എയര്‍ ഇന്ത്യക്ക് പാട്ടത്തിന് നല്‍കിയ ആസ്തികള്‍ സര്‍ക്കാര്‍ വില്‍ക്കും

എയര്‍ ഇന്ത്യക്ക് പാട്ടത്തിന് നല്‍കിയ ആസ്തികള്‍ സര്‍ക്കാര്‍ വില്‍ക്കും

52000 കോടി രൂപയുടെ ആകെ ബാധ്യതയുണ്ട് എയര്‍ ഇന്ത്യക്ക്. ഇതില്‍ പ്രവര്‍ത്തന മൂലധന വായ്പയുടെ വകയില്‍ മാത്രം 33,000 കോടി രൂപ വരും. അറ്റാദായത്തിന്റെ 21 ശതമാനമായ 4,500 കോടി രൂപയാണ് ഇതിന്റെ വാര്‍ഷിക പലിശ

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യക്ക് വാടകയ്ക്ക് നല്‍കിയ റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം.

എയര്‍ ഇന്ത്യയുടെ കൈവശമുള്ള ചില ആസ്തികള്‍ 99 വര്‍ഷത്തെ പാട്ടത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളവയാണ്. സ്വന്തം ഉടമസ്ഥതയിലെ സ്വത്തുക്കള്‍ സര്‍ക്കാരിന് തന്നെ തിരിച്ചെടുക്കാം. എയര്‍ ഇന്ത്യയുടെ പ്രതിനിധിയെന്ന നിലയില്‍ അവ വില്‍ക്കുകയും ചെയ്യാം-വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡെല്‍ഹി നഗരവികസന മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വസ്തുവകകള്‍ ഇതിനകം തന്നെ തിരിച്ചറിഞ്ഞതായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കൊണാട്ട് പ്ലേസിന് സമീപമുള്ള ബാബ ഖരക് സിംഗ് മാര്‍ഗിലെ നാല് ഏക്കര്‍ ഭൂമിയും വസന്ത് വിഹാറിലെ റസിഡന്‍ഷ്യല്‍ കോളനിയുമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതില്‍ തിരിച്ചറിഞ്ഞവ. ഇവ 99 വര്‍ഷത്തേക്കാണ് ഇവ പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഈ ആസ്തികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം കടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കും- എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വസന്ത് വിഹാര്‍ റസിഡന്‍ഷ്യല്‍ കോളനിയെ എന്‍ബിസിസി ലിമിറ്റഡിന് കൈമാറ്റം ചെയ്യാനാണ് ശ്രമം. കൊണാട്ട് പ്ലേസിന് സമീപമുള്ള ബാബ ഖരക് സിംഗ് മാര്‍ഗിലെ ഭൂമിയുടെ കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.

ലോകത്തിന്റെ പലഭാഗങ്ങളില്‍ എയര്‍ ഇന്ത്യക്ക് ആസ്തികളുണ്ട്. കമ്പനിയുടെ ഏകദേശം 5000 കോടി രൂപ വരുന്ന സമ്പാദ്യം കടം വീട്ടാന്‍ ഉപയോഗിക്കും. ഉടമസ്ഥതാ തര്‍ക്കമടക്കം വിവിധ കാരണങ്ങളാല്‍ 1000 കോടി രൂപയോളം മാത്രമേ എയര്‍ ഇന്ത്യക്ക് സമ്പാദിക്കാന്‍ സാധിച്ചിട്ടുള്ളു. 52000 കോടി രൂപയുടെ ആകെ ബാധ്യതയുണ്ട് എയര്‍ ഇന്ത്യക്ക്. ഇതില്‍ പ്രവര്‍ത്തന മൂലധന വായ്പയുടെ വകയില്‍ മാത്രം 33,000 കോടി രൂപ വരും. അറ്റാദായത്തിന്റെ 21 ശതമാനമായ 4,500 കോടി രൂപയാണ് ഇതിന്റെ വാര്‍ഷിക പലിശ.

എയര്‍ ഇന്ത്യയുടെ ബാധ്യത പുനഃസംഘടിപ്പിക്കാനുള്ള മറ്റു മാര്‍ഗങ്ങളും കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചുവരുന്നു. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങളെ വെവ്വേറെ വിറ്റുകൊണ്ട് അതില്‍ നിന്നുള്ള പണം ഉപയോഗിച്ച് മറ്റ് ചിലതിനെ വീണ്ടെടുക്കുകയെന്നതും പദ്ധതികളില്‍പ്പെടുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി യുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുന്നത്. എയര്‍ ഇന്ത്യയുടെ വിഹിതത്തിന്റെ കാര്യത്തില്‍ ഏത് മാതൃക വേണമെന്ന് ഇതുവഴി തീരുമാനിക്കും.

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസിനെ ഏറ്റെടുക്കാന്‍ ഇന്‍ഡിഗോ താല്‍പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. സ്വകാര്യ നിക്ഷേപകരില്‍ ചിലരും കമ്പനിയുടെ ഓഹരിവാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായറിയുന്നു. വിസ്താര, എയര്‍ ഇന്ത്യ എന്നിവയില്‍ ഓഹരി പങ്കാളിത്തമുള്ള ടാറ്റ ഗ്രൂപ്പും എയര്‍ ഇന്ത്യയില്‍ കണ്ണുവെയ്ക്കുന്നുണ്ട്.

Comments

comments

Categories: Business & Economy