാറെടുത്ത് നടക്കാന്‍ ‘പോകും’. മധുരപ്രിയരായ ഉത്തരേന്ത്യക്കാരേക്കാള്‍കേരളീയര്‍ക്ക് പ്രമേഹരോഗം കൂടുതലുള്ളത് ശരീരാധ്വാനത്തോടുള്ള നമ്മുടെ വിരക്തിയാണ്. അവര്‍ എന്തും ഏതും ആഘോഷിക്കാന്‍ സമൂഹമായി നൃത്തം ചെയ്യും.

ഇത്രയും ഫലപ്രദമായ മറ്റൊരു കായികാധ്വാനം വേറെയില്ല. നമുക്ക് ആഘോഷിക്കണമെങ്കില്‍ ‘വീരഭദ്രന്‍’ വേണം. അറിയാവുന്ന നൃത്തം പാമ്പാട്ടവും. അരകിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കാറോ ബൈക്കോ എടുക്കുന്ന, ഓട്ടോ പിടിക്കുന്ന നമ്മള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ സിക്‌സ് പാക്ക് കിട്ടാന്‍ കൊതിക്കുന്നു. ചിലര്‍ അതിനായി ജിമ്മില്‍ പോയി ഉത്തേജക മരുന്നുകള്‍ കഴിച്ച് അതികഠിനമായി വര്‍ക്ക്ഔട്ട് ചെയ്ത് പുരുഷനാഡികളെ തളര്‍ത്തുന്നു.

ആരോഗ്യയുക്തമായ കാഴ്ച്ചയ്ക്ക്, വായിക്കുന്ന പത്രം അല്ലെങ്കില്‍ പുസ്തകം പന്ത്രണ്ട് ഇഞ്ച് ദൂരെ പിടിക്കണം. മൊബീല്‍ സാധാരണ നമ്മള്‍ ആറിഞ്ച് ദൂരെ മാത്രമാണ് പിടിക്കുന്നത്. എപ്പോഴും മൊബീലില്‍ കണ്ണ് നട്ടിരിക്കുന്ന നമ്മള്‍ കണ്ണിന്റെ ക്ഷീണം തിരിച്ചറിയുന്നില്ല. അറിയണമെങ്കില്‍, അര മണിക്കൂര്‍ മൊബീലില്‍
നോക്കിയ ശേഷം ഉടനെത്തന്നെ ദൂരെയുള്ള എന്തെങ്കിലും വായിക്കാന്‍ ശ്രമിച്ചാല്‍മതി; മറ്റവസരങ്ങളില്‍ വ്യക്തമായി കണ്ടിരുന്ന അക്ഷരങ്ങള്‍ ഇപ്പോള്‍ വ്യക്തമായി കാണുകയില്ല. അതുപോലെയാണ് ടിവിയും. പന്ത്രണ്ട് അടി ദൂരെ വേണം ടിവി സ്‌ക്രീന്‍. എന്നാല്‍, സീരിയലായാലും ക്രിക്കറ്റായാലും കൂടുതല്‍ ‘ഉള്‍ക്കൊണ്ട്’ കൊണ്ട് ആസ്വദിക്കാനാവണം, നമ്മള്‍ സ്‌ക്രീനിന് തൊട്ടുമുന്‍പിലാണ് വാപൊളിച്ചിരിക്കുന്നത്. മുരുകന്‍ കാട്ടാക്കട ‘മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം’ എന്ന് എഴുതിയത് വളരെ കാല്‍പ്പനികമായ പശ്ചാത്തലത്തില്‍ വേണം
വായിക്കാന്‍. പക്ഷേ, നമ്മുടെ കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഇത് ഭൗതികമായി ആവശ്യപ്പെടുന്നു.

ആദ്യം പറഞ്ഞ മൂന്ന് വിഭാഗം രോഗങ്ങള്‍ക്കൊപ്പം നമ്മള്‍ ഒന്നുകൂടെ ഔപചാരികമായി എഴുതിച്ചേര്‍ത്തു: ജീവിതശൈലീരോഗങ്ങള്‍. ശൈലി എന്ന പദം സാധാരണയായി വളരെ ധനാത്മകമായി ഉപയോഗിക്കുന്നതാണ്. അതിന് ഇപ്പോള്‍ അര്‍ത്ഥ അപചയം വന്നിരിക്കുന്നു. നമ്മുടെ മനസിനകത്തുള്ള വാല്യൂ സ്റ്റോറുകള്‍ അടഞ്ഞിരിക്കുന്നു. അതാണ് ആരോഗ്യപരവും ധാര്‍മികപരവുമായ മൂല്യച്യുതിക്ക് കാരണം. നമ്മുടെ അതിജീവനം വളരെ ദുഷ്‌കരമാവുകയാണ്.

പിന്‍കുറിപ്പ്: ഭൂപരിഷ്‌കരണത്തിന്റെ രക്തസാക്ഷികള്‍ അന്നത്തെ കുത്തക ജന്മിമാര്‍ മാത്രം ആണെന്നാണ് പൊതുവില്‍ വിചാരം. ഒളപ്പമണ്ണ’നിങ്ങളീപ്പറച്ചോടും വാരുവിന്‍ സഖാക്കളേ, ഞങ്ങളില്‍ തിളയ്ക്കുന്ന
വെള്ളമാവട്ടെ ബാക്കി’ എന്നെഴുതിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ രക്തസാക്ഷികള്‍ കേരളത്തിലെ പ്രകൃതിയും പരിസ്ഥിതിയുമാണ്.

(മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special, Slider