ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്രയും ഫോഡും സഖ്യം സ്ഥാപിച്ചു

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്രയും ഫോഡും സഖ്യം സ്ഥാപിച്ചു

ഇലക്ട്രിക് വാഹനങ്ങള്‍, കണക്റ്റഡ് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇരു കമ്പനികളും ഒരുമിച്ചു പ്രവര്‍ത്തിക്കും

മുംബൈ : യുഎസ് കാര്‍ നിര്‍മ്മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനിയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സഖ്യത്തിലേര്‍പ്പെട്ടു. ഇലക്ട്രിക് വാഹനങ്ങള്‍, കണക്റ്റഡ് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചുനീങ്ങാനാണ് ഇരു കമ്പനികളുടെയും തീരുമാനം. മൂന്ന് വര്‍ഷത്തേയ്ക്ക് ഇരു കമ്പനികളും സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. തന്ത്രപരമായ സഹകരണം തുടരണമോയെന്ന കാര്യം മൂന്ന് വര്‍ഷത്തിനുശേഷം തീരുമാനിക്കും.

മൊബിലിറ്റി പ്രോഗ്രാമുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, കണക്റ്റഡ് വാഹന പ്രോജക്റ്റുകള്‍ എന്നിവ കൂടാതെ ഉല്‍പ്പന്ന വികസനം, സോഴ്‌സിംഗ്, വാണിജ്യപരമായ കാര്യക്ഷമത, വിതരണം എന്നീ മേഖലകളിലും ഇന്ത്യയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് പുതിയ കരാര്‍ ഫോഡിനെയും മഹീന്ദ്രയെയും അനുവദിക്കും. ഇന്ത്യയിലും വളര്‍ന്നുവരുന്ന മറ്റ് വിപണികളിലും സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഫോഡിനും ഇന്ത്യയ്ക്ക് പുറത്ത് വളരാന്‍ മഹീന്ദ്രയെയും ഇപ്പോഴത്തെ സഖ്യം സഹായിക്കും.

സംയുക്ത നിക്ഷേപം, ചെലവ് ചുരുക്കല്‍, സാങ്കേതികവിദ്യകളുടെ പങ്കിടല്‍ എന്നിവയും ഇരു കമ്പനികള്‍ക്കുമിടയില്‍ നടക്കും

ലോകത്തെ അഞ്ചാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയില്‍ മികച്ച വാഹനങ്ങളും സര്‍വീസുകളും കാഴ്ച്ചവെയ്ക്കാന്‍ സഖ്യം ഉപകരിക്കുമെന്ന് ഫോഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് പ്രസിഡന്റുമായ ജിം ഫാര്‍ലി പറഞ്ഞു. ആഗോളതലത്തില്‍ മറ്റ് വളര്‍ന്നുവരുന്ന വിപണികളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പുതിയ ബന്ധം വഴിയൊരുക്കുമെന്ന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന് നല്‍കിയ പ്രസ്താവനയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കി.

സംയുക്ത നിക്ഷേപം, ചെലവ് ചുരുക്കല്‍, സാങ്കേതികവിദ്യകളുടെ പങ്കിടല്‍ എന്നിവയും ഇരു കമ്പനികള്‍ക്കുമിടയില്‍ നടക്കും. ഫോഡ് ഇതുവരെ ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. വിപണിയിലെ പുതിയ പ്രവണതകള്‍ മുന്‍കൂട്ടി അറിയുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയും പ്രധാനമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു.

Comments

comments

Categories: Auto